കല്‍പ്പറ്റ: ലോകത്തേറ്റവും ചെറുതെന്ന് ഗിന്നസ്സ് ബുക്കില്‍ അടയാളപ്പെടുത്തിയതും കര്‍ഷകരുടെ അഭിമാനവുമായ വെച്ചൂര്‍ പശുക്കളെ കണ്ടെത്തി വംശനാശത്തില്‍ നിന്നും വീണ്ടെടുത്ത് സംരക്ഷിച്ചതിന്റെ രജതജൂബിലി ആഘോഷം വിവിധ പരിസ്ഥിതി സംഘടനകളുടെയും സീറോ ബജറ്റ് പ്രകൃതി കൃഷി ജില്ലാഫോറത്തിന്റെയും നേതൃത്വത്തില്‍ ഇന്ന് ബത്തേരി ഡയറ്റ് ഹാളില്‍ നടക്കും.
തിരുവിതാംകൂര്‍ കര്‍ഷകരുടെ ഓമനയായിരുന്ന വെച്ചൂര്‍ പശുവിനെ ഔഷധഗുണമുള്ള പാലിന് വേണ്ടിയും കാളകളെ ആത്തിക്കണ്ടങ്ങള്‍ ഉഴാന് വേണ്ടിയും ധാരാളമായി വളര്‍ത്തിയിരുന്നു. എന്നാല്‍ ഹരിതവിപ്ലവത്തിന്റെ തള്ളിക്കയറ്റത്തില്‍ നാടന്‍ കന്നുകാലികളെ വളര്‍ത്തുന്നത് നിരോധിക്കുകയും വിദേശകന്നുകാലികളെ ഇറക്കുമതി ചെയ്യുകയും മൃഗഡോക്ടര്‍മാര്‍ വീടുവീടാന്തരം കയറിയിറങ്ങി നാടന്കാളകളുടെ വരിയുടക്കുകയും ചെയ്തു. അങ്ങനെ വെച്ചൂര്‍ പശുക്കള്‍ വംശനാശത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. മണ്ണൂത്തി വെറ്റിനറി കോളജ് ജനിതക വകുപ്പുമേധാവി പ്രഫ. ശോശാമ്മയുടെയും ഒരു സംഘം വിദ്യാര്‍ത്ഥികളുടെയും ശ്രമഫലമായി എതിര്‍പ്പുകള്‍ മറികടന്ന് വെച്ചൂര്‍ പശുക്കളെ കണ്ടെത്തുകയും സംരക്ഷിക്കുകയും ചെയ്തു. ഇന്ന് വെച്ചൂര്‍ പശുവിനെ ഇന്ത്യയിലെ മുപ്പതാമത്തെ തനത് കന്നുകാലിയായി അംഗീകരിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ 10 മണിക്ക് നടക്കുന്ന ജൈവവൈവിധ്യ സെമിനാറില്‍ ഡോ. സി.പി.ഷാജി വയനാട്ടിലെ ശുദ്ധജല ജീവി വൈവിധ്യത്തെ കുറിച്ചും, ഡോ. ജാഫര്‍ പാലോട് കേരളത്തിലെ ജൈവവൈവിധ്യത്തെ കുറിച്ചും, ഡോ. അനില്‍ സക്കറിയ കാലാവസ്ഥാമാറ്റവും ജൈവവൈവിധ്യത്തിന്റെ സംരക്ഷണവും എന്ന വിഷയത്തെ കുറിച്ചും ക്ലാസ്സുകള്‍ എടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: