ജിഗാ ഇമേജുകളുടെ വിസ്മയലോകം വെര്‍ച്വല്‍ റിയാലിറ്റി ഫോട്ടോകളും ജിഗാ ഇമേജുകളും ചേര്‍ത്ത് ലീന്‍ തോബിയാസ് സൃഷ്ടിക്കുന്നലോകം വിവരിക്കുകയാണ് എം. രാജശേഖര പണിക്കര്‍
കാണാന്‍ കൊതിക്കുന്ന സ്ഥലം ഈ ക്യാമറക്കണ്ണിലൂടെ കാണാം, കണ്‍നിറയെ. പക്ഷേ, ഉറപ്പാണ് നിങ്ങള്‍ അടുത്ത ദിവസം അവിടം നേരിട്ടുകാണാന്‍ തീരുമാനിക്കും; കണ്ടാലോ, നേരിട്ടുകാണുന്ന കാഴ്ചയേക്കാള്‍ ആ ക്യാമറയുടെ കണ്ണിലൂടെ കണ്ടത് നല്കുന്ന അനുഭവം തന്നെയാണു മികച്ചതെന്ന് തലകുലുക്കി സമ്മതിക്കും. കണ്ണുകളേക്കാള്‍ കഴിവുള്ള ഈ ക്യാമറക്കണ്ണാണ് ലീന്‍ തോബിയാസിനെ ശ്രദ്ധേയനാക്കുന്നത്. ഏകമുഖമായ ഫ്ലാറ്റ് ഫോട്ടോഗ്രഫിയുടെ എല്ലാ പരിമിതികളേയും വെല്ലവിളിച്ച് വെര്‍ച്വല്‍ 360 ഫോട്ടോഗ്രഫിയും അതിനപ്പുറം നൂതന സാങ്കേതികവിദ്യയായ ജിഗാ ഇമേജുകളുമായി ലീന്‍ തോബിയാസ് നമ്മെ അമ്പരപ്പിച്ചുകൊണ്ടിരിക്കുന്നു.
വെര്‍ച്വല്‍ റിയാലിറ്റി ഫോട്ടോഗ്രാഫര്‍ എന്തുകാണുന്നുവോ അതിന്റെ സൂക്ഷ്മാംശങ്ങള്‍വരെ ദൃശ്യചാരുത ചോര്‍ന്നുപോകാതെ നമ്മിലേക്ക് പകരുന്നു. നാമും ആ ദൃശ്യത്തിനു സാക്ഷിയാകാന്‍ കഴിയും വണ്ണം ദൃശ്യം നമ്മുടെ മുമ്പില്‍ വിടരുകയാണ് ചെയ്യുന്നത്. വെര്‍ച്വല്‍ റിയാലിറ്റി എന്നാല്‍ കേരളത്തില്‍ ലീന്‍ തോബിയാസ് ആണ്. ഹായ് ഡൈനാമിക് റേഞ്ച് ഇമേജറികളിലൂടെ അസാധാരണമായ ജിഗാ ഇമേജുകള്‍ തോബിയാസ് സൃഷ്ടിക്കുന്നത് ടെലി ലെന്‍സ് ഉപയോഗിച്ച് ഷൂട്ടുചെയ്യുന്ന ആയിരക്കണക്കിന് ഫോട്ടോകള്‍ പ്രത്യേക സംവിധാനങ്ങളിലൂടെ വിദഗ്ധമായി എഡിറ്റ് ചെയ്താണ്. അത്തരം ചിത്രങ്ങളില്‍ സമീപകാലത്ത് ലോകത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രം എന്നു ഖ്യാതിനേടിയ അനന്തപദ്മനാഭസ്വാമി ക്ഷേത്രഗോപുരത്തിന്റെ ഫോട്ടോ വേറിട്ടു നില്ക്കുന്നു. താഴെനിന്നോ, ബൈനോക്കുലേഴ്സ് ഉപയോഗിച്ചോ പോലും ദൃശ്യസാധ്യതയില്ലാത്ത ശില്പങ്ങളും അവയുടെ സൂക്ഷ്മഭാവങ്ങള്‍പോലും നമുക്ക് ഗോപുരത്തിന്റെ ജിഗാ ഇമേജിലൂടെ കാണാം. 800 എം ടെലി-ലെന്‍സ് ഉപയോഗിച്ചാണ് അത് ചിത്രീകരിച്ചത്. ഗോപുരത്തിലെ വിഗ്രഹങ്ങളുടെ കണ്ണുകള്‍പോലും ഈ ക്യാമറക്കണ്ണിലൂടെ സ്പഷ്ടം. ഈ 19 ജിബി ഇമേജിന് ഇന്‍ഡ്യയിലെ ഏറ്റവും വലിയ ഫോട്ടോ ഇമേജ് എന്ന നിലയില്‍ തോബിയാസിന് ലിംകാ ബുക്ക് ഓഫ് റെക്കാഡ്സില്‍ അംഗീകാരം നേടിക്കൊടുക്കുകയുന്ടായി.
“ഞ്ഞാന്‍ പോലും ഇത്ര അടുത്ത് ഈ ശില്പങ്ങള് കണ്ടിട്ടില്ല,” എന്ന് അന്ന് മഹാരാജാവ് അഭിപ്രായപ്പെട്ടതായി തോബിയാസ് പറയുന്നു. വെബ്സൈറ്റില്‍ ഈ ചിത്രംവന്ന് ഏതാനും മണിക്കൂറുകള്‍ക്കകം ഒരു ലക്ഷം വിസിറ്റേഴ്സാണ് ഈ ചിത്രം കണ്ടത്. ഇതിനു മുമ്പ്, “എന്റെ ഗന്ധര്വന്” എന്ന പേരില്‍ കെ.ജെ. യേശുദാസിന്റെ ആദ്യത്തെ ഫോട്ടോ ബയോഗ്രഫിക്കാണ് ലിംകാ ബുക്കിന്റെ അംഗീകാരം തോബിയാസിന് ലഭിച്ചത്. കേരള ടൂറിസം അവാര്‍ഡും തോബിയാസിനെ തേടിയെത്തി.
“പത്മനാഭസ്വാമി ക്ഷേത്രത്തിനു ശേഷം, മധുര മീനാക്ഷി ക്ഷേത്രം, ഖജൂരാഹോ, ദോഹാ സിറ്റി, കാന്‍ഡി എന്നിവയുടെ ജിഗാ ഇമേജുകള്‍ ആയി. മധുര മീനാക്ഷി ക്ഷേത്രത്തിന് 60 ജിബി യും, ദോഹ, കാന്‍ഡി എന്നീ ഇമേജുകള്‍ക്ക് 100 ജിബിയുമാണ്. ഏഴു ക്ഷേത്രങ്ങളടങ്ങുന്ന ഖജൂരാഹോവിലെ ഒരു ക്ഷേത്രത്തിനുതന്നെ 90 ജിബിയുണ്ടാകും,” തോബിയാസ് പറയുന്നു. ഇന്‍ഡ്യാഗേറ്റിലെ രേഖപ്പെടുത്തിയ രക്തസാക്ഷികളുടെ പേരുകള്‍ ബൈനോക്കുലേഴ്സുകൊണ്ടു പോലും വായിക്കുക ശ്രമകരമെന്നിരിക്കെ ജിഗാ ഇമേജിലൂടെ സുവ്യക്തമായി കാണാനാകും. കൊച്ചി ഗസ്തൗസിന് സമീപ മുള്ള ഉയരമുള്ള ഒരു ഹോട്ടലിന്റെ മുകളില്‍ നിന്നെടുത്ത കൊച്ചിയുടെ 400ല്‍പരം ഇമേജുകള്‍ തുന്നിച്ചേര്‍ത്ത് നഗരത്തിന്റെ ഒരു പനോരമിക് കാഴ്ച തോബിയാസ് സൃഷ്ടിച്ചു. തോബിയാസ് 360 ഡിഗ്രി ത്രീ ഡൈമെന്‍ഷണല്‍ ഇമേജുകള്‍ സൃഷ്ടിക്കുന്നത് പ്രത്യേകതരം ലെന്‍സുകള്‍ റൊട്ടേഷണല്‍ ക്യാമറകളില്‍ ഘടിപ്പിച്ചാണ്. മനുഷ്യന്റെ കഴുത്തു പോലെ തിരിയുന്ന ഈ ക്യാമറകള്‍ ഒരു രംഗത്തിന്റെ ഉപരിഭാഗവും അധോഭാഗവും പാര്‍ശ്വഭാഗങ്ങളും ഒപ്പിയെടുക്കാവുന്ന തരത്തിലാണ്. ഈ ഇമേജു കളാണ് ഇന്റര്‍നെറ്റ് ഉപയോഗിച്ച് ഇലക്ട്രോണിക്കലായി സംഭവസ്ഥത്തുനിന്ന് വീക്ഷിക്കുന്ന നിലയില്‍ രൂപപ്പെടുത്തിയെടുക്കുന്നത്. ഫോട്ടോഗ്രഫിയിലെ അനേകവര്‍ഷത്തെ പരിചയവും തോംസണ്‍ ഫൗണ്ടേഷനി ലെയും ഐഎഫ്ആര്എ ഏഷ്യ, ലൈറ്റ് ഓഫ് അക്കാഡമി ഇന്‍ഡ്യ എന്നിവിടങ്ങളിലെ പരിശീലനവും, എല്ലാത്തിലമുപരി ഈ മേഖലകളിലെ പരീക്ഷണങ്ങള്‍ക്കുള്ള ഒടുങ്ങാത്ത ആവേശവുമാണ് തോബിയാസിനെ വിആര്‍ ഫോട്ടോഗ്രഫിയില്‍ പകരക്കാരില്ലാത്തവണ്ണം മുന്‍നിരയിലെത്തിച്ചത്. വെര്‍ച്വല്‍ 360 ഡിഗ്രി ഇമേജ്, സമ്പൂര്‍ണ്ണ വസ്തുവും 180 ഡിഗ്രി മുകളിലേക്കും 180 ഡിഗ്രി താഴേക്കും, 360 ഡിഗ്രി ചുറ്റിലുമായി ദൃഷ്ടിയിലേക്ക് കൊണ്ടുവരുന്നു. കാഴ്ചക്കാരന് കയ്യിലെ വസ്തുപോലെ തിരിച്ചും മറിച്ചും എവിടെയും കാണാം, എവിടെയും സൂം ചെയ്യാം.
ചെന്നൈയും ബങ്കളൂരുവിലും ദല്‍ഹിയിലും മുംബൈയിലും മാത്രമുണ്ടായിരുന്ന ഈ നൂതനവിദ്യ കേരളത്തിലേക്ക് കൊണ്ടുവരികയും അതിന്റെ അനന്തമായ സാധ്യതകളെക്കുറിച്ച് കേരളീയ സമൂഹത്തെ ബോധവല്‍ക്കരിക്കുകയും ചെയ്തതാണ് തോബിയാസിന്റെ മഹത്തായ സംഭാവന. ഈ ഫോട്ടോഗ്രഫിക്ക് കുറ്റാന്വേഷണം, ബിസിനസ് ശാസ്ത്രം, ടൂറിസം മേഖലകളില്‍ വമ്പിച്ച സാധ്യതയുണ്ട്. പാശ്ചാത്യലോകത്ത് എഫ്ഐബി ഇതിനെ ക്രൈം ഫോട്ടോഗ്രഫി എന്നാണ് വിളിക്കുക. ക്രൈം സ്പോട്ടിന്റെ സമ്പൂര്‍ണ്ണ രംഗങ്ങളും പോലീസ് ഫോട്ടോഗ്രാഫര്‍ 360 ഡിഗ്രി ചിത്രങ്ങളില്‍ ഷൂട്ട് ചെയ്യുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മാറിയാലും സംസാരിക്കുന്ന ഈ ചിത്രങ്ങള്‍ തെളിവാകും. ഒരു പ്രൊഡക്ടിന്റെ ടോട്ടല്‍ പിക്ചര്‍ വസ്തു കാണാതെ കാണാം. ഒരു ഫ്ലാറ്റിന്റെ, ഓഫീസിന്റെ, അപാര്‍ട്ട്മെന്റിന്റെ, ചരിത്രസ്മാരകത്തിന്റെ, വാഹനത്തിന്റെ, പനോരമ ദൃശ്യം മതി ആ വസ്തുവിന്റെ പൂര്‍ണ്ണരൂപം ലഭിക്കാന്‍. ക്യാമറയും കമ്പ്യൂട്ടറും ചേര്‍ന്നാണ് ഈ ദൃശ്യ വിസ്മയമൊരുക്കുന്നത്. ഷൂട്ടുചെയ്ത ചിത്രങ്ങള്‍ ഹായ് ഡൈനാമിക് പിക്ചര്‍ റേഞ്ചിലേക്ക് മാറ്റി ഒറ്റ ദൃശ്യമാക്കുന്നു. ഫ്ലാഷിലുള്ള പനോരമ കാണുന്നതിന് 256 കെബിപിഎസില്‍ കൂടുതലുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷനും ഫ്ലാഷ് പ്ലെയറും, പനോരമയിലെ ശബ്ദശ്രവണത്തിന് ഓഡിയോ ഡ്രൈവേഴ്സും സ്പീക്കറുകളും വേണം. എല്ലാം ചേരുമ്പോള്‍ ഒരു സീനിന്റെ ദൃശ്യാനുഭവമാകുന്നു. ക്ഷേത്രങ്ങളും പള്ളികളും തോബിയാസിന് ഹരമാണ്, കാരണം, അതിന്റെ മനോഹാരിതതന്നെ.
മൂകാംബികാ ക്ഷേത്രവും, വേളാങ്കണ്ണിയും ശ്രീ പത്മനാഭസ്വാമി ക്ഷേത്രവും അതില്‍ ഏതാനും ചിലതുമാത്രം. ബൈബിള്‍ കഥകളും ചരിത്രവും അത്ഭുതങ്ങളും പേറുന്ന മണ്ണിലൂടെ തോബിയാസ്കണ്ട കാഴ്ചകള്‍ p4panorama.com നമ്മെ കാണിക്കുന്നു. യേശു സഞ്ചരിച്ച നൂറോളം സ്ഥലങ്ങളിലൂടെ തോബിയാസ് സഞ്ചരിക്കുന്നു, നമുക്ക് കാട്ടിത്തരുന്നു. യേശുക്രിസ്തുവിന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളുടെ ദൃശ്യാനുഭവങ്ങളാണ് തോബിയാസ് നമുക്ക് പകര്‍ന്ന് തരുന്നത്. വാഗ്ദത്ത ഭൂമിയും, നെബോ താഴ്വരയും, കന്യകാമറിയത്തിന്റെ ശവകുടീരവും, ബത്ലഹേമിലെ നക്ഷത്രവും, ചാവുകടലും, ഗലീലി സമുദ്രവും നമുക്ക് കണ്മുമ്പില് കാണുന്നപോലെ അടുത്തു കാണാം. ലണ്ടന്‍ പാര്‍ലമെന്റ്, സെന്റ ് പോള്‍സ് കത്തീഡ്രല്‍, ബാങ്ക്കോക്കിലെ ഗ്രാന്‍ഡ് പാലസ് എന്നിവയും ഈ ശ്രേണിയിലെ ക്ലാസിക് ചിത്രങ്ങളാണ്. അനേകം ചിത്രങ്ങള്‍ ചേര്‍ത്ത് തയാറാക്കുന്ന ഒരു ഫ്രെയിമിന് ഒരു പനോരമ എന്നാണ് പറയുക. സോമതീരം റിസോര്‍ട്ട്, റാംദാ റിസോര്‍ട്ട്, റാവിസ്, ബാഹ്റൈന്‍ അറ്റ്ലസ് ജ്വല്ലറി എന്നിവകളുടെ പനോരമകള്‍ വന്നതോടെ ബിസിനസ് രംഗത്ത് കൂടുതല്‍ റിസോര്‍ട്ടുകളും ഹോട്ടലുകളും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരും ഈ സങ്കേതം വ്യവസായികാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വിവാഹങ്ങള്‍ക്കും പനോരമ ഫോട്ടോഗ്രഫി ആവശ്യമുള്ളവരുണ്ട്.
തിരുവനന്തപുരത്തെ ശാന്തിഗിരി ആശ്രമം, ബെത് സേദാ ഹോംസ്റ്റേ, ജറുസലെം റിട്രീറ്റ് സെന്റര്‍ എന്നിവയും ശേഖരത്തിലുണ്ട്. എരുമേലി, ശബരിപീഠം, പമ്പ, പതിനെട്ടാം പടി, മാളികപ്പുറം, ഭസ്മക്കുളം, നീലിമല എന്നീ ശബരിമലയുടെ പുണ്യസങ്കേതങ്ങളും തോബിയാസിന്റെ വെബ് സൈറ്റില്‍ കാണാവുന്നതാണ്.
തോബിയാസിന്റെ ജിഗാ ഇമേജുകളില്‍ രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ മംഗലാപുരത്തു നടന്ന, ഒരു ലക്ഷത്തോളം പേര് പങ്കെടുത്ത വിഭാഗ് സാംഘിക്ക് വേറിട്ട് നില്ക്കുന്നു. http://www.p4panorama.com/panos/RSS_Mangalore_Vibhag_sanghik/index.html സൈററ്റില്‍ നോക്കിയാല്‍ അതില്‍ പങ്കെടുത്ത ഓരോ ആളുകളെയും വേര്‍തിരിച്ചറിയാനാവും വിധം ആളുകളുടെ സമ്പൂര്‍ണ്ണ സാന്നിധ്യവും തോബിയാസ് ഒപ്പിയെടുത്തു ദൃശ്യവിസ്മയം തീര്‍ത്തിരിക്കുന്നു.
ലീന്‍ തോബിയാസ് തന്റെ പനോരമ പരീക്ഷണങ്ങള്‍ തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു. ശബരിമലയിലേക്കും മൂകാംബിയിലേക്കും ജറുസലേമിലെക്കും നമ്മെ കൊണ്ടുപോകുന്ന തോബിയാസ് കാഴ്ചകള്‍ മാത്രമല്ല, അവിടുത്തെ ചരിത്രം കൂടി ഒരു മൗസ് ക്ലിക്കില്‍ വായിക്കാനുള്ള സൗകര്യം പനോരമയില്‍ തന്നെ ചെയ്തിട്ടുണ്ട്. ക്ഷേത്രങ്ങളും പള്ളികളും ചിത്രീകരിക്കുന്നതോടൊപ്പം അതുമായി ബന്ധപ്പെട്ട കീര്‍ത്തനങ്ങള്‍, സ്തോത്രങ്ങള്‍, ഗാനങ്ങള്‍ എന്നിവകൂടി താല്പര്യമുള്ളവര്ക്കു വായിക്കാം. ശബരിമലയുടെ വിവിധ ദൃശ്യങ്ങള്‍ കാണുന്നവര്‍ക്ക് “ഹരിവരാസന”വും “സ്വാമി തിന്തകത്തോം, അയ്യപ്പ തിന്തകത്തോമം” പിഡിഎഫ് ഫലുകളില്‍ വായിക്കാം, ബന്ധപ്പെട്ട ചില വീഡിയോകളും ലഭിക്കും. കൂടാതെ പനോരമയില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത ചെറിയ ചെറിയ ഇമേജുകള്‍ ഫോട്ടോ ഗാലറിയില്‍ ശേഖരിച്ചിട്ടുണ്ട്. രഥോത്സവത്തിന്റെയും ലക്ഷാര്‍ച്ചനയുടെയും ഫോട്ടോകളും ലഭ്യമാണ്.
നാം കാണുന്ന സ്ഥലങ്ങളുടെ ലൊക്കേഷന്‍ മാപ്പും റൂട്ട് മാപ്പും പനോരമയില്‍ ലഭിക്കും. മാത്രമല്ല അവിടുത്തെ കാലാവസ്ഥയും രേഖപ്പെടുത്തിയിട്ടുണ്ട്. അവിടുത്തെ താപനില ഫാരന്‍ഹീറ്റിലും സെല്‍ഷ്യസിലും മനസ്സിലാക്കാം. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ദേവിയുടെ സന്നിധിയില്‍ അമ്മയ്ക്കുവേണ്ടി സമര്‍പ്പിക്കുന്ന പൊങ്കാലയുടെ തത്സമയ സംപ്രേഷണം ചെയ്യാനും ഈ വര്‍ഷം തോബിയാസിനു കഴിഞ്ഞു. യുനെസ്കോ പൈതൃകസ്ഥലങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള ശ്രീലങ്കയിലെ ആറു സൈറ്റുകളും തോബിയാസ് ഇതിനകം പനോരമയിലാക്കിക്കഴിഞ്ഞു. ഇന്ത്യയില്‍ 31 പൈതൃകസ്മാരകങ്ങള്‍ ഉണ്ട്. അതില്‍ ഏതാനും സ്ഥലങ്ങള്‍ ചെയ്തെങ്കിലും മുഴുവനാക്കുക എന്നത് വളരെ ശ്രമകരമായ ദൗത്യം തന്നെയാണ്, തോബിയാസ് പറഞ്ഞു.
തോബിയാസ് കൂടുതല്‍ ഉയരങ്ങളിലേക്കു പോകുകയാണ്. ഇനി ഒരു ഹിമാലയയാത്ര, 2014ല്‍! ഒരു മൗസ്ക്ലിക്കില് മഞ്ഞും മാനസസരസും ആകാശത്തെ മുട്ടിയുരുമ്മി നില്ക്കുന്ന ഹിമഗിരിശൃംഗങ്ങളും നമുക്ക് കാണാം, മറ്റാരും കാണാത്ത വ്യക്തതയോടെ. “അതിനു മുമ്പ്, ഈ വര്‍ഷം ഏഴു ലോകാത്ഭുതങ്ങളുടെ പനോരമ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കണം. താജ്മഹളും ഈജിപ്റ്റിലെ പിരമിഡും ജോര്‍ദാനിലെ പെട്രായും പൂര്‍ത്തിയായി. ബാക്കി ഈ വര്‍ഷം പൂര്‍ത്തിയാക്കണം,” തോബിയാസ് പറഞ്ഞു. അതെ, കാത്തിരിക്കാം തോബിയാസില്നിന്നു കൂടുതല്‍ അത്ഭുതങ്ങള്‍ക്കായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: