പത്തനംതിട്ട: ആസ്തിയും ബാധ്യതയും വര്‍ദ്ധിച്ച് നിലവിലുള്ള എം.പിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ആന്റോ ആന്റണി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച കണക്കുകളെ അടിസ്ഥാനമാക്കി ഇപ്പോള്‍ ആസ്തി വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും അതിന് ആനുപാതികമായി ബാധ്യതയും വര്‍ദ്ധിച്ചതായാണ് ഇപ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വെളിപ്പെടുത്തല്‍ അനുസരിച്ച് ആന്റോ ആന്റണിക്ക് ജംഗമ ആസ്തിമൂല്യം 21,49,323.86 രൂപയാണ്. സ്ഥാവര ആസ്തിമൂലം 10,21,440 രൂപയായി രേഖപ്പെടുത്തിയിരിക്കുന്നു. കൈവശമുള്ള അന്‍പതിനായിരം രൂപയും 1,65,898.86 രൂപ ബാങ്ക് നിക്ഷേപവും ജംഗമ ആസ്തിയില്‍ ഉള്‍പ്പെടും. ഭാര്യയുടെ പേരില്‍ 11,23,961.99 രൂപയുടെ ജംഗമസ്വത്തുക്കളും 10,00,160 രൂപയുടെ സ്ഥാവര സ്വത്തുക്കളും ഉണ്ട്. എന്നാല്‍ കണക്കുകള്‍പ്രകാരം 42,11,050 രൂപയുടെ ബാദ്ധ്യതയും ഉള്ളതായി പറയുന്നു.
കഴിഞ്ഞ തവണ മത്സരിക്കുമ്പോള്‍ സ്വന്തം പേരില്‍ 3.52 ലക്ഷത്തിന്റേയും ഭാര്യയുടെ പേരില്‍ രണ്ട് കാറ് ഉള്‍പ്പെടെ 9.81 ലക്ഷം രൂപയുടേയും കണക്കുകളാണ് ആന്റോ ആന്റണി കാണിച്ചിരുന്നത്. കൈവശമായി പതിനായിരം രൂപയാണ് ഉണ്ടായിരുന്നത്. വിവിധ ബാങ്കുകളിലായി 35662 രൂപാ നിക്ഷേപവും എല്‍ഐസിയില്‍ 38750 രൂപാ,32 ഗ്രാം സ്വര്‍ണ്ണം, 2.32 ലക്ഷം വിലമതിക്കുന്ന കൃഷിഭൂമിയും സ്വത്തുകളില്‍ ഉള്‍പ്പെടുന്നതായാണ് അന്നത്തെ രേഖകള്‍ സൂചിപ്പിക്കുന്നത്. ഇതിന് പുറമേ ഭാര്യയുടെ കൈവശം 5000 രൂപയും വിവിധ ബാങ്കുകളില്‍ 46939 രൂപാ നിക്ഷേപവും ഉള്ളതായി പറഞ്ഞിരുന്നു. ഇതുകൂടാതെ പോസ്റ്റോഫീസില്‍ ആര്ഡിയായും വിവിധ ഇന്‍ഷ്വറന്‍സ് കമ്പനികളില്‍ നിക്ഷേപവും 120 ഗ്രാം സ്വര്‍ണ്ണവും 2.28 ലക്ഷം വിലമതിക്കുന്ന കൃഷിഭൂമിയും ഉള്ളതായി പറഞ്ഞിരുന്നു.
ബിജെപി സ്ഥാനാര്‍ത്ഥി എം.ടി. രമേശിന്റെ ജംഗമ ആസ്തി 1,49,808.75 രൂപയാണ്. ഇതില്‍ 1.47,586.75 ബാങ്ക് നിക്ഷേപമാണ്. കൈവശമുള്ളത് 5000 രൂപയാണ്. ഭാര്യയുടെ ജംഗമ ആസ്തി 4,25,000 ആണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിലിപ്പോസ് തോമസിന്റെ ജംഗമ ആസ്തി 11,47,180 രൂപയും സ്ഥാവര ആസ്തി 11.50 ലക്ഷം രൂപയുമാണ്. കൈവശമുള്ളത് 20000 രൂപയും 3,48,580 രൂപയുടെ ബാങ്ക് നിക്ഷേപവുമുണ്ട്. 9,28,336 രൂപയുടെ ബാധ്യത പീലിപ്പോസ് തോമസിനുണ്ട്. ഭാര്യയുടെ സ്ഥാവര ജംഗമ ആസ്തിയുടെ മൂല്യം 33,50,981 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: