അവ ഹൃദയബന്ധത്തിന്റെ ആഴവും പരപ്പും അളന്നു കാണിച്ചിരുന്നു, ആത്മാര്‍ത്ഥതയുടെ അക്ഷര രൂപങ്ങളില്‍ അവരവരുടെ മുഖവും സാന്നിദ്ധ്യമായിരുന്നു അവ. സാങ്കേതികതകളുടെ തിടുക്കം പിടിച്ചവരില്‍ പയ്യെപ്പയ്യെ ഓര്‍മയിലേക്ക് മറയുമ്പോഴും ഓട്ടോഗ്രാഫ് സുഖമുള്ള ഒരു വേദനപ്പുസ്തകമായി നില്ക്കുന്നു.
പത്താംക്ലാസ് വഴിത്തിരിവാണൈന്ന് പഠനത്തിന്റെ വഴികാട്ടികള്‍ പറയും. പക്ഷേ അതുമാത്രമോ. ശരീരവും മനസ്സും പുതുവഴി യാത്രകള്‍ തുടങ്ങുന്ന കവല. അതിനുമപ്പുറം പുതിയ കൂടിച്ചേരലുകള്ക്കുമപ്പുറം വേറിടലിന്റെ മിഴിയോരം പത്തുവര്‍ഷം ഒന്നിച്ചുപഠിച്ചും കളിച്ചും രസിച്ചും പിണങ്ങിയും വര്‍ത്തമാനം പറഞ്ഞും മത്സരിച്ചും കഴിഞ്ഞവരുടെ നൊമ്പരങ്ങളുമാണ് പത്താം ക്ലാസ് അവസാനത്തെ നാളുകള്‍. അതിന്റെ സാക്ഷ്യ ചരിത്രമാണ്, ആയിരുന്നു, ഓട്ടോഗ്രാഫ്.
അതുപക്ഷേ അന്ന്, ഇന്നോട്ടോഗ്രാഫോ? അതെന്താണ് അച്ഛാ എന്ന ചോദ്യം ഒന്നാം ക്ലാസുകാരിയുടേതായിരുന്നില്ല. പത്താംക്ലാസിന്റെ അവസാന പരീക്ഷ കഴിഞ്ഞ് വിശ്രമത്തിന്റെ വിനോദ തുടക്കത്തില്‍ ഓട്ടോഗ്രാഫ് ചര്‍ച്ചാ വിഷയമായി. പത്താം ക്ലാസുകാരി ചോദിക്കുകയാണ് വീണ്ടും, ഓട്ടോഗ്രാഫ് എന്താണച്ഛാ. അയാള്‍ മകളുടെ മുഖത്തേക്ക് നോക്കിയിരുന്നു. കണ്ണിന്റെ ക്യാമറ ഔട്ട് ഓഫ് ഫോക്കസിലായി. അവിടെ കുഴിയാനകള്‍ പോലെ അക്ഷരങ്ങള്‍ നിരങ്ങിക്കളിച്ചു. അവ കവിതകളായി, തത്വചിന്തകളായി, ഉദ്ധരണികളായി കിളിത്തട്ടുകളിച്ചു. കഷ്ടപ്പെട്ട് കാണാതെ പഠിച്ച ഇംഗ്ലീഷ് പദ്യശകലങ്ങള്‍ അക്ഷരത്തെറ്റോടെ കുറിച്ചിട്ടവരും അക്ഷരത്തില്‍ ഒതുക്കാനാവാത്ത സ്നേഹം കയ്യൊപ്പായി പതിച്ചവരും കണ്ണുനീര്‍ത്തുള്ളിയില്‍ കടലാസ് നനച്ചവരും ഒത്തുചേര്‍ന്ന് പത്ത് സി എന്ന ക്ലാസ് മുറിയില്‍ ചിരിയും കരച്ചിലും ചലച്ചിത്രം കളിക്കുകയായിരുന്നു അയാള്‍ക്കുമുന്നില്‍. ഓട്ടോഗ്രാഫ് ഒരു വികാരമായിരുന്നു എന്ന് പറഞ്ഞാല്‍ ഇവള്‍ക്കു മനസ്സിലാകില്ലല്ലോ എന്ന് സങ്കടപ്പെടുകയായിരുന്നു അയാള്‍.
ജനുവരിയില്‍ ആശംസാകാര്‍ഡിനൊപ്പം വാങ്ങിയ ഓട്ടോഗ്രാഫില്‍ ആദ്യം ക്ലാസ് ടീച്ചര്‍ എഴുതട്ടെ എന്നു കരുതി. പിന്നെ ഹെഡ്മാസ്റ്റര് ആവട്ടെ എന്നും, ഒടുവില്‍ താളുകള്‍ തികയാതെ വന്നപ്പോള്‍ കണക്ക് നോട്ട് ബുക്കിന്റെ അവശേഷിച്ച താളുകളിലായി കുറിപ്പ്. കൂട്ടുകാര്‍, അദ്ധ്യാപകര്‍, ഓഫീസിലെ ക്ലാര്‍ക്ക്, പ്യൂണ്‍ അവരൊക്കെ അക്ഷരം പതിച്ച ഓട്ടോഗ്രാഫില്‍ മതിലിന് പുറത്തെ കപ്പലണ്ടിക്കച്ചവടക്കാരന്‍ കുട്ടന് ചേട്ടനെക്കൊണ്ട് എഴുതിച്ചതും ഒരു കൗതുകമായിരുന്നു, അല്ലല്ല, അതൊരു ജീവിതചര്യയായിരുന്നു. ക്ലാസുകള്‍ കഴിയുന്ന കാലം മുതലേ തുടങ്ങും വിരഹത്തിന്റെ വല്ലായ്മകള്‍. അതിന് പ്രണയത്തിന്റെ നിറം വന്നത് പില്‍ക്കാലത്തെപ്പോഴൊ ആയിരിക്കും. പക്ഷേ, വേര്‍പെടുന്നതിന്റെ നൊമ്പരം ആരിലും ഉണ്ടായിരുന്നു. അതൊരു യാഥാര്‍ത്ഥ്യം. ഗ്രൂപ്പ് ഫോട്ടോയില്‍ പോസ് ചെയ്യുമ്പോള്‍ കരഞ്ഞുകലങ്ങിയ കണ്ണുകള്‍ കാണാമായിരുന്നു. കരളും പറിഞ്ഞ് പോയിരുന്ന വേദന അന്ന് സ്കൂളങ്കണം വിടുമ്പോഴുമുണ്ടായിരുന്നു. അതെല്ലാം പക്ഷേ ഇന്നത്തെ പത്താം ക്ലാസുകാരിക്ക് എങ്ങനെ മനസ്സിലാക്കിക്കൊടുക്കും. ഒരുപക്ഷേ ഗ്രാമങ്ങളിലെ സ്കൂളുകളില്‍ ഓട്ടോഗ്രാഫ് ഇന്നും ജീവിക്കുന്നുണ്ടായിരിക്കാം. രാത്രി വൈകിയും പഴയ പെട്ടികളും പുസ്തക കൂമ്പാരങ്ങളും തിരഞ്ഞുകൊണ്ടിരിക്കെ ഭാര്യയുടെ പരാതി. പൊടിയുടെ അലര്ജിക്കാരനാണ്, എന്തിനാണീ പഴയതെല്ലാം പരതുന്നു. ഒടുവില്‍ ചെറിയ ആ പുസ്തക കഷണം കിട്ടിയപ്പോള്‍ മേറ്റ്ല്ലാം മറന്ന് അതു വായിക്കാനിരുന്നു. ഒപ്പം കൂടി അവളും അയാള്‍ക്കൊപ്പം. നീലയും മഞ്ഞയും വൈലറ്റും റോസും നിറത്തിലുള്ള താളുകള്‍. കറുപ്പും പച്ചയും നീലയും മഷിയിലെ അക്ഷരങ്ങള്‍. അതില്‍ വടിവൊത്ത കൈപ്പടയില്‍ ഇങ്ങനെ, “ഈ പുഞ്ചിരി ഒരിക്കലും മായരുതേ, എന്ന് കണ്ടാലും ഒന്നു സമ്മാനിക്കണേ” അന്നത്തെ പത്താം ക്ലാസുകാരിയുടെ കവിളില്‍ നാണം പൂത്തുവോ. അയാള്‍ അവള്‍ക്ക് ഒരു പുഞ്ചിരികൂടി കൊടുത്തു.
മകളെ വിളിച്ചുണര്‍ത്തി ഓട്ടോഗ്രാഫ് കാണിക്കണമെന്ന് അയാള്‍ക്ക് തോന്നി. അവള് തടസ്സം നിന്നു, കാലത്ത് മതിയെന്ന്. അയാള്‍ക്ക് ഉറങ്ങാനായില്ല. കുട്ടിക്കാലത്ത് അമ്മ വിഷുക്കണി ഒരുക്കി കാത്തിരിക്കുമായിരുന്നതുപോലെ അയാളിരുന്നു. പുലര്‍ച്ചെ അന്ന് മക്കളെ വിളിച്ചു. ഓട്ടോഗ്രാഫ്. ഉറക്കച്ചടവില്‍ അമ്മേ, ഈ അച്ഛനെന്തുപറ്റിയെന്നായി മകള്‍. അവള് മറന്നേ പോയിരിക്കുന്നു. ഏറെ പ്രതീക്ഷയോടെ, കൗതുകത്തോടെ, ആവേശത്തോടെ അയാള്‍ വിവരിച്ചു, ഓട്ടോഗ്രാഫിനെക്കുറിച്ച്. മൂക്കില്‍ വിരല്‍ ചേര്‍ത്ത് മകള്‍ കേട്ടിരുന്നു. ഒരത്ഭുത ജീവിയെക്കാണുമ്പോലെ അച്ഛനെ നോക്കിയിരുന്നു. ആസ്ത്മയുടെ തുടക്കത്തിലേ ശ്വാസംമുട്ടലില്‍ അയാള്‍ നിര്‍ത്തിയപ്പോള്‍ മകള്‍ ചോദിച്ചു, അച്ഛാ, ഫേയ്സ്ബുക്കിനോളം വരുമോ. മൊബെയിലില്‍ ഒരു പിക്ചറും ഫോണ്‍ നമ്പരുമുണ്ടെങ്കില്‍ ഇതൊക്കെ വേസ്റ്റ് ഓഫ് ടൈം അല്ലെ. ഫാസ്റ്റ് വെബ്ബിംഗ് വേള്‍ഡില്‍ ഓട്ടോഗ്രാഫൊക്കെ ഔട്ട് ഓഫ് ഗ്രാഫ് ആയില്ലെ. ഇന്റര്‍നെറ്റ് യുഗത്തില്‍ ആരാണച്ഛാ ഇതൊക്കെ സൂക്ഷിക്കാന്‍ പോവുന്നത്. മകള്‍ ബ്രഷ് ചെയ്യാന്‍ പോയി. അവള് കാപ്പിയുമായി വരുമ്പോള്‍ അയാള്‍ ഓട്ടോഗ്രാഫിലെ പേജുകള്‍ ഓരോന്നായി തുറന്ന് അതിന്റെ പഴമയുടെ ഗന്ധം ഉള്ളിലേക്ക് വലിച്ചുകയറ്റുകയായിരുന്നു, ഒരുതരം ആവേശത്തോടെ. പത്താം ക്ലാസുകാരന്റെയല്ല, നഴ്സറിക്കുട്ടിയുടെ ആവേശത്തോടെ. അവള് ശാസിച്ചു. ശമിച്ചിരുന്നതാണ്, വീണ്ടും വരുത്തിവക്കും ശ്വാസംമുട്ടല്‍. അയാള്‍ക്കുമുന്നില്‍ അപ്പോള്‍ പത്താം ക്ലാസുകാരി ശാരദ മാത്രമായിരുന്നില്ല, പത്ത് സി യിലെ മുഴുവന്‍ പേരും ജോസഫ്, കാര്‍ത്തിക, സദാനന്ദന്, കെ.കെ.ജ്യോതി, ഷാജി, നാരായണന് കുട്ടി, ഉഴപ്പന് സാബു, ചോക്കു രാധാകൃഷ്ണന്…..
മകളാണ് വീണ്ടും ചോദിച്ചത്, അച്ഛാ ഓട്ടോ ഗ്രാഫ് എഴുതുന്ന നോട്ട് ബുക്ക് എവിടെ വാങ്ങാന്‍ കിട്ടും. അയാള്‍ക്ക് അപ്പോള്‍ത്തന്നെ വണ്ടിയെടുത്ത് പുറത്തേക്ക് പോകാന്‍ തോന്നി, നിറങ്ങളുടെ പുസ്തകം തേടി……..
സുദര്ശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: