തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയം ചര്‍ച്ച ചെയ്തു ജനങ്ങളോടു വോട്ടു ചോദിക്കാന്‍ പ്രതിപക്ഷത്തിന് ഭയമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പേരൂര്‍ക്കട ജംക്ഷനില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചക്കെടുത്താല്‍ ഭരണപക്ഷത്തെ മാത്രമല്ല പ്രതിപക്ഷത്തെയും ജനങ്ങള്‍ വിലയിരുത്തും. ഇതിനെയാണു സിപിഎം ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഭയപ്പെടുന്നത്. ജനങ്ങള്‍ ആഗ്രഹിക്കുന്ന പ്രവര്‍ത്തനം നടത്താന്‍ ഇതുവരെ പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് അവരുടെ സമരങ്ങള്‍ക്ക് ആളെ കിട്ടാത്തതും തുടര്‍ച്ചയായി പരാജയപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സത്യത്തില്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടി ജനങ്ങളില്‍ നിന്നും ജനകീയ വിഷയങ്ങളില്‍ നിന്നും അകലുകയാണ്. അതുകൊണ്ടുതന്നെ സഹിഷ്ണുത നഷ്ടപ്പെട്ട അവര്‍ വ്യക്തിഹത്യയുമായി മുന്നോട്ടു പോവുകയാണ്. കോണ്‍ഗ്രസുകാരായ എത്രപേരെയാണു സിപിഎം തങ്ങളുടെ സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോ യുഡിഎഫോ അസഹിഷ്ണുതയോടെ എന്തെങ്കിലും പ്രവര്‍ത്തനം നടത്തിയോ. അവരുടെ വീടുകളെ ഉപരോധിക്കുകയോ അവരെ കായികമായി നേരിടുകയോ ചെയ്തിട്ടില്ല. എന്നാല്‍ തങ്ങളുടെ പാര്‍ട്ടി വിടുന്നവരെ കായികമായി ആക്രമിച്ചു കൊലചെയ്യാനാണ് സിപിഎം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: