പത്തനംതിട്ട: നിലനില്‍പ്പിനായി നിറം മാറേണ്ടിവന്നവരും നിലനില്‍പ്പിനായി പൊരുതേണ്ടിവന്നവരും നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട തെരഞ്ഞെടുപ്പാണിത്. ജനംപ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. സോഷ്യല്‍ മീഡിയകളിലൂടെയുള്ള അഭിപ്രായ പ്രകടനങ്ങള്‍ അത് വ്യക്തമാക്കുന്നു. പ്രചാരണത്തിനിടയില്‍ നിരവധി ചോദ്യങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥികള്‍ ഉത്തരം പറയേണ്ടിവരുമെന്നുറപ്പാണ്.
പത്തനംതിട്ട മണ്ഡലത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമായ വെല്ലുവിളി ആറന്മുള വിമാനത്താവള നിര്‍മ്മാണ പ്രശ്നമാണ്. വിമാനത്താവള നിര്‍മ്മാണത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയും അത് വീണ്ടും ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്ത യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിക്ക് പ്രചാരണത്തിനിടയില്‍ തന്റെ നിലപാട് വിശദീകരിക്കേണ്ടിവരും. കോണ്‍ഗ്രസില്‍ നിന്നും എല്‍ഡിഎഫിലെത്തിയ പിലീപ്പോസ് തോമസ് വിമാനത്താവള നിര്‍മ്മാണത്തെ എതിര്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുമ്പുവരെ എഐസിസി അംഗമായി തുടര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് പിലിപ്പോസ് തോമസ്. സീറ്റിനായി ഒരു രാത്രികൊണ്ടാണ് അദ്ദേഹം ഇടതുപക്ഷത്തേക്ക് കൂറുമാറിയത്. അതിനാല്‍ നിലപാട്മാറ്റം അദ്ദേഹത്തിന് പുത്തരിയാകില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ എതിര്‍ക്കുന്നവര്‍ പറയുന്നു. അപ്പോള്‍ ഇരുവിഭാഗത്തിനും ആറന്മുള വിമാനത്താവള നിര്‍മ്മാണ പ്രശ്നം വെല്ലുവിളിയാകും. ഒരു നാടിന്റെ പൈതൃകത്തെ തള്ളിപ്പറഞ്ഞവര്‍, തള്ളിപ്പറഞ്ഞതിനെ ന്യായീകരിച്ചവര് എല്ലാം ഈ സമൂഹത്തോടുതന്നെയാണ് വോട്ടുചോദിക്കേണ്ടിവരുന്നത്. ആര്‍ക്കും മുന്നേറ്റം അനായാസമാകില്ല.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഇരുമുന്നണികളിലും വന്‍ പ്രതിസന്ധിയാണ് ഇക്കുറി ഉടലെടുത്തത്. യുഡിഎഫില്‍ നിലവിലുള്ള എംപി ആന്റോ ആന്റണിയും ഡിസിസി പ്രസിഡന്റ് പി.മോഹന്‍രാജും തമ്മില്‍ പരസ്യമായ വടംവലിയാണ് സീറ്റിനായി നടത്തിയത്. സ്വന്തം ജില്ലക്കാരന് മത്സരിച്ചാല്‍ മതിയെന്ന നിലപാടുമായി മോഹന്‍രാജ് രംഗത്തിറങ്ങിയപ്പോള്‍ ഹൈക്കമാന്റില്‍ പ്രതീക്ഷയര്‍പ്പിച്ചുള്ള സമ്മര്‍ദ്ദതന്ത്രമായിരുന്നു ആന്റോ ആന്റണി പുറത്തെടുത്തത്.
അവസാനം മോഹന്‍രാജിനെ മറികടന്ന് ആന്റോ ആന്റണിയെ സ്ഥാനാര്‍ത്ഥിയായി യുഡിഎഫ് പ്രഖ്യാപിച്ചു. തുടര്‍ന്ന് ഡിസിസി പ്രസിഡന്റും കൂട്ടരും രാജിഭീഷണി മുഴക്കി കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി. പിന്നീട് സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മോഹന്‍രാജ് നിലപാടില്‍ അയവുവരുത്തിയെങ്കിലും ജില്ലയിലെ കോണ്‍ഗ്രസില്‍ ചേരിതിരിവ് ശക്തമായി. ഇത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നുറപ്പായി. ഡിസിസി പ്രസിഡന്റിന്റെ നിലപാടുകളാണ് പിലീപ്പോസ് തോമസിനെ ഇടതുപാളയത്തിലെത്തിച്ചതെന്നും ഒരുവിഭാഗം പ്രവര്‍ത്തകര്‍ പറയുന്നു.
മറുവശത്ത് കോണ്‍ഗ്രസ് മണ്ഡലമായി അറിയപ്പെടുന്ന പത്തനംതിട്ടയില്‍ ശക്തമായ സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടിക്കുള്ളില്‍ നിന്നും കണ്ടെത്തുന്നതില്‍ സിപിഎം പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് ആന്റോ ആന്റണിക്കെതിരായ ജനവികാരം അനുകൂലമാക്കാവുന്ന ഒരു സ്ഥാനാര്‍ത്ഥിയെ സിപിഎം തേടിയത്. തുടര്‍ന്ന് കോണ്‍ഗ്രസ് പാളയത്തില്തന്നെയുള്ള പീലിപ്പോസ് തോമസിനെ സീറ്റ് വാഗ്ദാനം നല്കി സിപിഎം സ്വന്തംപാളയത്തിലെത്തിക്കുകയായിരുന്നു. എന്നാല്‍ ഇതുള്‍ക്കൊള്ളാന്‍ പാര്‍ട്ടിയംഗങ്ങള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രത്യേകിച്ചും റാന്നി നിയോജകമണ്ഡലം പിലീപ്പോസ് തോമസിന് കൈയ്പ്പേറീയ അനുഭവമാകും. മുമ്പിവിടെ പിലിപ്പോസ് തോമസ് മൂന്ന് തവണ കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഇക്കാര്യം വിസ്മരിക്കാന്‍ റാന്നിയിലെ വോട്ടര്‍മാര്‍ക്ക് കഴിയില്ല. തന്നെയുമല്ല പിലീപ്പോസ് തോമസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരേ ഡിവൈഎഫ്ഐയുടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതും റാന്നി നിയോജകമണ്ഡലത്തിലാണ്. കൂടാതെ ഡിവൈഎഫ്ഐ നേതാവ് റോഷന് റോയി മാത്യുവിന് പത്തനംതിട്ട ലോക്സഭാമണ്ഡലത്തില്‍ സീറ്റ് നല്കണമെന്നുള്ള ആവശ്യവും ശക്തമായിരുന്നു.
പത്തനംതിട്ട ജില്ലയിലെ ക്രിസ്ത്യന്‍ വിഭാഗത്തില്‍ മര്ത്തോമ്മാസഭയ്ക്കാണ് മുന്‍തൂക്കം. അഞ്ചുനിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ജില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പിലീപ്പോസ് തോമസ് മാര്ത്തോമ്മാസഭക്കാരനാണ്. സഭയുട പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇടതുമുന്നണിക്കുള്ളത്. ജില്ലയില്‍ നിന്നുള്ള രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കറായ പ്രൊഫ.പി.ജെ.കുര്യനും മര്ത്തോമ്മാവിഭാഗക്കാരനാണ്. പിലീപ്പോസ് തോമസിനെതിരായ നിലപാടുകളാണ് പി.കെ.കുര്യന് സ്വീകരിച്ചിട്ടുള്ളത്. സഭാ നേതൃത്വവുമായി അടുത്തബന്ധമുള്ള കുര്യന്റെ നിലപാട് മണ്ഡലത്തില്‍ പിലിപ്പോസ് തോമസിന് പ്രതിസന്ധി സൃഷ്ടിക്കും.
പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി അമിതപ്രതീക്ഷ പുലര്‍ത്തുന്നു. എന്നാല്‍ കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി.ജോര്‍ജ്ജിന്റെ നിലപാടുകള്‍ ഇവിടെ ആന്റോ ആന്റണിക്ക് വെല്ലുവിളി സൃഷ്ടിക്കും. മറ്റു മണ്ഡലങ്ങളിലും പ്രശ്നങ്ങള്‍ നിലനില്ക്കുന്നു. കഴിഞ്ഞതവണ ആന്റോയ്ക്ക് വോട്ടുചെയ്തവര്‍ ഇക്കുറി തീരുമാനം പുനപരിശോധിക്കുമെന്നുറപ്പാണ്. മണ്ഡലത്തിലേക്ക് വികസനം കൊണ്ടുവരുന്നതില്‍ എംപിയ്ക്കുണ്ടായ പരാജയം ഈ തെരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: