പെരുമ്പാവൂര്‍: പാണിയേലി പോരിന്റെ വനവശ്യതയിലേക്കും പുഴയുടെ സൗന്ദര്യവും രൗദ്രതയും കാണുവാന്‍ ആയിരങ്ങളാണ് ഇവിടേക്ക് എത്തുന്നത്. സാധാരണ ദിവസങ്ങളില്‍ 300 മുതല്‍ 500 വരെ സഞ്ചാരികളാണ് എത്തുന്നത്. ശനി ഞായര്‍ ദിവസങ്ങളില്‍ ആയിരത്തിന് മുകളില്‍ ആളുകള്‍ പാണിയേലി പോരിലേക്ക് എത്തുന്നുണ്ട്. അപകടങ്ങള്‍ എത്ര നടന്നാലും ഇവിടത്തെ പാറക്കെട്ടുകള്‍ക്ക് മുകളിലൂടെ നടന്നാലും സഞ്ചാരത്തിന് മാത്രം അറുതിയില്ല.
2006-ല്‍ വനസംരക്ഷണ സമിതി ചുമതല ഏറ്റെടുത്തതിന് ശേഷം മാത്രമാണ് അപകടമരണങ്ങള്‍ കുറഞ്ഞത്. 2006വരെ 89 പേരാണ് ഇവിടെ ദുരന്തത്തില്‍ പെട്ട് മരണക്കയത്തില്‍ വീണ് പോയത്. പിന്നീട് 8വര്‍ഷത്തിനിടയില്‍ 4മരണങ്ങളാണ് സംഭവിച്ചിട്ടുള്ളത്. 2011-ല്‍ ഒരാളും 2013-ല്‍ മറ്റൊരാലും ഇവിടെ പുഴയില്‍ അകപ്പെട്ടു.
ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കുന്നതില് സംരക്ഷണസമിതി ഗൈഡുമാരും വനപാലകരും നടത്തുന്ന തീവ്രശ്രമമാണ് അപകടങ്ങള്‍ കുറച്ചത്. പ്രവേശന കവാടം മുതല്‍ പോര് വരെ കൃത്യമായി മാര്‍ഗനിര്‍ദ്ദേശങ്ങളും സൂക്ഷിക്കേണ്ട കാര്യങ്ങളും രേഖപ്പെടുത്തിയ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ പ്രദേശങ്ങളില്‍ പ്രവേശിക്കാവുന്ന സ്ഥലങ്ങളും അപകടമേഖലയും വേര്‍ത്തിരിച്ച് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പാണിയേലി പുഴയുടെയും പോരിന്റെയും അപകടചുഴികള്‍ കൃത്യമായി അറിയാവുന്ന ഗൈഡുമാരുടെ സേവനവും ഇവിടെയുണ്ട്. സമീപവാസികളായ എട്ട് ഗൈഡുമാരാണ് സഞ്ചാരികളുടെ സഹായത്തിനായി ഇവിടെയുള്ളത്. വാഹനങ്ങളുടെ പാര്‍ക്കിംഗ് കൂപ്പണുകളില്‍ വരെ സന്ദര്‍ശകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ധിക്കരിച്ചിറങ്ങുന്നവരാണ് മരണം മിഴിതുറന്നിരിക്കുന്ന ഇവിടെത്തെ കാണാക്കയങ്ങളില്‍ ചെന്ന് വീഴുന്നത്.
അച്ചനമമ്മാരടങ്ങുന്ന കുടുംബങ്ങള്‍ക്കൊപ്പംമെത്തുന്നവര്‍ മാത്രമാണ് ഇവിടത്തെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നത്. അമ്പതും അറുപതും വയസായ ഗൈഡുമാരുടെ വാക്കുകളെ അവജ്ഞയോടെ തള്ളിക്കളയുന്നവരാണ് ചെറുപ്പക്കാരില്‍ ഏറെയും. ഇത്തരക്കാരാണ് അപകടങ്ങളില്‍പ്പെടുന്നത്. കടലും, കായലും, വലിയ പുഴകളും ഉള്ള നാട്ടില്‍ നിന്നെത്തുന്ന ചെറുപ്പക്കാര്‍ക്കാണ് പാണിയേലി പോരില്‍ വേഗത്തില്‍ ദുരന്തം പിണയുന്നത്. ഇത്രയും വലിയ പുഴയിലും കടലിലും ഇറങ്ങുന്നവരാണ് തങ്ങള്‍ എന്നതാണ് ഇത്തരക്കാരുടെ ഭാഷ്യം.
വെള്ളത്തിന്റെ അളവ് കൂടുതലുള്ള പുഴയെക്കാളും കടലിനേക്കാളും അപകടക്കാരിയാണ് പാണിയേലി പോര്. പാറയിടുക്കകളും, വലിയ ഗര്‍ത്തങ്ങളുമാണ് ഇവിടെ വില്ലനാകുന്നത്. ഇവക്കുള്ളില്‍ അകപ്പെട്ടാല്‍ രക്ഷപ്പെടാന്‍ അസാധ്യാമാണ്. ഇത്തരം അപകട ചുഴികളെക്കുറിച്ച് നാട്ടുകാര്‍ക്ക് മാത്രമാണ് കൃത്യമായ അറിവുള്ളത്. അറിവുള്ള ഗൈഡുമാരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ല് വില കല്‍പ്പിക്കുമ്പോഴാണ് പലപ്പോഴും പോരിലേക്കുള്ള ഉല്ലാസയാത്രകള്‍, വിലാപയാത്രയായി പര്യവസാനിക്കുന്നത്.
ടി.എന്‍.സന്തോഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: