കൊച്ചി: അരവിന്ദാക്ഷന് വിഭാഗം സിഎംപി യുഡിഎഫ് വിടാനൊരുങ്ങുന്നത് സിപിഎം നടത്തിയ കരുനീക്കങ്ങളുടെ ഫലം. സിഎംപിയിലെ ആഭ്യന്തര കലഹം മുതലെടുക്കാന്‍ മാസങ്ങളായി സിപിഎം നേതൃത്വം ശ്രമിച്ചു വരികയായിരുന്നു.
കഴിഞ്ഞ ജനുവരിയില്‍ അരവിന്ദാക്ഷന് വിഭാഗം മുന്നണി വിട്ട് സിപിഎമ്മിനും എല്‍ഡിഎഫിനുമൊപ്പം ചേരാന്‍ തീരുമാനമെടുത്തിരുന്നു. സി.പി. ജോണിന് യുഡിഎഫ് നല്കുന്ന പരിഗണന അരവിന്ദാക്ഷന് വിഭാഗത്തെ അസംതൃപ്തരാക്കുന്നുവെന്നും ഇവര്‍ ഇടതു പാളയത്തിലേക്ക് നീങ്ങുകയാണെന്നും ജന്മഭൂമി ജനു. 16ന് വാര്‍ത്ത നല്‍കിയിരുന്നു. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഇടപെട്ടതിനെ തുടര്‍ന്ന് അരവിന്ദാക്ഷന് വിഭാഗം വെടിനിര്‍ത്തലിന് തയ്യാറായെങ്കിലും ഇപ്പോള്‍ യുഡിഎഫ് വിടാന്‍ തീരുമാനിച്ചതോടെ സിപിഎമ്മിന്റെ ശ്രമങ്ങള്‍ വിജയം കാണുകയാണ്.
എം.വി. രാഘവനേയും കെ.ആര്. ഗൗരിയമ്മയേയും തിരിച്ചെത്തിക്കാന്‍ കഴിഞ്ഞ സംസ്ഥാന സമ്മേളനം മുതല്‍ സിപിഎം ശ്രമങ്ങള്‍ ആരംഭിച്ചതാണ്. ഇക്കാര്യത്തില്‍ പൂര്‍ണമായി വിജയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെങ്കിലും യുഡിഎഫിലെ ഘടകക്ഷികളായിരുന്ന സിഎംപിയേയും ജെഎസ്എസിനെയും തകര്‍ക്കാനും ഒരു വിഭാഗത്തെ ഇടതു പക്ഷത്തെത്തിക്കാനും കഴിഞ്ഞിട്ടുണ്ട്. ആര്‍എസ്പി വിട്ടുപോയ ക്ഷീണം അല്പമെങ്കിലും മറികടക്കാനും ഇതിലൂടെ കഴിയുമെന്നാണ് സിപിഎം കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: