കൊച്ചി: ജനകീയ പ്രശ്നങ്ങള്‍ക്ക് അവധി കൊടുത്ത് സംസഥാനത്ത് മുന്നണികള്‍ മത സാമുദായിക പ്രീണനത്തിന് മത്സരിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറി യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും അജണ്ട നഗ്നമായ വര്‍ഗീയപ്രീണനം തന്നെ. ഇക്കാര്യത്തില്‍ ഇരുമുന്നണികളും മത്സരത്തിലാണെങ്കിലും ആദ്യറൗണ്ടില്‍ ഫലം കൊയ്തത് യുഡിഎഫ് തന്നെ. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രശ്നത്തില്‍ ഇടഞ്ഞുനിന്ന ക്രിസ്ത്യന്‍ സഭകളെ അനുനയിപ്പിക്കാന്‍ കഴിഞ്ഞതാണ് യുഡിഎഫിനും കോണ്‍ഗ്രസിനും ആശ്വാസം പകരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പുലര്‍ത്തുന്ന ആത്മവിശ്വാസം വോട്ടെണ്ണിക്കഴിയുമ്പോള്‍ വെറുതെയാകുമെന്നാണ് ഇടതുക്യാമ്പിലെ കണക്കുകൂട്ടല്‍. സഭയുടെ കുഞ്ഞാടുകള്‍ക്കൊപ്പം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ തെരുവുയുദ്ധത്തിന് വരെ ഇറങ്ങിയതാണ് സിപിഎം. അതിന്റെ നേട്ടം തങ്ങള്‍ക്ക് ലഭിക്കുമെന്നും അവര്‍ കണക്കുകൂട്ടുന്നു. വിവിധ സുന്നി വിഭാഗങ്ങളെ കൂടെനിര്‍ത്താന്‍ കഴിഞ്ഞത് കോണ്‍ഗ്രസ് നേട്ടമായെണ്ണുമ്പോള് ജമാ അത്തെ ഇസ്ലാമിയെയും പിഡിപിയെയും കയ്യിലെടുക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നത്. കാന്തപുരം വിഭാഗം ഇക്കുറി യുഡിഎഫിനോടൊപ്പമാണെന്ന സൂചന ലഭിക്കുന്നു. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നിലപാട് തങ്ങള്‍ക്കനുകൂലമായിരിക്കുമെന്ന് ഇരുമുന്നണികളും കരുതുന്നുണ്ട്. എന്നാല്‍ ഇവരുടെ വോട്ട് മണ്ഡലമനുസരിച്ചും സ്ഥാനാര്ത്ഥിയനുസരിച്ചും മാറിയേക്കും. ഇടഞ്ഞുനിന്ന ക്രിസ്ത്യന്‍ സഭാ നേതൃത്വത്തെ പ്രീണിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തിയ അഭ്യാസങ്ങള്‍ ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിക്കകത്തുനിന്നും ശക്തമായ വിമര്‍ശനമുയരുന്നുണ്ട്. എന്‍എസ്എസ് സമദൂരം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവസാനനിമിഷം ആരെ പിന്തുണക്കുമെന്ന ആശങ്കയിലാണ് സ്ഥാനാര്‍ത്ഥികള്‍. ഇടതുമുന്നണിക്ക് പരാജയം നേരിടേണ്ടിവരുമെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന സിപിഎം നേതൃത്വത്തിന് ആശങ്ക പകരുന്നു. അമൃതാനന്ദമയിമഠത്തിനെതിരെ സിപിഎം ചാനല്‍ നടത്തിയ പ്രചരണവും ഇടതുമുന്നണിക്ക് വിനയായേക്കും.
മുന്‍ തെരഞ്ഞെടുപ്പുകളിലൊന്നും കാണാനാകാത്ത വിധത്തിലുള്ള പ്രീണനമാണ് ഇരുമുന്നണികളും നടത്തുന്നത്. സ്ഥാനാര്‍ത്ഥിനിര്‍ണയം മുതല്‍ ഇക്കാര്യത്തില്‍ മുന്നണികള്‍ മത്സരിക്കുകയാണ്. തിരുവനന്തപുരത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ തഴഞ്ഞ് ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയതും എറണാകുളത്ത് ലത്തീന്‍ കത്തോലിക്കാ സഭയുടെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയതും സമുദായ വോട്ടുകളില്‍ കണ്ണുവെച്ചുള്ള എല്‍ഡിഎഫ് നീക്കമായിരുന്നു.
കാസര്‍കോഡ് ടി.കെ. ശ്രീധരന് പകരം കോണ്‍ഗ്രസ് ടി. സിദ്ധിഖിന് സീറ്റ് നല്‍കിയത് മുസ്ലിം വോട്ടുകളില്‍ കണ്ണുവെച്ചാണ്. ചാലക്കുടിയില്‍ സിപിഎം ഇന്നസെന്റിനെ സ്ഥാനാര്‍ത്ഥിയാക്കിയതും ക്രിസ്ത്യന്‍ വോട്ടുകള്ക്കുവേണ്ടിതന്നെ. സംസ്ഥാനത്ത് 19 ശതമാനം വരുന്ന പിന്നോക്കവിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കാനാകട്ടെ ഇരുമുന്നണികളും തയ്യാറായിട്ടുമില്ല. ജനറല്‍ സീറ്റില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഒരാളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ധൈര്യം കാണിച്ചത് ബിജെപി മാത്രമാണ്. കൊല്ലം സീറ്റില്‍ പി.എം. വേലായുധനെ. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഒരാള്‍പോലും ഈ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: