തൃശൂര്‍: തെരഞ്ഞെടുപ്പ് ഗോദായില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് തൊട്ടതെല്ലാം പിഴക്കുകയാണ്. വി.എസ്.അച്യുതാനന്ദനെ ഒറ്റപ്പെടുത്തി പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കി വിലസുമ്പോഴും എടുക്കുന്ന ഓരോ തീരുമാനങ്ങളും പാളുന്നത് ഇടത് മുന്നണിക്ക് തിരിച്ചടിയാവുകയാണ്.
സീറ്റ് വിഭജനത്തിലെ ധാര്‍ഷ്ട്യം മൂലം ആര്‍എസ്പി മുന്നണി വിട്ടു. വലിയവിജയം പ്രതീക്ഷിച്ച് കൊല്ലത്ത് ഗോദയിലിറങ്ങിയ പോളിറ്റ് ബ്യൂറോ മെമ്പര്‍ എം.എ.ബേബി ആകെ പകച്ചു. ഗൗരിയമ്മയെ ചെന്ന് കണ്ട് രക്ഷിക്കണമെന്ന് കേണപേക്ഷിച്ചാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. പ്രചരണത്തിനാകട്ടെ വര്‍ഗ്ഗശത്രുവായി കരുതുന്ന അച്യുതാനന്ദനോട് കേണപേക്ഷിക്കേണ്ടിയുംവന്നു.
ആര്എസ്പിയില് നിന്നും അടികിട്ടിയതോടെ മറ്റു ഞാഞ്ഞൂല് ഘടകകക്ഷികളുടെ ഭീഷണിക്ക് മുമ്പില്‍ മുട്ട് വിറച്ചു. ജനതാദളിന് സീറ്റ് കൊടുക്കേണ്ടിവന്നു.
ചീറ്റിപ്പോയ സോളാര്‍ സമരത്തിന് ശേഷം അല്പം ആശ്വാസം പകര്‍ന്നത് ലാവ്ലിന് കേസില്‍ നിന്നുള്ള താല്‍ക്കാലിക മോചനമായിരുന്നു. വിധിക്ക് ശേഷം രാജകീയപ്രൗഡിയോടെ രക്തസാക്ഷി പരിവേഷത്തിലായിരുന്നു പിണറായിയെ സിപിഎം കൊണ്ട് നടന്നത്. തുടര്‍ന്ന് കേരള രക്ഷാമാര്ച്ചിലൂടെ വീരനായക പരിവേഷവുമായി ഇറങ്ങിയെങ്കിലും മാര്‍ച്ച് ചീറ്റിപ്പോയത് തിരിച്ചടിയായി. ടി.പി.വധക്കേസ് വിധിയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ മാര്‍ച്ച് മുങ്ങുന്ന ദയനീയമായ ചിത്രമാണ് പിന്നെ കണ്ടത്. ടി.പി.വധക്കേസിലെ പ്രതികള്‍ക്കായി നടത്തിയ ജയില്‍ സമരം ജനരോഷത്തില്‍ പരാജയപ്പെടുകയും ചെയ്തു. ഇതോടെ സമ്പൂര്‍ണ്ണമായും സിപിഎം പ്രതിരോധത്തിലായി.
ടി.പി.വധക്കേസിലെ പരസ്യപ്രസ്താവനയുടെ പേരില്‍ അച്ചുതാനന്ദനെതിരെ നടപടിയെടുക്കാനുള്ള നീക്കം പരാജയപ്പെട്ടെന്ന് മാത്രമല്ല പോളിറ്റ് ബ്യറോയും കേന്ദ്രകമ്മറ്റിയുമെല്ലാം അച്ചുതാനന്ദനോട് പ്രചരണനേതൃത്വം എറ്റെടുക്കുവാന്‍ പറഞ്ഞതും കനത്തതിരിച്ചടിയായി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അമ്പേപാളുകയും വ്യാപകമായ പരാതികളും മുറുമുറുപ്പും പാര്‍ട്ടിയിലും മുന്നണിയിലും ഉയര്‍ന്നതോടെ പ്രചരണം തന്നെ അങ്കലാപ്പിലായിരിക്കുകയാണ്. അഞ്ച് സ്വതന്ത്രന്മാര് എങ്ങനെ വന്നു എന്നത് സംബന്ധിച്ചോ പേമെന്റ് സീറ്റാണെന്ന ആക്ഷേപങ്ങള്ക്കോ തൃപ്തികരമായ മറുപടി പറയുവാനായില്ല. സോളാര്‍ വിവാദം ഉള്‍പ്പടെ നിരവധി വിഷയങ്ങളില്‍ യുഡിഎഫ് നട്ടം തിരിയുമ്പോള്‍ വന്‍ മുന്നേറ്റം പ്രതീക്ഷിച്ച് ഇറങ്ങിയ സിപിഎമ്മിന് തെരഞ്ഞെടുപ്പ് ഫലം പ്രതികൂലമായാല്‍ കനത്തവില നല്‍കേണ്ടി വരും, പ്രത്യേകിച്ച് പിണറായി വിജയന്. ഇപ്പോഴത്തെ ഗ്രൂപ്പ് സമവാക്യങ്ങള്‍ തന്നെ മാറുകയും കണ്ണൂര്‍ ലോബി ഒറ്റപ്പെടുകയും ചെയ്യും. ഫലത്തില്‍ വി.എസ്.അച്ചുതാനന്ദന് വീണ്ടും ചിരിക്കും.
എന്‍.പി.സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: