കൊച്ചി: എറണാകുളം മണ്ഡലത്തില്‍ അണികള്‍ ആവേശത്തോടെ രംഗത്തിറങ്ങിത്തുടങ്ങി. പണ്ടേ ബുക്ക് ചെയ്ത ചുമരുകളില്‍ താമരയും കൈപ്പത്തിയുമെല്ലാം നിറയാന്‍ തുടങ്ങി. സ്ഥാനാര്‍ത്ഥികളുടെ മനോഹര ചിത്രം പ്രിന്റ് ചെയ്ത പോസ്റ്ററുകളും മുക്കിലും മൂലയിലും വരെ പ്രത്യക്ഷപ്പെടുന്നുണ്ട്. രാത്രികാലങ്ങളില്‍ പോലും പ്രവര്‍ത്തകര്‍ ഉറക്കം ഉപേക്ഷിച്ച് തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ചുവരെഴുത്തും പോസ്റ്റര്‍ ഒട്ടിക്കലും നടത്തുന്നു. തലേന്ന് ശൂന്യമായി കണ്ട ചുമരുകളില്‍ പിറ്റേന്ന് ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിയുടെ പേര് തെളിഞ്ഞിട്ടുണ്ടാവാം. വോട്ട് അഭ്യര്ത്ഥിച്ചുകൊണ്ട്് അധികം വാചക കസര്‍ത്തൊന്നുമില്ലാതെ ലളിതമായാണ് ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണന്റെ പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്. താമര ചിഹ്നവും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയുടെ ചിത്രവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണനെ വിജയിപ്പിക്കുക എന്നതാണ് ഇതിലെ വാചകം.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.വി.തോമസിന്റെ പോസ്റ്ററുകളില്‍ വികസന നായകന് എന്നാണ് വിശേഷണം. കൂടാതെ വോട്ട് നല്കി വിജയിപ്പിക്കണം എന്ന അഭ്യര്‍ത്ഥനയുമുണ്ട്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഡോ.ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ പോസ്റ്ററിലെ തലവാചകം തന്നെ എറണാകുളം കാത്തിരുന്ന വ്യക്തിത്വം എന്നാണ്. കണ്ടുപരിചയമുള്ള മുഖമല്ലാത്തതിനാല്‍ അദ്ദേഹത്തെ സംബന്ധിച്ച് ആ വാചകം ഏറ്റവും ഉചിതവുമാണ്. എന്നാല്‍ ചിഹ്നം സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാല്‍ അത് ഒഴിവാക്കിയിരിക്കുകയാണ്.
ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അനിത പ്രതാപിന് വേണ്ടി പോസ്റ്ററുകളോ ചുവരെഴുത്തോ പ്രത്യക്ഷപ്പെട്ടു തുടങ്ങിയില്ല. മത്സരരംഗത്തുള്ള ചെറുപാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയും പോസ്റ്ററുകളും ചുവരെഴുത്തും നടക്കുന്നുണ്ട്. യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്-ജനകീയ മുന്നണിയും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. യുഎന്‍എയുടെ ജില്ല സെക്രട്ടറി ഹാരിസ് മണലംപാറയാണ് ഇവിടെ സ്ഥാനാര്‍ത്ഥി. പ്രമുഖ സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നതിന് മുമ്പേതന്നെ ഹാരിസിന് വോട്ട് തേടിക്കൊണ്ടുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ നിരത്തുകളില്‍ സ്ഥാനം പിടിച്ചിരുന്നു. പൊരുതുന്ന ജനതയുടെ ഹൃദയതാളം എന്നാണ് സ്ഥാനാര്‍ത്ഥിയ്ക്ക് നല്‍കിയിരിക്കുന്ന വിശേഷണം. കൂടാതെ ഓരോ സാധാരണക്കാരനിലും ജനാധിപത്യത്തിന്റെ ഒരു കാവല്ക്കാരനുണ്ടെന്നും ഓര്‍മപ്പെടുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: