സര്‍വംസഹയായി സ്ത്രീ നിലകൊള്ളണമെന്നതിന്റെ പിന്നാമ്പുറത്ത് ഒരു പുരുഷമേധാവിത്തം മുനകൂര്‍പ്പിച്ച കഠാരയുമായി നില്പ്പുണ്ടോ? ചോരക്കണ്ണുകളില് ഫണം വിടര്‍ത്തി നില്ക്കുന്ന ക്രൂരത കാണാനാവുമോ? അടിച്ചമര്‍ത്തലിന്റെ സീല്‍ക്കാരം അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിക്കുന്നുണ്ടോ? നല്ലൊരു പ്രഭാതത്തെ നശിപ്പിക്കാന്‍ ചോദ്യങ്ങളുമായി രംഗത്തെത്തിയതൊന്നുമല്ല.സ്ത്രീയെ ഇന്നും രണ്ടാംകിടയായികാണുന്നത് പുരുഷമേധാവിത്തത്തിന്റെ ലക്ഷണമാണെന്ന് പറഞ്ഞ് ഫെമിനിസത്തിന്റെ ചൂലുമായി ആര്‍ത്തിരമ്പി വരുന്ന സഹോദരിമാര്‍ക്ക് മുതലാളിത്തത്തിന്റെ കാര്‍ക്കശ്യം എവിടം വരെയുണ്ട് എന്ന് ചൂണ്ടിക്കാണിക്കാന്‍ സൂചിപ്പിച്ചതാണ്. പകലന്തിയോളം (ചിലപ്പോള്‍ അന്തികഴിഞ്ഞും) പണിയെടുക്കുന്ന സോദരിമാര്ക്ക് കാലുകഴയ്ക്കുമ്പോള്‍ ഒന്നിരിയ്ക്കാന്കൂടി അനുവാദമില്ലാത്ത മുതലാളിത്തത്തിന്റെ ഭീഷണമായ മുഖം ഈയടുത്താണ് അനാവൃതമായത്. സ്നേഹപ്പെരുമയുടെയും കാരുണ്യപ്പൂക്കാലത്തിന്റെയും കഥപറയുന്ന നഗരത്തിന് ഇങ്ങനെയുമൊരു മുഖമുണ്ട് എന്നത് എത്ര ജുഗുപ്സാവഹം.
ഏതായാലും ഇരിക്കാനുള്ള അവകാശത്തെ മുന്‍നിര്‍ത്തി സമൂഹ മനസ്സാക്ഷിക്കു നേരെ വേദനയുടെ ചോദ്യമെറിയുന്ന കവര്‍ക്കഥയുമായാണ് മാതൃഭൂമി ആഴ്ചപ്പതിപ്പി (മാര്‍ച്ച് 22) ന്റെ രംഗപ്രവേശം. ഒരു ഇന്സ്റ്റലേഷന് പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്ക് ഇരിക്കാനുള്ള അവകാശം ഇല്ലേ? എന്ന ചോദ്യമാണ് മുഖചിത്രം.ജെന്നി സുല്‍ഫത്താണ് വസ്ത്രശാലകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ദുരിതമനുഭവിക്കുന്ന വനിതാതൊഴിലാളികളെക്കുറിച്ച് പറയുന്നത്. അഴകളവുകള്‍ ഉള്‍പ്പെടെയുള്ള വാണിജ്യതാല്പര്യത്തിന്റെ സകല ഊടുവഴികളിലും സ്ത്രീകളെ നിരത്തിനിര്ത്തുമ്പോഴും അവര്‍ മനുഷ്യരാണെന്ന പ്രാഥമിക തിരിച്ചറിവില്‍ നിന്ന് മുതലാളിത്തം അകന്നുപോയതിന്റെ നേരറിവുകളാണ് ഇതിലുള്ളത്. കോഴിക്കോടിന്റെ പശ്ചാത്തലത്തിലാണ് ഫീച്ചര്‍ (തമാശക്ക് വായിച്ചു രസിക്കാനല്ല) തയാറാക്കിയിരിക്കുന്നത്. ഇത്തവണത്തെ വനിതാദിനത്തില്‍ ഇരിക്കാനുള്ള ഏറ്റവും കുറഞ്ഞ അവകാശത്തിനുവേണ്ടി, സെയില്‍സ് ഗേള്‍സ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന സോദരികള്‍ പൊരിവെയിലില്‍ പ്ലക്കാര്‍ഡും പിടിച്ച് സമരം ചെയ്തു എന്നു കൂടി ഇതിനൊപ്പംഅറിയണം. വനിതാശാക്തീകരണം എന്ന ചുള്ളന് പേരില്‍ ചെറിയൊരു സ്വാധീന ന്യൂനപക്ഷത്തിനുകിട്ടുന്ന ആനുകൂല്യത്തെ പര്‍വതീകരിച്ച് വിഷം തുപ്പുന്ന സമൂഹത്തിനും ജനാധിപത്യത്തിന്റെ സുന്ദരമുഖമാണെന്നറിയുക.
നിയമപ്രകാരം ഒരു സെയില്‍സ് മാന്‍/സെയില്‍സ് വുമണിന്റെ ജോലി സമയം 8 മണിക്കൂറാണ്. ഓവര്‍ടൈം അടക്കം 10 മണിക്കൂറില്‍ കൂടുതല്‍ ഒരുകാരണവശാലം ജോലി ചെയ്യിക്കരുത്. ഇനി സുല്‍ഫത്തിന്റെ ഫീച്ചറിലേക്ക്: കോഴിക്കോട് നഗരത്തിലെ വന്‍കടകളില്‍ 8 മണിക്കൂര്‍ ജോലി സമയം ഉള്ള ഒരുകടപോലും ഇല്ല. 10 മണിക്കൂറില്‍ കുറഞ്ഞ് തൊഴിലെടുക്കുന്ന ഒരു തൊഴിലാളിയുമില്ല. വര്‍ഷങ്ങളായി ഈ തൊഴില്‍ രംഗത്തുള്ള പലരും 10 മണിക്കൂറും അതിലധികവും നില്ക്കുന്നതുകൊണ്ട് സ്ഥിരമായി നടുവേദനയും കാലുവേദനയും അനുഭവിക്കുന്നവരാണ്. ക്യാമറയുടെ നിരീക്ഷണത്തിലായതു കൊണ്ട് എവിടെയെങ്കിലും ചാരി നിന്നാല്‍ പോലും എക്സറ്റന്ഷന് ഫോണില്‍ വിളിവരികയും നടപടികള്‍ ഉണ്ടാവുകയും ചെയ്യുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
പരസ്യങ്ങളുടെ ധവളിമയില്‍ കുളിച്ചു നില്ക്കുന്ന സ്ഥാപനങ്ങളില്‍ വരെ സ്ഥിതി ഇതാണ്. തൊഴിലാളിക്കുവേണ്ടി മരിച്ചു പണിയെടുക്കുന്നവരും ഫെമിനിസത്തിന്റെ വായ്ത്താരിയില്‍ വഴിയേ പോകുന്നവരെ എറിഞ്ഞു വീഴ്ത്തുന്നവരും ഇതൊന്നും അറിയാത്തതാവില്ല. പ്രബുദ്ധകേരളത്തിന്റെ ഈ ക്രൂര മാനസികാവസ്ഥ പഴയ ഫ്യൂഡല്‍ മാടമ്പിത്തത്തിന്റെ പ്രേതബാധയാവാം. തൊഴിലാളികളായ സോദരിമാര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളുടെ, ബുദ്ധിമുട്ടുകളുടെ, നിസ്സഹായതകളുടെ , ക്രൂരതകളുടെ വിവരണമുള്ള ഒമ്പതുപേജ് വല്ലാത്തൊരു മനപ്രയാസം തന്നെ വായനക്കാരിലുണ്ടാക്കും.
അതേസമയം നിയമവും നീതിയും അനുതാപവും പരസ്പരപൂരകമാകാതിരിക്കുമ്പോഴുള്ള അവസ്ഥ കവിതയുടെ അമ്മയായ സുഗതകുമാരി ചൂണ്ടിക്കാണിക്കുന്നതും മാതൃഭൂമി യുടെ ഇതേലക്കത്തില്‍ തന്നെ. പട്ടുപാവാട എന്ന കവിത വായിച്ചു തീരുമ്പോള്‍ മനസ്സിന്റെ ഏതൊക്കെയോ കോണില്‍ കാരമുള്ളുകള്തറഞ്ഞു കേറുന്ന വേദന അനുഭവിക്കാം. മോഷണക്കുറ്റം ആരോപിച്ച് ജയിലിലടച്ച അമ്മയുടെ എട്ടുവയസ്സുകാരിയെ പൊലീസുകാര്‍ അനാഥാലയത്തില്‍ ഏല്‍പ്പിക്കുന്ന രംഗത്തില്‍ തുടങ്ങി അതേ അസ്വസ്ഥതയുടെ വഴിയിറമ്പിലേക്ക് മാസങ്ങള്‍ക്കു ശേഷം ആ പെണ്‍കുട്ടി പോവുന്നതിനെക്കുറിച്ചുള്ള ഹൃദയദ്രവീകരണ ശക്തിയുള്ള കവിത.
പരുത്തമുടിപാറിപ്പറന്നുകീറിത്തൂങ്ങു-
മുടുപ്പുംകവിളത്തുപച്ചകുത്തിയ പാടും
മങ്ങിയ മൂക്കുത്തിയും വിരണ്ട മിഴിയുമായ്
മുന്നില്‍ നില്ക്കുന്നൂപൈതല്; കൊല്ലാനോ വളര്‍ത്താനോ!
എന്തിനെന്നറിയാതെ അനാഥാലയ സൂക്ഷിപ്പുകാരി സ്നേഹവും കരുതലും കാരുണ്യവും വാരിക്കോരി നല്കി. കാളിയെന്ന് അവള് പറഞ്ഞ പേര് മാറ്റി ഹേമലതയാക്കി. ഓണത്തിന് പട്ടുപാവാടയും മറ്റും വാങ്ങി നല്‍കാമെന്ന വാഗ്ദാനം നല്കി. എന്നാല്‍ എന്തുണ്ടായി.?
തോളത്തുമാറാപ്പുമായ് മുറുക്കിക്കറുപ്പിച്ച
നാവിനാല്‍ ശാപം തുപ്പിവന്നുനില്ക്കുന്നൂ മുന്നില്‍!
കൂടെയുള്ളവര്‍, പോലീസ്, വെക്കുന്നൂ മുന്നില്‍, “ഇതു
കോടതിയോര്ഡര്, വിട്ടുനല്‍കുക,
പ്പെണ്‍കുട്ടിയെ”
എല്ലാ അപേക്ഷയും വൃഥാവിലായി. കുട്ടിക്കും അമ്മയ്ക്കും അവിടെ നില്ക്കാം എന്നുള്‍പ്പെടെ കേണു പറഞ്ഞിട്ടും രക്ഷയില്ല. അവളുടെ അമ്മ പിടിച്ചു വലിച്ച് കുട്ടിയെ കൊണ്ടുപോയി. അവസാനവരികള്‍ വായിക്കെ സ്നേഹത്തിന്റെ കണ്ണീര് മുത്തുകള്‍ അറിയാതെ അടര്‍ന്നുവീഴും. കവിത എങ്ങനെകാരുണ്യമാവുന്നു എന്നതിന് ഇതില്പരം തെളവ് മേറ്റ്ന്ത്! സുഗതകുമാരിട്ടീച്ചറുടെ അമ്മമനസ് ആയിരം ഇതളുള്ള പൂവായ് നില്‍ക്കുന്നത് സങ്കല്പിച്ചു നോക്കൂ.
പണക്കാരന്റെ വണ്ടിയില്‍ അല്ലാഹുചിലപ്പോള് സഞ്ചരിക്കും. അത് പക്ഷേ, പണക്കാരനെ രസിപ്പിക്കാനല്ല. എല്ലും തോലുമായ ഒരു പട്ടിണിക്കാരനെ പണക്കാരനൊപ്പം ചേര്‍ത്തുവെക്കാനാണ്. ബന്യാമിന്റെ ആടുജീവിതത്തിലെ നജീബിന് അത്തരമൊരു അനുഭവമുണ്ട്. എന്നാല്‍ എന്നും അല്ലാഹുവിനോടൊപ്പം കഴിയണമെന്ന് ആത്മാര്ത്ഥമായികരുതുന്ന ഒരാളുണ്ട്. പാലൂര് മൂശാരിക്കണ്ടിയില് മുനീബ്. അല്ലാഹുവില്‍ നിന്ന് വല്ലതും നേടിക്കളയാം എന്ന ഉദ്ദേശ്യത്തോടെയല്ല. തനിയ്ക്ക് കഴിയാവുന്നത്ര പാവങ്ങളുടെ കണ്ണീര് തുടയ്ക്കാന്‍ അല്ലാഹുവിന്റെ കടലോളം പോന്ന കാരുണ്യം വേണം… നിത്യം ഖുറാന് ക്ലാസില്‍ പോവുകയും ആത്മീയകാര്യങ്ങള്‍ നിഷ്ഠയോടെ പുലര്‍ത്തുകയും ചെയ്യുന്ന മുനീബിനോട് ഒരിക്കല്‍ ഭാര്യ ജുംന പറഞ്ഞു:ഖുര്‍ആന്‍ ക്ലാസുകള്‍ കേള്‍ക്കുന്നതിനെക്കാള്‍ അഗതിയുടെ കണ്ണീരൊപ്പുന്നതാണ് അല്ലാഹുവിനിഷ്ടം. അത് മുനീബിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. 2006 ല്‍ ജുംന അല്ലാഹുവിന്റെ കൃപാകടാക്ഷങ്ങള്‍ ലഭിച്ച് പരലോകപ്രാപ്തയായി. ഇന്നു മുനീബ് അഗതികളുടെ ആഗ്രഹങ്ങള്സഫലമാക്കാന് കൈമെയ് മറന്ന് രംഗത്ത് സജീവം. ഗള്‍ഫ് രാജ്യങ്ങളില്‍ പലകാരണങ്ങളാല്‍ കഷ്ടപ്പെടുന്നവര്‍ക്ക് കാരുണ്യത്തിന്റെ അത്താണിയാണ് മുനീബ്. റിയാദിലെ ആശുപത്രിയില്‍ ഒരുവര്‍ഷമായി ചികില്‍സയിലായിരുന്ന കോഴിക്കോട്ടുകാരന് മുരളീധരനെ നാട്ടിലെത്തിച്ചതാണ് ഒടുവിലത്തെ സംഭവം. ഇതുപോലെ ഒട്ടേറെ പേരുടെ ജീവിതത്തില്‍ പ്രകാശം പരത്തി നില്ക്കുന്നു മുനീബ്. അദ്ദേഹത്തെക്കുറിച്ച് മലയാളമനോരമ യുടെ മെട്രോ മനോരമ (കോഴിക്കോട്) മാര്‍ച്ച് 13 ന് എഴുതിയ കുറിപ്പിന്റെ തലക്കെട്ട് ഇങ്ങനെ: കണക്കുകളെഴുതാത്ത ജീവിത പുസ്തകം. കാരുണ്യത്തിനും സ്നേഹത്തിനും കണക്കുവെച്ചാല്‍ അല്ലാഹുവിന്റെ മുമ്പില്‍ സ്ഥാനമുണ്ടാവില്ല; തീര്‍ച്ച.
വിദ്യാഭ്യാസത്തിന്റെ സാര്ഥകനിര്വൃതിയില് കളിയാടുന്ന ഒരുവിദ്യാലയമുണ്ട് അങ്ങ് വടക്ക് കരിവള്ളൂരില്‍; എ.വി. കുഞ്ഞമ്പുസ്മാരക ഗവ.ഹയര്‍ സെക്കന്ററിസ്കൂള്‍. പഠനത്തെ ജീവിതരീതിയാക്കി മാറ്റിയസമൂഹവും ബോധനത്തെ തപസ്യയാക്കി മാറ്റിയഅധ്യാപകരുമാണ് ഇത് സാധിതപ്രായമാക്കിയത്. അതിന്റെ അഗ്രിമസ്ഥാനത്ത് എഴുത്തും വാക്കും പ്രവൃത്തിയും എണ്ണയിട്ട യന്ത്രം പോലെ ചലിക്കുന്ന സുകുമാരന്‍ പെരിയച്ചൂര്‍. അതിനെക്കുറിച്ച് മലയാളം വാരിക (മാര്‍ച്ച് 14) യില്‍ സുകുമാരന്‍ തന്നെ എഴുതുന്നു. തലക്കെട്ട്: വിദ്യാഭ്യാസരംഗത്ത് ഒരു കരിവള്ളൂര്‍ പരീക്ഷണം. 1958 ജൂണ്‍ 24 ന് 32 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച വിദ്യാലയത്തില്‍ നിന്ന് വിദ്യഅഭ്യസിച്ച് ഇരുപതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ ജീവിതത്തിന്റെവിവിധ മേഖലകളില്‍ വിജയശ്രീലാളിതരായി കഴിയുന്നു.
വിദ്യാര്‍ത്ഥികളുടെ സര്ഗശേഷിയെപോഷിപ്പിക്കാന് മാസികയും അതിലെ കുട്ടിഎഴുത്തുകാരെ വളര്‍ത്തിയെടുക്കാന്‍ പ്രത്യേകപരിശീലനവും ഉള്‍പ്പെടെ വിദ്യാലയത്തില്‍ നടപ്പിലാക്കുന്നു. അതുകൊണ്ട് തന്നെ നാസയിലെ ശാസ്ത്രജ്ഞനായ ടി കുഞ്ഞിക്കണ്ണനും ഏഴോം നെല്‍വിത്ത് കണ്ടുപിടിച്ച ടി.വനജയും ഈ സ്കൂളിന്റെ അഭിമാനതാരങ്ങളാണ്. സമൂഹത്തിന് മാതൃകയാകാന്‍ ഒരുവിദ്യാലയത്തിന് എങ്ങനെ കഴിയുമെന്ന് അതീവലളിതമായി കാണിച്ചുകൊടുക്കാന്‍ ഒരു സര്‍ക്കാര്‍ സ്കൂളിന് കഴിയുന്നു. ഏതു വിദ്യാലയത്തിനും അതു സാധിക്കും. പക്ഷെ, സമര്‍പ്പിതമനസ്കരായ ഗുരുക്കന്മാരും അവരോട് വാത്സല്യത്തോടെ ചേര്‍ന്നു നില്ക്കുന്നശിഷ്യരും വേണം. ഇവരെ യഥാവിധി കൂട്ടിച്ചേര്‍ക്കാന്‍ ഭാവനാസമ്പന്നനായ യോജകനും.. സുകുമാരന്‍ പെരിയച്ചൂരിനെ ആദരിച്ചു പോവുന്നത് അതു കൊണ്ടു കൂടിയാണ്.
തൊട്ടുകൂട്ടാന്‍
സന്മനസ്സുള്ളോര്ക്ക് ശാന്തിനേരുന്നൊരു
സങ്കീര്‍ത്തനങ്ങളും, ഇയ്ക്കൊക്കെ
സാക്ഷിയീ
മണ്ണ്! -ഇതിന് കന്യാവിശുദ്ധികവരുവാന്
മുന്നോട്ടു വെച്ചാല്‍ കാല് പിന്‍വലിക്കൂ! -പോകൂ!…
ഒ.എന്‍.വി
കവിത: വില്ക്കാനരുതാത്തമണ്ണ്
കലാകൗമുദി (മാര്‍ച്ച് 14)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: