ഒരു വര്‍ഷം മുന്‍പ് നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിച്ചപ്പോള്‍ തന്നെ അദ്ദേഹം ഉത്തര്‍ പ്രദേശില്‍ നിന്ന് മത്സരിക്കുമെന്ന് വ്യക്തമായ സൂചനയുണ്ടായിരുന്നു. മോദി തരംഗം അലയടിക്കുകയും യുപിയില്‍ നിന്ന് 40 സീറ്റെങ്കിലും കിട്ടുകയും ചെയ്താലേ ഭരണത്തിലെത്താനുള്ള വഴി തുറക്കു എന്നതായിരുന്നു ബിജെപി കണക്കുകൂട്ടിയത്. മോദി എവിടെ മത്സരിക്കും എന്നതു മാത്രമായിരുന്നു തീരുമാനിക്കാതിരുന്നത്.
വാജ്പേയിയുടെ മണ്ഡലമായ ലക്നോ എന്നാണ് ആദ്യം പറഞ്ഞിരുന്നത്. അഞ്ചരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് വാജ്പേയി ജയിച്ചിട്ടുള്ള ഈ മണ്ഡലം ബിജെപിക്ക് തീര്‍ത്തും സുരക്ഷിതവുമാണ്.. എന്നാല്‍ അത്ര സുരക്ഷിത മല്ലാത്ത വാരാണസിയാണ് മോദി മത്സരത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. 2004 ല്‍ പോലും കോണ്‍ഗ്രസ് ജയിച്ച വാരാണസിയില്‍ കൂടുതല്‍ തവണ ജയിച്ചതും കോണ്‍ഗ്രസുകാരാണ്. സിപിഎമ്മും ജനതാദളും ഒക്കെ ഇവിടെ വിജയം വരിച്ചിട്ടുണ്ട്. മോദി വാരാണസിയില്‍ മത്സരിച്ചാല്‍ യുപിക്കൊപ്പം ബീഹാറിലും ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ബിജെപി. വാരാണസിക്കു പുറമെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ വഡോധരയിലും മോദി മത്സരിക്കുന്നത് വലിയ കുറവായിട്ടാണ് ഇപ്പോള്‍ കോണ്‍ഗ്രസും ബിജെപി വിരൂദ്ധ മാധ്യമങ്ങളും പറയുന്നത്. ഒരേ സംമയം രണ്ട് സീറ്റില്‍ മത്സരിക്കുന്ന ആദ്യയാളാണ് നരേന്ദ്ര മോദി എന്ന നിലയിലാണ് വിമര്‍ശനം. 1980 ല്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ ഇന്ദിരാഗാന്ധി രണ്ടു മണ്ഡലങ്ങളിലാണ് ജനവിധി നേടിയത്. ഉത്തര്‍ പ്രദേശിലെ റായ് ബറേലിയും ആന്ധ്രയിലെ മേഡക്കും. രാജമാതാ വിജയരാജ സിന്ധ്യയായിരുന്നു റായ്ബറേലിയില്‍ എതിര് സ്ഥാനാര്‍ത്ഥി. മേഡ്കില് ജനതാപാര്‍ട്ടിയുടെ എസ് ജയ്പാല് റഡ്ഡിയും. രണ്ടിടത്തും ജയിച്ച ഇന്ദിര റായ് ബറേലി നിലനിര്‍ത്തി.
പ്രധാനമന്ത്രിയായ അടല്‍ ബിഹാരി വാജ്പേയി രണ്ടു പ്രാവശ്യം രണ്ടു മണ്ഡലങ്ങളില്‍ വീതം മത്സരിക്കുകയും രണ്ടിടത്തും ജയിക്കുകയും ചെയ്ത നേതാവാണ്. 1991 ല്‍ ലക്നോയ്ക്കു പുറമെ മധ്യപ്രദേളിലെ വിദിശയിലും വാജ്പേയി ജനവിധി തേടി. 5.45 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലക്നോയില്‍ ജയിച്ചത്. വിദിശയില്‍ 1.04 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനും. ലക്നോ വാജ്പേയി നിലനിര്‍ത്തി. വിദിശ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചാണ് ഇപ്പോഴത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ആദ്യമായി ലോക്സഭയിലെത്തിയത്. 1996ലും വാജ്പേയി രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ചു. ലക്നോയും ഗാന്ധിനഗറും. രണ്ടിടത്തും ജയം. ഹവാലാക്കേസില് വ്യാജ ആരോപണം നേരിട്ടപ്പോള്‍ സത്യമറിയാതെ മത്സരത്തിനില്ലെന്ന നിലപാട് എല്‍.കെ അദ്വാനി എടുത്തപ്പോള്‍ അദ്ദേഹത്തിന്റെ മണ്ഡലമായ ഗാന്ധിനഗറില്കൂടി വാജ്പേയി മത്സരിക്കുകയായിരുന്നു. 1999ല്‍ മുലയം സിംഗ് യാദവും 2009 ല്‍ മകന് അഖിലേഷ് യാദവും രണ്ട് മണ്ഡലങ്ങളില്‍ വിജയം നേടിയവരാണ്. സ്ഥിരം മണ്ഡലമായ സാംബലിനു പുറമെ കനൗജിലും മുലയം ജയിച്ചു. കനൗജ് രാജിവെച്ചതിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പില്‍ മകന് അഖിലേഷ് അവിടെ ജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കനൗജിനു പുറമെ ഫിറോസാബാദില്കൂടി അഖിലേഷ് മത്സരിച്ചു.
ഫിറോസാബാദ് രാജിവെക്കുകയും പകരം അവിടെ ഭാര്യ ഡിംപിളിനെ നിര്‍ത്തി ജയിപ്പിക്കുകയും ചെയ്തു. ഇത്തവണയും മുലയം രണ്ടിടത്ത് മത്സരിക്കുന്നുണ്ട്. മയന്പുരിയിലും അസന്ഗഡിലും.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: