കൊച്ചി: സംസ്ഥാനത്തിന്റെ സാമ്പത്തിക തലസ്ഥാനം. അതാണ് കൊച്ചി ഉള്‍പ്പെടുന്ന എറണാകുളം മണ്ഡലം. കേരളത്തിന്റെ ഖജനാവിലേക്കുള്ള നികുതി വരുമാനത്തിന്റെ നാല്‍പ്പത് ശതമാനത്തിലേറെ സംഭാവന ചെയ്യുന്നത് എറണാകുളമാണ്. സംസ്ഥാനത്തിന്റെ അഭിമാന പദ്ധതികളും സ്ഥാപനങ്ങളും മണ്ഡലത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. എറണാകുളം മണ്ഡലത്തില്‍ നിന്ന് തെരഞ്ഞടുക്കപ്പെടുന്ന ജനപ്രതിനിധി ആരായാലും എംപിയുടെ പ്രവര്‍ത്തനം കേരളത്തിന്റെ വികസനത്തിലും സാമ്പത്തിക പുരോഗതിയിലും നിര്‍ണ്ണായകമാകും. തെരഞ്ഞടുപ്പ് പ്രചരണ വേദിയില്‍ ഇരു മുന്നണികളും നേരിടുന്ന പ്രധാന വെല്ലുവിളിയും ഇതുതന്നെ. കൊച്ചിയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിലും വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിലും ഇരു മുന്നണികളും പരാജയമായിരുന്നുവെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
സംസ്ഥാനത്ത് ഏറ്റവുമധികം കേന്ദ്ര വിഹിതം ലഭിക്കുന്ന മണ്ഡലമാണ് എറണാകുളം. എന്നാല്‍ ഈ സാധ്യതയെ മഹാനഗരത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്താന്‍ ഇരുമുന്നണികളില്‍ നിന്നും തെരഞ്ഞടുക്കപ്പെട്ടവര്ക്കായില്ല. വന്‍കിട പദ്ധതികളായി ആരംഭിച്ച പല പദ്ധതികളും പാതി വഴിയില്‍ നില്‍ക്കുകയോ വന്‍ നഷ്ടത്തില്‍ കലാശിക്കുകയോ ചെയ്തിരിക്കുന്നു. മണ്ഡലത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. 3200 കോടി മുതല്‍ മുടക്കില്‍ ആരംഭിച്ച വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വന്‍ നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്നു. ടെര്‍മിനലിന്റെ നടത്തിപ്പുകാരായ ദുബായ് പോര്‍ട്ട് വേള്‍ഡിന് നഷ്ടപരിഹാരം നല്‍കേണ്ട അവസ്ഥയിലാണ് ഇപ്പോള്‍ കേന്ദ്രം. വല്ലാര്‍പാടം ടെര്‍മിനലിനു വേണ്ടി കൈക്കൊണ്ട നയങ്ങളുടെ വൈകല്യം മൂലം കൊച്ചി തുറമുഖം തകര്‍ച്ചയെ നേരിടുന്നു. വല്ലാര്‍പാടം ടെര്‍മിനലിനു വേണ്ടി ഡ്രഡ്ജിങ് നടത്തിയ ഇനത്തില്‍ തുറമുഖത്തിന് കോടികളാണ് ലഭിക്കാനുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ തുറമുഖത്തെ സംരക്ഷിക്കുന്ന ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല. തുറമുഖത്ത് വിവിധ തൊഴിലാളി സംഘടനകള്‍ ഇപ്പോള്‍ സമരത്തിലാണ്. കൊച്ചി -പെട്രോനെറ്റ് എല്‍എന്‍ജി ടെര്‍മിനലും സമാനമായ ദുരന്തം നേരിടുകയാണ്. 5000 കോടി രൂപയിലേറെ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ എല്‍എന്‍ജി ടെര്‍മിനല്‍ ഇപ്പോല്‍ നോക്കുകുത്തിയാണ്. എല്‍എന്‍ജി വിതരണത്തിനുള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കാത്തതും ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലക്ക് എല്‍എന്‍ജി ഇറക്കുമതി ചെയ്യാന്‍ കഴിയാത്തതുമാണ് ടെര്‍മിനലിനെ നോക്കുകുത്തിയാക്കുന്നത്.
ഗ്യാസ് വിതരണത്തിനുള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ സ്ഥലമേറ്റെടുക്കല്‍ പോലും ആറംഭിച്ചിട്ടില്ല എന്നറിയുമ്പോഴാണ് പിടിപ്പുകേടിന്റെ ആഴം വ്യക്തമാകുക. കുറഞ്ഞ വിലക്ക് എല്‍എന്‍ജി ലഭിക്കാനുള്ള സാധ്യതകള്‍ അവഗണിച്ച് ആസ്ത്രേലിയയില്‍ നിന്നാണ് ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്നത്.
അതാകട്ടെ സ്ഥിരം കരാറില്ലാതെ അതതു സമയത്തെ വിപണി വിലക്കും. ദീര്‍ഘവീക്ഷണമില്ലായ്മ മൂലമാണ് ഇത്തരമൊരു ദുരന്തം എല്‍എന്‍ജി ടെര്‍മിനലിനു സംഭവിച്ചത്. സമാനമായ തിരിച്ചടിയാണ് കൊച്ചി മെട്രോയുടെ കാര്യത്തിലും നേരിടുന്നത്. വന്‍ സാമ്പത്തിക ബാധ്യതയുള്ള പദ്ധതി ഇപ്പോള്‍ സമയത്ത് പൂര്‍ത്തിയാക്കാന്‍ കവിയില്ലെന്ന് വ്യക്തമായിരിക്കുകയാണ്. 5000 കോടിയിലേറെ നിര്‍മ്മാണ ചെലവു വരുന്ന പദ്ധതിയുടെ 20 ശതമാനം മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുക. ബാക്കി തുക സംസ്ഥാനം കണ്ടെത്തണം. ഇപ്പോള്‍ വന്‍ പലിശക്ക് ഫ്രഞ്ച്- ജപ്പാന് വായ്പകള്‍ സംഘടിപ്പിച്ചാണ് പദ്ധതി മുന്നോട്ടു പോകുന്നത്. കേന്ദ്ര വിഹിതം വര്‍ദ്ധിപ്പിക്കാന്‍ ഫലപ്രദമായ ഒരിടപെടലും ഉണ്ടായിട്ടില്ല.
വിദേശ വായ്പകളുടെ ഭാരം സംസ്ഥാനം വരും വര്‍ഷങ്ങളില്‍ അനുഭവിക്കേണ്ടി വരും. കൊച്ചിയുടെ അഭിമാന പദ്ധതികളിലൊന്നായി അവതരിപ്പിച്ച സ്മാര്‍ട്ട് സിറ്റിയെക്കുറിച്ച് പറഞ്ഞാല്‍ ഇപ്പോള്‍ കുട്ടികള്‍ പോലും കളിയാക്കി ചിരിക്കും എന്നതാണവസ്ഥ. 3200 കോടി ചെലവില്‍ 6 ലക്ഷം സ്ക്വയര്‍ ഫീറ്റില്‍ 2010ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ സ്മാര്‍ട്ട് സിറ്റി 2014 ലും ആദ്യഘട്ടമായ 12000 സ്ക്വയര്‍ഫീറ്റ് നിര്‍മ്മാണം പോലും പൂര്‍ത്തിയാക്കാനാകാതെ നാണം കെട്ട് നില്‍ക്കുകയാണ്. സംസ്ഥാന സര്‍ക്കാരാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നതെങ്കിലും സ്ഥലം എം പിക്ക് പദ്ധതിയുടെ കാര്യത്തില്‍ ഒട്ടേറെ ചെയ്യാനുണ്ട് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.ഒരു കാലത്ത് സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് അടിത്തറയായിരുന്ന ഒട്ടേറെ പൊതു മേഖലാ സ്ഥാപനങ്ങള്‍ തകര്‍ച്ചയുടെ നെല്ലിപ്പടിയിലാണ്. ഫാക്ടിന്റെ തകര്‍ച്ചയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഫാക്ടിനു കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് അറിയിപ്പ് ലഭിച്ചെങ്കിലും നടപ്പായില്ല.
ശുപാര്‍ശകള്‍ ധനമന്ത്രാലയം അംഗീകരിച്ചതായി പറയുന്നുണ്ടെങ്കിലും പണം ലഭിച്ചിട്ടില്ല. എന്നാല്‍ ധനസഹായം കൊണ്ട് മാത്രം തീര്‍ക്കാവുന്ന പ്രതിസന്ധിയല്ല ഫാക്ടിലേത്. നയവൈകല്യമാണ് ഫാക്ട് നേരിടുന്നപ്രതിസന്ധിക്ക് അടിസ്ഥാനം. ഒരു മുന്നണിയേയും സ്ഥിരമായി തുണക്കുന്ന സ്വഭാവമല്ല എറണാകുളത്തിന്റേത്. ഇപ്പോഴത്തെ എംപി കെ.വി തോമസ് തന്നെ ഇവിടെ ഒന്നിലേറെ തവണ പരാജയം അറിഞ്ഞിട്ടുണ്ട്. എല്‍ഡിഎഫും യുഡിഎഫും മാറി മാറി പാര്‍ലമെന്റില്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചെങ്കിലും കൊച്ചിയുടെ സമഗ്രവികസനത്തിനായി ഒരു പദ്ധതി തയ്യാറാക്കുന്നതിലോ കേന്ദ്ര സര്‍ക്കരിന്റെ പിന്തുണ ലഭ്യമാക്കുന്നതിലോ പരാജയപ്പെടുകയായിരുന്നു. അതു കൊണ്ടു തന്നെ ഇത്തരം കാര്യങ്ങള്‍ തെരഞ്ഞടുപ്പ് ചര്‍ച്ചയാക്കാന്‍ ഇരുമുന്നണികളും താത്പര്യപ്പെടുന്നില്ല. പതിവുപോലെ ഇക്കുറിയും ലത്തീന്‍ കത്തോലിക്കാ രാഷ്ട്രീയവും സാമുദായിക പിന്തുണയും തുണയാകുമെന്ന പ്രതീക്ഷയിലാണ് ഇരുമുന്നണികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: