തിരുവനന്തപുരം: കസ്തൂരിരംഗന്‍ സമിതി 201 ചതുരശ്ര കിലോമീറ്റര്‍ ഭൂമി അധികമായി പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പരിധിയില്‍ ഉള്‍പെടുത്തിയെന്ന് സംസ്ഥാന റിമോട്ട് സെന്‍സിങ് വകുപ്പിന്റെ റിപ്പോര്‍ട്ട്. കസ്തൂരി രംഗന് സമിതിയുടെ കണക്കു പ്രകാരം സംസ്ഥാനത്തെ 123 മലയോര വില്ലജുകളുടെ ഭൂവിസ്തൃതി 13108 ചതുരശ്ര കിലോമീറ്ററാണ്. എന്നാല്‍ ഉപഗ്രഹചിത്രങ്ങളും വില്ലേജ് അടിസ്ഥാനത്തിലുള്ള ഭൂപടവും ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ 123 വില്ലേജുകളില്‍ 12906.88 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണുള്ളത്.
അതായത് 201.12 ചതുരശ്ര കിലോമീറ്റര്‍ അധികമായാണ് കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. 1506 ചതുരശ്ര കിലോമീറ്റര്‍ കൃഷി ഭൂമിയും 10.13 ചതുരശ്ര കിലോമീറ്ററില്‍ കെട്ടിടങ്ങളും മറ്റു നിര്‍മിതികളുമാണ് നിയന്ത്രണങ്ങള്‍ക്കു പുറത്തു വരുന്നത്. കാട്, വനം വകുപ്പിന്റെ തോട്ടം, ജലാശയങ്ങളും നദികളും , തരിശു ഭൂമി, പാറക്കെട്ട് ഇവയെല്ലാം പരിസ്ഥിതി ലോല മേഖലയിലാവും.
ഇടുക്കിയില്‍ ഇത്തരത്തില്‍ 2272 ചതുരശ്ര കിലോമീറ്ററാണു സംരക്ഷിത പ്രദേശമാകുക. ഭൂവിസ്തൃതി കണക്കാക്കുകയെന്ന അടിസ്ഥാന കാര്യത്തില്‍ പോലും കസ്തൂരിരംഗന്‍ സമിതിക്ക് പിഴവ് വന്നുവെന്ന് റിമോട്ട് സെന്‍സിങ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സംസ്ഥാനത്താകെ 3247.85 ച. കിമീ ഇഎസ്എക്കു പുറത്തു വരുമെന്നാണ് റിമോട്ട് സെന്‍സിങ് വിഭാഗം സര്‍ക്കാരിനു നല്കിയ റിപ്പോര്‍ട്ട് പറയുന്നത്. ഇനി പൊതുജനങ്ങളുടെ പരാതികളും അഭിപ്രായങ്ങളും കൂടി കണക്കിലെടുത്താവും ഈ ഭൂപടത്തിന് അവസാന രൂപം നല്‍കുക. അന്തിമ ഭൂപടം ഹരിത ട്രിബ്യൂണലും സുപ്രീം കോടതിയും അംഗീകരിക്കുകയും വേണം.
അതേസമയം വില്ലേജ് ഒഫീസറുടെ പക്കലുള്ള സര്‍വെ നമ്പര്‍ അടിസ്ഥാനമാക്കിയുള്ള കഡസ്ട്രല്‍ മാപ്പ് ഉപയോഗിച്ചു ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമിയും തോട്ടങ്ങളും വേര്‍തിരിക്കാന്‍ പരിസ്ഥിതിവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതിന് ശേഷം ഇവ അടിയന്തരമായി ബയോഡൈവേഴ്സിറ്റി ബോര്‍ഡിന് കൈമാറണം. ഡോ. ഉമ്മന്‍ വി.ഉമ്മന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത പ്രകാരം പരിസ്ഥിതിലോല പ്രദേശങ്ങളുടെ മാപ്പ് ബയോ ഡൈവേഴ്സിറ്റി ബോര്‍ഡിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.
ചിലയിടങ്ങളില്‍ സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങള്‍ പരിസ്ഥിതി ലോലമേഖലയില്‍ ഉള്‍പ്പെട്ടതായി പരാതി കിട്ടിയതിനെ തുടര്‍ന്നാണു കഡസ്ട്രല്‍ മാപ്പ് ഉപയോഗിച്ച് വേര്‍തിരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്. അതാത് ജില്ലാ കലക്ടര്‍മാര്‍ ഇതിന് നേതൃത്വം നല്‍കണം.
സ്വകാര്യവ്യക്തികളുടെ ഒരിഞ്ചു സ്ഥലംപോലും പരിസ്ഥിതി ലോല പ്രദേശത്തില്‍ വരാന്‍ പാടില്ലെന്നതാണു സര്‍ക്കാരിന്റെ സമീപനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ട. ഇതിനു വ്യത്യസ്തമായി എന്തെങ്കിലും മാപ്പിങ്ങില്‍ ഉണ്ടെങ്കില്‍ അത് തിരുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: