ചേര്‍ത്തല: മോട്ടോര്‍ വാഹനവകുപ്പ് അരൂര്‍-ചേര്‍ത്തല ദേശിയപാതയില്‍ നടപ്പാക്കി വിജയിച്ച ഓട്ടോമേറ്റഡ് എന്‍ഫോഴ്സ്മെന്റ് സംവിധാനം ചേര്‍ത്തല മുതല്‍ മഞ്ചേശ്വരം വരെ ദീര്‍ഘിപ്പിച്ചു. സംസ്ഥാനതല കണ്ട്രോള് റൂമിന്റെ പ്രവര്‍ത്തനം എറണാകുളം സിവില്‍ സ്റ്റേഷനില്‍ ആരംഭിച്ചു.
ചേര്‍ത്തല മുതല്‍ അരൂര്‍ വരെയാണ് ആദ്യമായി ദേശിയപാതയില്‍ ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തി നിയമലംഘകരെ കുടുക്കി തുടങ്ങിയത്. പദ്ധതി ആരംഭിച്ചത് മുതല്‍ റോഡ് അപകടങ്ങള്‍ ഗണ്യമായി കുറഞ്ഞു. ഇതേത്തുടര്‍ന്ന് ചേര്‍ത്തല മുതല്‍ മണ്ണൂത്തി വരെ ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം വ്യാപിപ്പിച്ചു. ഈ ഭാഗങ്ങളില്‍ ദേശിയപാതയില്‍ അപകടങ്ങള്‍ കുറയുകയും ഡ്രൈവര്‍മാര്‍ ഇവിടെ നിശ്ചയിച്ചിട്ടുള്ള വേഗത്തില്‍ മാത്രം ഓടിക്കുകയും ചെയ്തു.
ദേശിയപാതയില്‍ ആദ്യഘട്ടത്തില്‍ 57 ക്യാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ആകെ 147 ക്യാമറകള്‍ സ്ഥാപിക്കും. ഇതിലൂടെ അമിതവേഗത, സിഗ്നല്‍ അവഗണിക്കല്‍, മൊബെയില്‍ പോണ് ഉപയോഗം, ഹെല്‍മറ്റ് ധരിക്കാതിരിക്കല്‍, മൂന്നോ അതിലധികമോ പേര് കയറുന്ന മോട്ടോര്‍ സൈക്കിള്‍ ഉപയോഗം, ലെയിന്‍ ട്രാഫിക്ക് ലംഘനം, അംഗീകൃതമല്ലാത്ത രീതിയില്‍ പ്രദര്‍ശിപ്പിക്കുന്ന രജിസ്ട്രേഷന് നമ്പര്‍ പ്ലേറ്റുകള്‍, അപകടകരമായ രീതിയില്‍ ലോഡ് കയറ്റുന്നത് തുടങ്ങിയ നിയമലംഘനങ്ങള്‍ക്കെതിരെ എറണാകുളത്തെ കേന്ദ്ര ഓഫീസിലിരുന്ന് കണ്ടെത്തി നടപടി സ്വീകരിക്കാന്‍ കഴിയും.
ആദ്യഘട്ടത്തില്‍ ഏഴ് ഓപ്പറേറ്റര്‍മാര്‍ പകല്‍ മുഴുവന്‍ ക്യാമറകളില്‍ നിന്ന് എത്തുന്ന ചിത്രങ്ങള്‍ നിരീക്ഷിക്കാനുണ്ടാകും. രണ്ടാംഘട്ടത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഇതോടെ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന പോലീസിന്റെ കണ്ട്രോള് റൂം എറണാകുളത്തെ കണ്ട്രോള് റൂമുമായി ബന്ധിച്ച് പാറശാല മുതല്‍ മഞ്ചേശ്വരം വരെ ഒറ്റ കണ്ട്രോള് റൂമിന്റെ പരിധിയിലാക്കും. കേരളാ റോഡ് സേഫ്റ്റി അതോറിറ്റി കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അതിവേഗ ബ്രോഡ്ബാന്റ് സംവിധാനത്തിലൂടെ ക്യാമറകള്‍ തത്സമയ നിയമലംഘന ചിത്രങ്ങളും വീഡിയോകളും കണ്ട്രോള് റൂമില്‍ എത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: