കോഴിക്കോട്: മുസ്ലീംലീഗ് നേതാക്കളും പ്രവര്‍ത്തകരും പ്രതികളായ നാദാപുരം മേഖലയിലെ ഗൗരവമേറിയ കേസുകളില്‍ പോലീസിനെ നിര്‍വ്വീര്യമാക്കാന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും വടകര മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ മുല്ലപ്പള്ളി രാമചന്ദ്രന്റെ ശ്രമം. നാദാപുരം മേഖലയിലെ വിവിധ ഭാഗങ്ങളില്‍ നിലവിലുള്ള വര്‍ഗ്ഗീയ സ്വഭാവമുള്ള കേസുകളിലടക്കം പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും പോലീസിനെ വിലക്കണമെന്ന മുസ്ലിംലീഗ് സമ്മര്‍ദ്ദത്തിന് കീഴടങ്ങുകയാണ് മുല്ലപ്പള്ളി.
പോലീസ് അതിക്രമം കാട്ടുന്നുവെന്ന് ആരോപിച്ച് നാദാപുരം മേഖലയിലെ പാറക്കടവ് , തൂണേരി എന്നിവിടങ്ങളിലെ പ്രാദേശിക മുസ്ലിംലീഗ് നേതാക്കള്‍ കണ്വെന്ഷന് വിളിച്ചുകൂട്ടി മുല്ലപ്പള്ളിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. മുസ്ലീം ലീഗ് ജില്ലാ കൗണ്‍സിലറായ ഓ.വി നാസറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതികള്‍ക്കെതിരെ നടപടിയെടുക്കാതിരിക്കുക , 153 (എ) പ്രകാരം എടുത്ത കേസുകളില്‍ നിന്ന് പ്രധാന നേതാക്കളെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മുസ്ലിംലീഗ് ഉന്നയിച്ചത്. ഇക്കഴിഞ്ഞ ആഴ്ചയില്‍ സദാചാര പോലീസ് ചമഞ്ഞ് ബൈക്കില്‍ പോവുകയായിരുന്ന യുവതിയെയും യുവാവിനെയും ഒരു പറ്റം മുസ്ലിംലീഗുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ബൈക്കില്‍ കാറിടിച്ച് യുവാവിനെ തള്ളിയിട്ട ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇതില്‍ 10 മുസ്ലിം ലീഗുകാരുടെ പേരില്‍ പോലീസ് കേസെടുത്തു. 6 പേരെ അറസ്റ്റ് ചെയ്തിരുന്നു.
അവശേഷിച്ച 4 മുസ്ലിം ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള പോലീസ് നീക്കമാണ് മുസ്ലിം ലീഗിനെ പെട്ടെന്ന് പ്രകോപിപ്പിച്ചത്. കലാപങ്ങളില്‍ പങ്കെടുത്ത് ഗള്‍ഫിലേക്ക് കടന്നവര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതും ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചു. ഇവരില്‍ ചിലര്‍ നാട്ടിലെത്തിയപ്പോള്‍ പോലീസ് അറസ്റ്റിന് ശ്രമിച്ചിരുന്നു. ഇതിനെതിരെ മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് പ്രാദേശിക കണ്‍വെന്‍ഷനുകള്‍ നടന്നതും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതും നാദാപുരം, കുറ്റ്യാടി മേഖലയില്‍ മുല്ലപ്പളളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മുസ്ലിം ലീഗുകാര്‍ വിട്ടുനില്‍ക്കുകയും ചിലയിടങ്ങളില്‍ യൂത്ത് ലീഗിന്റെ പേരില്‍ മുല്ലപ്പള്ളിക്കെതിരെ പോസ്റ്റര്‍ ഇറങ്ങുകയും ചെയ്തു. ഈ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് മുല്ലപ്പള്ളി പോലീസിന്റെ നടപടിക്കെതിരെ പരസ്യമായി രംഗത്തുവന്നതും പത്രസമ്മേളനം നടത്തിയതും.
കഴിഞ്ഞ ദിവസം ലീഗ് ഹൗസില്‍ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.കെ. മജീദ് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന രഹസ്യ ചര്‍ച്ചയിലാണ് തീരുമാനങ്ങള്‍ ഉണ്ടായത്. അതോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുസ്ലീംലീഗ് പിന്‍വലിക്കുകയും ചെയ്തു. ധാരണയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാത്രി വളരെ തിരക്കിട്ട് വടകരയില്‍ പത്രസമ്മേളനം വിളിച്ച മുല്ലപ്പള്ളി പോലീസിനെതിരെ തിരിയുകയായിരുന്നു.
അവധിക്ക് വന്ന പട്ടാളക്കാരനെതിരെ നടന്ന വധശ്രമം മുതല്‍ നിരവധി സുപ്രധാന കേസുകളിലെ നടപടി വൈകിപ്പിക്കാനായിരുന്നു മുസ്ലിംലീഗ് ശ്രമിച്ചത്. ഏറെ വൈകിയാണ് ജവാനെതിരെയുള്ള വധശ്രമത്തിന്റെ കുറ്റപത്രം സമര്‍പ്പിച്ചത്. ബോംബുനിര്‍മ്മാണത്തിനിടെ നാദാപുരത്ത് 5 മുസ്ലിം ലീഗുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. അക്രമികളെ സംരക്ഷിക്കുവാനുള്ള മുസ്ലിംലൂഗുകാരുടെ സമ്മര്ദ്ദതന്ത്രത്തിനാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രികൂടിയായ മുല്ലപ്പള്ളി വഴങ്ങിയിരിക്കുന്നത്. ഇത് ഒരു വിഭാഗം കോണ്‍ഗ്രസ് അണികളില്‍ എതിര്‍പ്പ് ഉണ്ടാക്കിയിട്ടുണ്ട്.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: