ആഴക്കടല്‍ പോലെ പ്രക്ഷുബ്ധമനസ്സിന് ശാന്തത കൈവരുവാന്‍ ക്ഷേത്രദര്‍ശനമാണ് പലര്‍ക്കും ആശ്വാസം. ഇളകിമറിയുന്ന അവസ്ഥയില്‍ നിന്നും മനസ്സിനെ രക്ഷിക്കാന്‍ കിട്ടുന്ന പിടിവള്ളിയാണ് ദേവസങ്കേതം. ആല്‍മരത്തിന്റെ ഇലയനക്കവും കുളിര്‍കാറ്റും നമ്മെ അവിടേക്ക് സ്വാഗതം ചെയ്യും. ക്ഷേത്രഗോപുരവും കടന്ന് മതില്‍ക്കകത്തുകൂടെ തിരുമുറ്റത്ത് ചെല്ലുമ്പോള്‍ ലഭിക്കുന്ന ശക്തി പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത സുഖം തരുന്നു. പുലര്‍ച്ചെയിലും സന്ധ്യാവേളയിലും തൊഴുത് നില്ക്കുമ്പോള് പ്രത്യേക സുഖമാണ് അനുഭവപ്പെടുക. ഏകാഗ്രതക്ക് തപസ്സു ചെയ്ത യോഗീശ്വരന്മാരെ നാം കേട്ടറിഞ്ഞിട്ടുണ്ട്. ഹിമാലയ സാനുക്കളില്‍ അവരൊക്കെ ഇന്നും ആചാരവിധികളോടെ തപസ്സനുഷ്ഠിക്കുന്നു. കുതിച്ചുപായുന്ന നമ്മുടെ മനസ്സിനെ സാന്ത്വനിപ്പിക്കാന്‍ സംഗീതം ധാരാളമാണ്. അതും ഭക്തിഗാനമാവുമ്പോള്‍ പറയാനുമില്ല. ഒന്നല്ല അനേകം ക്ഷേത്രങ്ങളില്‍ നിന്നും ദേവന്മാരുടെ അപദാനങ്ങള്‍ വാഴ്ത്തുന്ന കാസറ്റ് ഗീതങ്ങള്‍ ഇറങ്ങിയിട്ടുണ്ട്.
എം.എസ്.സുബ്ബലക്ഷ്മിയുടെ വെങ്കിടേശ്വര സുപ്രഭാതവും പി.ലീലയുടെ ജ്ഞാനപ്പാനയും നാരായണീയവും ജയവിജയ കീര്‍ത്തനങ്ങളും ഭക്തി കവിഞ്ഞൊഴുകുന്ന ദിവ്യാനുഭവം തരുന്നുണ്ട്. കുളിച്ച് ഈറനോടെ അനുഭവിക്കാവുന്ന കാസറ്റുകള്‍ നമുക്കിടയില്‍ ധാരാളം പ്രചാരത്തിലുണ്ട്. വൈഡൂര്യ രത്നംപോലെ തിളക്കമേറിയവ. നിര്‍മാല്യം തൊഴുതിറങ്ങിയ അനുഭൂതിയാല്‍ മനസ്സില്‍ തിങ്ങിനില്‍ക്കാവുന്നവ ഏറെയില്ല. മാധുര്യമേറിയ ശബ്ദവും അധികം വാദ്യോപകരണങ്ങളും ഇല്ലാത്ത ആദ്യാനുഭവത്തെപ്പറ്റി പറഞ്ഞറിയിക്കാനാവാത്ത അവസ്ഥ. ഒട്ടേറെ ദേവീദേവന്മാരെ വണങ്ങുന്ന പത്ത് ഗാനങ്ങള്‍ പൂത്തുലഞ്ഞ കൊന്നമരം പോലെ മനസ്സില്‍ തെളിഞ്ഞ് നില്‍ക്കുകയാണ്. ആസ്വാദകരുള്ള കാലംവരെ നില്ക്കുന്ന ഒന്ന്. നെയ് വിളക്കിന്റെ വിശുദ്ധിപോലെ…
മലയാളക്കരയില്‍ ഭക്തിഗാനകാസറ്റ് ശാഖകള്‍ക്ക് തുടക്കം കുറിച്ച പുഷ്പാഞ്ജലി ഒരു പുതിയകാല്‍വെയ്പ്പായി. അതിന്റെ ചുവടുവെപ്പ് നല്ല മുഹൂര്‍ത്തത്തിലായിരുന്നു. അതുപോലെ അതിന് പിന്തുടര്ച്ചയായി ഒന്നൊന്നായി പ്രവഹിക്കാന്‍ തുടങ്ങി. പി.ജയചന്ദ്രന് എന്ന ഗായകന് അതോടെ തിരക്കേറിയ ഗായകനായി. അദ്ദേഹത്തിന്റെ വശ്യസുന്ദരമായ ആലാപനം കേട്ടാല്‍ മതിയാവില്ല. പുഷ്പാഞ്ജലിയിലെ ഓരോ പാട്ടും ഒന്നിനൊന്ന് മെച്ചമായിരുന്നു. അതിലെ ഓരോ പാട്ട് കേള്‍ക്കുമ്പോഴും നവോന്മേഷം ലഭിക്കുന്ന അനുഭവം. പത്തുപാട്ടിലെ ഏതേതാണ് കേമം എന്ന് പറയാനാവില്ല. ഇഷ്ടമൂര്‍ത്തികളെ പ്രകീര്‍ത്തിച്ച് എഴുതിയത് എസ്.രമേശന്‍നായര്‍ എന്ന അനുഗൃഹീത കവിയാണ്. സംഗീതം പകര്‍ന്നത് ആകാശവാണിയിലെ പി.കെ.കേശവന് നമ്പൂതിരിയും ഇരുവരുടേയും ആ കൂട്ടുകെട്ടിന് തുടര്‍ച്ചകള്‍ ഒട്ടേറെയുണ്ടായി.
ആകാശവാണിയിലെ ഉദ്യോഗത്തിന് തടസ്സം കൂടാതെ വേണം എന്ന നിര്‍ബന്ധം ഇരുവര്‍ക്കുമുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമെ ഇതിനെല്ലാം അവസരം കിട്ടൂ. ആധുനിക സൗകര്യമൊന്നുമില്ലാത്ത കാലം. നേരിട്ട് വേണം പക്കമേളത്തോടെ പരിപാടി അവതരിപ്പിക്കാന്‍. രാവിലെ പത്തുമണി മുതല്‍ വൈകീട്ട് ആറുമണിക്കകം പാടിത്തീര്‍ക്കണം. തലേന്ന് റിഹേഴ്സല്‍ നടത്തി. അതാണ് ആകെയുള്ള മുന്നൊരുക്കം. തുടക്കം മുതലെ തടസ്സങ്ങള്‍ പലതും വന്നു. മദിരാശിയിലാണ് സ്റ്റുഡിയോ. പാട്ടുകള്‍ പരിശോധിച്ച ജയചന്ദ്രനാണ് അപശകുനങ്ങളുടെ കാരണം കണ്ടെത്തിയത്. ഗണപതി സ്തുതിയില്ലെന്ന് അദ്ദേഹം അറിഞ്ഞു. ‘വേഗം വിട്ടോളു.. ഗണപതി വരട്ടെ’ അടുത്ത ദിവസം തന്നെ വിഘ്നേശ്വരാ ജന്മനാളികേരം എഴുതിത്തീര്‍ത്തു. നാട്ടയില്‍ അത് ചിട്ടയും ചെയ്തു. അടുത്ത ആഴ്ച റെക്കോഡിങ്ങ് പൂര്‍ത്തിയാക്കി. ഒരു മലയാളിക്കും മറക്കാനാവാത്ത ഒരു സംരംഭം. കാസറ്റ് മദിരാശിയില്‍ പ്രചുര പ്രചാരത്തിലായി. പാലക്കാട് ചുരം കടന്ന് കേരളത്തിലേക്ക് എത്താന്‍ വീണ്ടും പത്തുമാസം വേണ്ടിവന്നു.
നടന് ശിവാജി ഗണേശന് ഒരു ദിവസം ജയചന്ദ്രനെ ആളയച്ചുവരുത്തി. ‘കേമമായിട്ടുണ്ടല്ലോ’ ‘ഏത്, എന്നായി ജയചന്ദ്രന്’ പുഷ്പാഞ്ജലി, ശിവാജി പറഞ്ഞു അക്കാലത്ത് നെയ്യാറ്റിന് കര വാഴും കണ്ണാ എന്ന പാട്ട് ശിവാജി ഗണേശന് എപ്പോഴും പാടുമായിരുന്നു. സംഗീത ചക്രവര്‍ത്തിയായ എല്‍പിആര്‍ വര്‍മ്മക്ക് ബോധിച്ച പാട്ട് ഇതൊന്നുമായിരുന്നില്ല. കൂടും പിണികളെ കണ്ണാല്‍… ബിലഹരി അതികേമമായി. ആരും കാണാത്ത അനുഭവമാണ് കേശവന് നമ്പൂതിരി ചെയ്തതെന്ന് വര്‍മ്മസാര്‍ പറഞ്ഞു. സംഗീതയിലെ മഹേഷാണ് കാസറ്റ് രൂപത്തില്‍ പുറത്തിറക്കിയത്. കേരളത്തില്‍ പ്രകാശനം നടന്നത് വടക്കുന്നാഥന്റെ മുന്നിലായിരുന്നു. ഒരു ശിവരാത്രി കാലം തൃശൂരില്‍ താമസമാക്കിയ ജയചന്ദ്രന് ശിവരാത്രി മഹോത്സവത്തിന് ഭക്തിഗാനമേളക്ക് വടക്കുന്നാഥനില്‍ നിന്ന് ക്ഷണം വന്നു. അതിന് മനം തുറന്ന് അദ്ദേഹം സമ്മതം നല്കി. ‘എനിക്ക് ഒരു കാസറ്റ് പ്രകാശനത്തിന് അവിടെ അനുവാദം തരണം, അതിനുള്ള ഒരുക്കങ്ങള്‍ ചെയ്യണം’ അതുമാത്രമായിരുന്നു അദ്ദേഹത്തിന് പറയാനുള്ളത്. വടക്കുന്നാഥനാണല്ലോ എന്തിന്റേയും നാഥന്. പ്രകാശനം ഒരു സംഭവമായിരുന്നു. കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്രസരസ്വതി തിരുവടികള്‍ തിരുനാമാചാര്യന് ആഞ്ഞം മാധവന് നമ്പൂതിരിക്ക് നല്‍കിയായിരുന്നു പ്രകാശനം. ഇന്നും പുഷ്പാഞ്ജലി കാസറ്റിന് ആവശ്യക്കാര്‍ ഏറെ. ഗാനഗന്ധര്വ്വന് യേശുദാസ് ദുബായ് യാത്രക്കിടയിലായിരുന്നു അതു മുഴുവന്‍ കേട്ടുതീര്‍ത്തത്. ഉടന്‍ തന്നെ കേശവന് നമ്പൂതിരിയേയും രമേശന് നായരേയും വിളിച്ച് വനമാല എന്ന കാസറ്റിന് ഏര്‍പ്പാട് ചെയ്യുകയായിരുന്നു.
മൂവായിരത്തോളം ഭക്തിഗാനങ്ങള്‍ പാടിത്തീര്‍ത്തെന്ന് ജയചന്ദ്രന്. ഞാനിതൊന്നും ശ്രദ്ധിക്കാറില്ലെന്ന് അലസമായി അദ്ദേഹം പറഞ്ഞു. ‘കഴിഞ്ഞ ശിവരാത്രിക്കും മമ്മിയൂരില്‍ ഒരു കാസാറ്റ് പ്രകാശനം ചെയ്തു. അതൊക്കെ അത്ഭുതം തന്നെ. പുഷ്പാഞ്ജലി ഒരു മുതല്‍ക്കൂട്ടാണ്. ഞാന്‍ തന്നെ പലപ്പോഴും ആലോചിക്കാറുണ്ട്. ഇതൊക്കെ എങ്ങനെ സംഭവിച്ചുവെന്ന്. ഞാന്‍ ഒരു കാസറ്റും സൂക്ഷിക്കാറേയില്ല. കിട്ടുന്നതെല്ലാം ആര്‍ക്കെങ്കിലും കൊടുക്കും’.
തിരുവനന്തപുരത്ത് ജയചന്ദ്രന്റെ ഒരു ആരാധകനുണ്ട്. പ്രദീപ്. ജയചന്ദ്രന്റെ പാട്ടിന്റെ വിപുലമായ ശേഖരം അദ്ദേഹത്തിന്റെ കയ്യിലുണ്ട്. നിത്യേന ഊര്‍ജ്ജം തേടുന്നത് ജയചന്ദ്രന്റെ ഭക്തിഗാനത്തിന്റെ ശക്തിയാലാണെന്ന് അദ്ദേഹം. ടൈംടേബിള്‍ വെച്ച് നിത്യവും പുലര്‍ച്ചെ ഒരു കാസറ്റ് മുഴുവനും കേള്‍ക്കും. വശ്യസുന്ദരവും മാധുര്യവും നിറഞ്ഞ ജയചന്ദ്രന്റെ ആദ്യചുവടായ മഞ്ഞലയില്‍ ഇന്നും അതുപോലെ പാടാനാവുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍ മനസ്സിന്റെ ചെറുപ്പം അതല്ലാതെ ഒന്നുമില്ലെന്ന് നരച്ച മീശയും പിരിച്ച് ആ ഭാവഗായകന് പറഞ്ഞു.
പാലേലി മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: