തിരുവനന്തപുരം: സംസ്ഥാനത്തെ കടല്‍ പ്രദേശങ്ങളിലുള്ള മത്സ്യ സമ്പത്ത് സംരക്ഷിക്കുകയും അത് മത്സ്യത്തൊഴിലാളികള്‍ക്കു ലഭ്യമാക്കുന്നതിനുമായി സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്സ്ട്ട്യൂട്ടിന്റെ (സിഎംഎഫ്ആര്ഐാമത്സ്യലഭ്യതാ പ്രദേശങ്ങള്‍ കണ്ടെത്തല്‍ പദ്ധതി പൂര്‍ത്തിയാകുന്നു. സംസ്ഥാനത്തെ വിവിധ തീരപ്രദേശങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അഞ്ചുവര്‍ഷം നീണ്ടു നില്ക്കുന്ന പദ്ധതിയുടെ ഒരു വര്‍ഷം പിന്നിട്ടു. എന്നാല്‍, സീസണ് അനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന മത്സ്യസമ്പത്തിനെ കൃത്യമായി ഒരു സ്ഥലത്തു തന്നെ കണ്ടെത്തുന്നതിനു കഴിയില്ലെന്നു പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്ന സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞ കൃപ പറഞ്ഞു.
വടക്കന്‍ കേരളത്തിലെ കടല്‍ പ്രദേശങ്ങളില്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ മത്സ്യക്കൂട്ടങ്ങളെ കാണാന്‍ കഴിയുന്നുണ്ട്. കടലില്‍ നിന്നു 50 മീറ്റര്‍ ഉള്ളിലേക്കു മാറിയാണ് കാണാറുള്ളത്. ഏറ്റവും കൂടുതല്‍ മത്സ്യങ്ങള്‍ ഉള്ളതും ഇവിടെയാണ്. മത്സ്യത്തൊഴിലാളികള്‍ കാണ്ടെത്തുന്ന ഇത്തരം മീന്‍ കൂട്ടങ്ങളില്‍ നിന്നും സാമ്പിള്‍ ശേഖരിച്ച് ഇവ മുട്ടയിടാന്‍ എത്തുന്നതാണോയെന്നതും പരിശോധിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ആ പ്രദേശങ്ങളില്‍ മീന്‍ കൂട്ടങ്ങളെ കണ്ടെത്തിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്കു മുന്‍കൂട്ടി നിര്‍ദേശം നല്കാന് കഴിയും. മുട്ടയിടാനെത്തുന്ന മത്സ്യങ്ങളെ വലയിട്ടു പിടിക്കാതിരിക്കാന്‍ വേണ്ടിയാണിത്. വടക്കന്‍ കേളത്തിലെ കണ്ണൂര്‍, പൊന്നാനി, തലശ്ശേരി, ബേപ്പൂര്‍, കോഴിക്കോട് തുടങ്ങിയ പ്രദേശങ്ങളില്‍ മീന്‍ കൂട്ടങ്ങള്‍ ഇട മുറിയാതെ കണ്ടുവരുന്നുണ്ട്.
ഇതില്‍ കണ്ണൂര്‍, ബേപ്പൂര്‍ ഭാഗങ്ങളില്‍ കണ്ടു വരുന്ന മീന്‍ കൂട്ടങ്ങള്‍ മുട്ടയിടാനെത്തുന്ന അയല, ചാള ഇനത്തില്‍ പെടുന്നവയാണ്. സീസണ് മാറുന്നതനുസരിച്ച് മീന്‍ കൂട്ടങ്ങള്‍ മറ്റിടങ്ങളിലേക്കു മാറുന്നതു കൊണ്ട് സ്ഥിരമായി മീനുകള്‍ എത്തുന്ന ഒരിടം മത്സ്യത്തൊഴിലാളികള്‍ക്കു നല്കാന് കഴിയാത്ത സ്ഥിതിയുണ്ട്. എന്നാല്‍, സിഎംഎഫ്ആര്‍ഐയുടെ ഈ പഠനം ഏറെ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
മണ്‍സൂണ്‍ കാലത്ത് മുട്ടയിടുന്ന കിളിമീന്‍, ക്ലാത്തി, നെത്തോലി, തെരണ്ടി, കണവ പോലുള്ളവയുടെ വരവ് കൂട്ടത്തോടെയല്ലെങ്കിലും മത്സ്യബന്ധനത്തിനു ഉതകുന്ന തരത്തിലുള്ള ചെറു കൂട്ടങ്ങള്‍ ഉണ്ടാകും. സംസ്ഥാന വിദൂര സംവേദന പരിസ്ഥിതി കേന്ദ്രവും, സിഎംഎഫ്ആര്‍ഐയും സംയുക്തമായാണ് പദ്ധതി നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, വിദൂര സംവേദന പരിസ്ഥിതി കേന്ദ്രം പദ്ധതിയില്‍ നിന്നു പിന്മാറുകയായിരുന്നു. ജൂണ്‍, ജൂലായ് മാസങ്ങളില്‍ മത്സ്യങ്ങള്‍ മുട്ടയിടാന്‍ പുറം കടലുകളില്‍ കൂട്ടമായെത്തുമ്പോള്‍ അവയെ പിടിക്കാതിരിക്കാനാണ് ട്രോളിംഗ് നടപ്പാക്കിയിരിക്കുന്നത്. ഇതേ കാലയളവിലല്ലാതെ മുട്ടയിടാനെത്തുന്ന മത്സ്യങ്ങള്‍ക്കു മത്സ്യ ബന്ധനം ഭീഷണിയുയര്‍ത്തുന്നുണ്ട്. ഇതു പരിഹരിക്കുന്നതിനും മത്സ്യങ്ങളുടെ പ്രജനനം നടക്കുന്നതിനും കടലില്‍ സാഹചര്യം ഒരുക്കിക്കൊടുക്കുന്നതിനും വേണ്ടിയാണ് ഈ പഠനം.
എ.എസ്. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: