ഗുരുവായൂര്‍: ക്ഷേത്രം നാലമ്പലത്തിനകത്ത് അടിപിടിയുണ്ടായ സംഭവത്തില്‍ ഉന്നത തല കമ്മീഷന് തിങ്കളാഴ്ച സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി അന്വേഷണ കമ്മീഷനായ ദേവസ്വം സെക്രട്ടി കെ.ആര്.ജ്യോതിലാല്‍ ഗുരുവായൂരിലെത്തി തെളിവെടുപ്പ് നടത്തി.
ദേവസ്വം ചെയര്മാന് ടി.വി.ചന്ദ്രമോഹന്, ഭരണ സമിതി അംഗങ്ങളായ അഡ്വ.എ.സുരേശന്, എം.ശിവശങ്കരന്, ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റര്‍ കെ.മുരളീധരന്, ക്ഷേത്രത്തിനകത്തെ മുഖ്യ സുരക്ഷ ഉദ്യോഗസ്ഥന് നാരായണന്, ദേവസ്വത്തിലെ മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്ന് കമ്മീഷന് മൊഴിയെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസ്സെടുത്തതിനെ പറ്റിയുള്ള വിവരങ്ങള്‍ ഗുരുവായൂര്‍ എസിപി ആര്.ജയചന്ദ്രന് പിള്ള, കേസന്വേഷണോദ്യോഗസ്ഥനായ ഗുരുവായൂര്‍ സിഐ കെ.സുദര്ശന് എന്നിവരില്‍ നിന്നും കമ്മീഷന് വിവരങ്ങള്‍ ശേഖരിച്ചു.
സസ്പെന്‍ഷനിലായ ക്ഷേത്രം അസിസ്റ്റന്റ് മാനേജര്‍ കെ.ആര്. സുനില്‍ കുമാറില്‍ നിന്ന് കമ്മീഷന് വിശദീകരണം തേടി. സംഭവത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഭരണ സമിതി അംഗം എന്‍.രാജുവിന്റെ വിശദീകരണവും രേഖപ്പെടുത്തുമെന്ന് കമ്മീഷന് പറഞ്ഞു. സമഗ്രമായ അന്വേഷണ റിപ്പോര്‍ട്ട് തിങ്കളാഴ്ച ദേവസ്വം മന്ത്രിക്ക് സമര്‍പ്പിക്കുമെന്നും കമ്മീഷന് അറിയിച്ചു.
ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ ഉത്സവബലി നടക്കുന്നതിന് തൊട്ടു മുന്‍പാണ് ഭരണ സമിതി അംഗവും, ക്ഷേത്രം അസിസ്റ്റന്റ് മാനേജരും തമ്മില്‍ നാലമ്പലത്തിനകത്ത് അടിപിടി ഉണ്ടായത്. ക്ഷേത്രത്തിന്റെ പരിപാവനത നഷ്ടപ്പെടുത്തിയ ഈ സംഭവത്തിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. ഭരണ സമിതി അംഗങ്ങള്‍ക്കും ബന്ധുമിത്രാദികളും മാത്രം നാലമ്പലത്തിനകത്ത് കടന്ന് ആദ്യം ദര്‍ശനം നടത്തിയാല്‍ മതി എന്ന ഭരണസമിതി തീരുമാനമാണ് അടിപിടിക്കിടയാക്കിയത്. തികച്ചും പക്ഷപാതപരമായ ഈ തീരുമാനം ഭക്തജനങ്ങള്‍ക്ക് അയിത്തം കല്‍പ്പിക്കുന്നതിന് തുല്യമാണെന്നും, ഇത് ഭരണസമിതിയുടെ സത്യപ്രതിജ്്ഞ ലംഘനമാണെന്നും കാണിച്ച് ഗുരുവായൂര്‍ ദേവസ്വം എംപ്ലോയീസ് ഓര്ഗനൈസേഷന്, ഹിന്ദു ഐക്യവേദി എന്നീ സംഘടനാ ഭാരവാഹികള്‍ അന്വേഷണ കമ്മീഷന് കെ.ആര്.ജ്യോതിലാലിന് നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: