വടകര – തലശ്ശേരി ബൈപ്പാസിലെ മടപ്പള്ളി ഗവ. കോളജിലെ സ്റ്റോപ്പില്‍ നിന്ന് കുന്നിന്മുകളിലെ കോളേജിലേക്ക് കുത്തനെയുള്ള കയറ്റം. ഒഞ്ചിയത്തെ ചുവന്ന മണ്ണില്‍ കറുപ്പ് പടര്‍ന്നിരിക്കുന്നു. 51 വെട്ടുകള്‍ക്ക് ശേഷം ഒഞ്ചിയത്തെ ചുവപ്പില്‍ പടര്‍ന്ന കറുപ്പ് രാശി. മടപ്പള്ളി കോളേജെന്ന ഒരു ചെറിയ തുരുത്ത് മാത്രം ഒരവശിഷ്ടം പോലെ, ഒരു ചെറിയ ചുവന്ന പൊട്ടായി ബാക്കി നില്ക്കുന്നു. കോളേജിന് മുന്നിലെ മരുപ്പറമ്പില്‍ നിറയെ അക്കേഷ്യകള്‍; ഒരു ഏക വിളത്തോട്ടം പോലെ. കവാടങ്ങള്‍ കടന്ന് ചെല്ലുമ്പോള്‍ ചുവരില്‍ ഇ.എം.എസിന്റെ വിളറിയ ചിത്രം. രക്തസാക്ഷികളെക്കുറിച്ചുള്ള വീരവാദങ്ങള്‍ക്കും പഴയ ചൂടും ചൂരുമില്ല. ആര്‍ട്സ് ബ്ലോക്കും കാന്റീനും കടന്ന് സയന്‍സ് ബ്ലോക്കിലേക്ക് നടക്കുമ്പോള്‍ ആള്‍ത്താമസമില്ലാത്ത വീട്ടിലെത്തിയ പ്രതീതി. ആളനക്കം കുറഞ്ഞ വഴി. കൗമാരത്തിന്റെ ആരവങ്ങളില്ല. മരണവീടിന്റെ മൂകത. പുറത്തെ അക്കേഷ്യാമരങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് എസ്എഫ്ഐയുടെ മാത്രം ചില പരസ്യബോര്‍ഡുകള്‍. സര്‍ഗ്ഗവസന്തം വൈവിധ്യങ്ങളോടെ പൂത്തിറങ്ങിയിരുന്ന കലാലയാന്തരീക്ഷത്തില്‍ ഇപ്പോള്‍ അങ്ങിങ്ങ് അര്‍ത്ഥം നഷ്ടപ്പെട്ട ചില മുദ്രാവാക്യങ്ങളുടെ വിരസമായ മുദ്രണങ്ങള്‍ മാത്രം.
ശ്രീ എം ന്റെ പരിപാടിയെവിടെയെന്നന്വേഷിച്ച് ബോട്ടണി സെമിനാര്‍ ഹാളിലെത്തിയപ്പോള്‍ നിറഞ്ഞ ആള്‍ക്കൂട്ടം. വിദ്യാര്‍ത്ഥികളും അധ്യാപകരും നിറഞ്ഞ സദസ്സ്. സെന്‍ബുദ്ധിസം, ഗീത, ഛാന്ദോക്യോപനിഷത്ത്, ജിദ്ദു കൃഷ്ണമൂര്‍ത്തി, ഇമ്മാനുവല്‍ കാന്റ്, ഖുര്‍ആന്‍, സൂഫി കഥകള്‍… ശ്രീ എം സംസാരിക്കുകയാണ്. പതിഞ്ഞ ശബ്ദത്തില്‍ നീട്ടലും കുറുക്കലുകളുമില്ലാതെ, അട്ടഹാസങ്ങളും വെല്ലുവിളികളുമില്ലാതെ, നിറഞ്ഞൊഴുകുന്ന നദിയെപ്പോലെ, ഓളങ്ങളില്ലാതെ, ശ്രീ എം സംസാരിക്കുന്നു.
മാറിയ ഒഞ്ചിയത്ത് മാറാതെ നില്ക്കുന്ന മടപ്പള്ളിയും മാറുകയാണോ. ഇന്ത്യന്‍ ആധ്യാത്മികതക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച പാര്‍ട്ടിയും ചാനലും അശ്ലീലം പറയുമ്പോള്‍ പാര്‍ട്ടിയുടെ സ്വന്തം ക്യാമ്പസിനകത്ത് ആധ്യാത്മികതയുടെ ആത്മീയാനന്ദത്തിന്റെ മാധുര്യത്തെക്കുറിച്ച് ശ്രീ എം. സംസാരിക്കുന്നു. മാറുകയാണ്; എല്ലാ മാറുകയാണ്. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണല്ലോ.
************
2015 ജനുവരി 12ന് കന്യാകുമാരിയില്‍ നിന്നാരംഭിക്കുന്ന പദയാത്രയെക്കുറിച്ചാണ് ശ്രീ എം ജന്മഭൂമിക്കു വേണ്ടി സംസാരിച്ചു തുടങ്ങിയത്.
? എന്താണ് യാത്രയുടെ ഉദ്ദേശ്യം?
*പ്രത്യാശയിലേക്കുള്ള പദയാത്രയാണിത്. ഗ്രാമങ്ങളെയും നഗരങ്ങളെയും ജനങ്ങളെയും നേരിട്ട് കാണുക, അറിയുക. അതാണ് പദയാത്രയുടെ പിന്നിലെ ഉദ്ദേശ്യം. ഗാന്ധിജി നടന്നു തീര്‍ത്ത വഴികള്‍. യാത്രകളിലൂടെ ഗാന്ധിജി നാടിനെ അറിയുകയായിരുന്നു. മാനവ ഏകതാമിഷന്‍ മുന്നോട്ടു വെക്കുന്ന യാത്ര നാടിനെക്കുറിച്ച് അറിയാനുള്ളതാണ്. നമുക്ക് പുരോഗതിയും വികസനവും ഉണ്ടാകുന്നു. എന്നാല്‍ മനുഷ്യന് പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. യാത്രയുടെ ഭാഗമായി ചര്‍ച്ചകള്‍, സത്സംഗങ്ങള്‍ നടക്കും. ഇതിലൂടെ പ്രശ്നങ്ങളിലേക്കിറങ്ങിച്ചെല്ലാന് കഴിയുമെന്ന പ്രതീക്ഷ. നമ്മുടെ പാരമ്പര്യത്തിന്റെ, വേരുകളുടെ മഹത്വം തിരിച്ചറിയുക അതാണ് പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗ്ഗം. നമുക്കൊന്നും വെളിയില്‍ നിന്ന് തേടേണ്ടിവരില്ല.
പല സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തരായ ആളുകള്‍ യാത്രയിലണിചേരാന് ആഗ്രഹം പ്രകടിപ്പിച്ചു മുന്നോട്ടുവരുന്നു. സ്വാമി വിവേകാനന്ദന് വിശദമായ ഭാരത പര്യടനം നടത്തി. അതിലൂടെ സ്വാമിജിക്ക് രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെ അനുഭവിക്കാന്‍ കഴിഞ്ഞു. മറ്റൊരു ഉദ്ദേശ്യത്തിനാണെങ്കിലും ശങ്കരാചാര്യരും ഭാരതയാത്ര നടത്തി. മഹാത്മാക്കളുടെ അത്തരം യാത്രകളുമായി ഈ യാത്രയെ താരതമ്യപ്പെടുത്തുകയല്ല.
? എന്തുകൊണ്ട് കന്യാകുമാരി തെരഞ്ഞെടുത്തു.
* കന്യാകുമാരി സ്വാമി വിവേകാനന്ദന്റെ പാദസ്പര്ശത്താല് പവിത്രമായ മണ്ണാണ്. സ്വാമിജി തന്റെ ദൗത്യമാരംഭിച്ച സ്ഥലമാണിത്. സ്വാമിജി എനിക്ക് ഹീറോ ആണ്. ലോകം അറിയപ്പെടുന്ന സ്വാമി വിവേകാനന്ദന് തന്റെ ലോക ജൈത്രയാത്ര നടത്തുന്നതിന് മുമ്പ് ധ്യാനിച്ചിരുന്ന ശ്രീപാദപ്പാറയില്‍ ഇപ്പോഴുള്ള വിവേകാനന്ദ വിഗ്രഹത്തില്‍ ഹാരമണിയിച്ചുകൊണ്ടായിരിക്കും യാത്ര തുടങ്ങുക.
? ഇത്തരമൊരു ബൃഹത്തായ യാത്ര സംഘടിപ്പിക്കാന്‍ മാത്രം ശക്തമാണ് മാനവ ഏകതാമിഷന്‍ എന്ന പ്രതീക്ഷയുണ്ടോ.
* തീര്‍ച്ചയായും പ്രതീക്ഷയുണ്ട്. പ്രതീക്ഷയാണല്ലോ നമ്മെ മുന്നോട്ട് നയിക്കുന്നത്. വളരെ നല്ല പിന്തുണയാണ് ഈ ആശയത്തിന് ലഭിക്കുന്നത്. ഗുരു ബാബാജിയുടെ ദിവ്യമായ അനുഗ്രഹവും ഈ ഉദ്യമത്തിനുണ്ടാകുമെന്നുറപ്പാണ്. ശ്രീനഗറിലാണ് യാത്ര അവസാനിക്കുന്നത്. സംഘര്‍ഷഭരിതമാണ് ശ്രീനഗര്‍. എന്നാല്‍ ശുഭാന്ത്യമാണ് പ്രതീക്ഷിക്കുന്നത്.
? അവധൂതന്മാരുമായി വളരെ ചെറുപ്പത്തിലെ അടുപ്പമുണ്ടായെന്ന് കേട്ടിട്ടുണ്ട്. എങ്ങിനെയാണ് അവരെ തിരിച്ചറിയുക.
* പൂന്തുറസ്വാമിയെന്ന പൂജപ്പുര സ്വാമി, ചെമ്പഴന്തി സ്വാമി, കല്ലടി മസ്താന് ഇവരുമൊക്കെയായി അടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അവധൂതരെ തിരിച്ചറിയുക പ്രയാസമാണ്. പിന്നാലെ ഏറെ നടന്നാലെ അത് തിരിച്ചറിയാനാകൂ. അവധൂതനെയും ഭ്രാന്തനെയും ഒറ്റനോട്ടത്തില്‍ തിരിച്ചറിയുക ഏറെ പ്രയാസകരമാണ്. ഒരു നേരിയ അതിര്‍ത്തിരേഖയുണ്ട്. അത് തിരിച്ചറിയാന്‍ കഴിയണം. നമ്മുടെ ഉള്ളില്‍ ആധ്യാത്മികമായ ഉണര്‍വ്വ് സാധിക്കുന്നുണ്ടോ എന്നുള്ളതാണ് അതിന്റെ പരീക്ഷണം. എല്ലാവര്ക്കും അത് സാധ്യമായെന്നുവരില്ല. അലകടല്‍ പോലെ പ്രക്ഷുബ്ധമായ മനസ്സുമായി പൂന്തുറ സ്വാമിയുടെ അടുത്ത് ചെന്നാല്‍ മനസ്സ് പെട്ടെന്ന് ശാന്തമാകുമായിരുന്നു. ഏറെ നേരത്തെ ധ്യാനം കൊണ്ട് സാധിക്കാവുന്ന മനോനില അപ്പോള്‍ നൊടിയിടകൊണ്ട് നേടാന്‍ കഴിഞ്ഞ അനുഭവമാണ് എനിക്കുണ്ടായത്.
? ഗൃഹസ്ഥാശ്രമജീവിതത്തോടൊപ്പം എങ്ങിനെ യോഗിയായി, സന്യാസ രീതിയില്‍ ജീവിക്കാന്‍ കഴിയുന്നു.
* പ്രയാസകരമാണ്. എന്നാല്‍ അത് സാധ്യമാണ്. ഏറെ വെല്ലുവിളികള്‍ വരും. എന്നാല്‍ അതിനെ അതിജീവിക്കാന്‍ കഴിയും. ആത്മീയതയെന്തെന്ന് തിരിച്ചറിയണം. അതിന് ക്രമമായി സാധന ചെയ്യണം. യോഗാഭ്യാസമോ തലകുത്തി നില്‍ക്കലോ അല്ല അത്. എല്ലാ സുഖാനുഭവങ്ങളുടെയും മഹാസംഭരണി കുടികൊള്ളുന്നത് സ്വന്തം ഹൃദയത്തിലാണ്. അന്തരംഗത്തിലെ ശാശ്വതമായ ആനന്ദം കണ്ടെത്താന്‍ ആചാര്യന്റെ സഹായമുണ്ടാവണം. സത്യാന്വേഷണത്തിന് തയ്യാറാവുക. അതിനുവേണ്ടി മേറ്റ്ല്ലാം ത്യജിക്കാന്‍ സന്നദ്ധനാവുക. അത് നേടിയെ അടങ്ങൂവെന്ന ഏകാഗ്ര ചിന്തയുണ്ടാവുക. ക്രിയായോഗ അതിനുള്ള ഒരു മാര്‍ഗ്ഗമാണ്. അതിന് കുറുക്കുവഴികളില്ല. മനസ്സിന്റെ പരിണാമമാണത്. യമനിയമങ്ങള്‍ പാലിച്ച് ക്രിയായോഗ അനുഷ്ഠിക്കുമ്പോള്‍ അത് സാധ്യമാവും.
? ജനിച്ചത് മുസ്ലീം കുടുംബത്തില്‍ ആണെങ്കിലും ഹൈന്ദവദര്ശനങ്ങളിലേക്ക് എത്തിയതെങ്ങിനെ.
* ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരമില്ലാതെ എല്ലാം കേട്ടുകൊള്ളണമെന്നും അനുസരിക്കണമെന്നും ഉള്ള മത പഠനരീതിയോട് എനിക്ക് യോജിക്കാന്‍ കഴിയില്ലായിരുന്നു. എന്റെ മനസ്സ് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു. അന്വേഷണമാണ് എന്നെ ഉപനിഷത്തുകളിലേക്കും വേദാന്തങ്ങളിലേക്കും എത്തിച്ചത്. പൂര്വ്വജന്മ വാസനകള്‍ ആയിരിക്കാം എന്നെ അതിന് പ്രേരിപ്പിച്ചത്. അന്തിമവിധിയെക്കുറിച്ചല്ലാതെ സത്യാന്വേഷണമാണ് ഉപനിഷത്തിന്റെ രീതി. ഹിന്ദുവിന് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. അറിയാനുള്ള ആഗ്രഹങ്ങളെ അത് പരിമിതപ്പെടുത്തുന്നില്ല. വിവേകാനന്ദ സ്വാമിജി പറഞ്ഞത് ഇസ്ലാമിക് ബോഡിയും വേദാന്തിക് ബ്രയിനും ഉണ്ടാകണമെന്നായിരുന്നു. (ചിരിച്ചുകൊണ്ട്) അതായിരിക്കും ഇങ്ങനെയൊരു മാറ്റം.
ശ്രീ എം
ശ്രീ എം (മുംതാസ് അലി) മുന്‍വിധികളെയെല്ലാം അപ്രസക്തമാക്കി നമ്മുടെ ഇടയില്‍ ജീവിക്കുന്നു. തികച്ചും സാധാരണനായി. തിരുവനന്തപുരത്ത് വഞ്ചിയൂരിലെ മുസ്ലീം കുടുംബത്തില്‍ 1948 നവംബര്‍ 6ന് ജനനം. എം ന്റെ പൂര്‍വ്വികര്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ അംഗരക്ഷകരായി കച്ചില്‍ നിന്ന് വന്ന മുസ്ലീം പോരാളികളായിരുന്നു. മാതാപിതാക്കള്‍ നല്കിയ പേര് മുംതാസ് അലിഖാന് എന്നായിരുന്നു. എന്നാല്‍ ജിദ്ദു കൃഷ്ണമൂര്‍ത്തി പിന്നീട് മുംതാസ് അലി എന്ന് നീട്ടിവിളിക്കുന്നതിന് പകരം എം എന്നു വിളിക്കാന്‍ തുടങ്ങി.
കര്‍ക്കശമായ മതബോധനങ്ങള്‍ക്ക് കീഴടങ്ങാന്‍ കൂട്ടാക്കാതെ സത്യാന്വേഷണപാതയില്‍ ഇരുപതാം വയസ്സില്‍ ഏകാകിയായി ഹിമാലയത്തിന്റെ നിഗൂഢതകളിലേക്ക് യാത്രതിരിച്ച മുംതാസ് അലി, തന്റെ ജീവിതത്തെ മാറ്റിമറിച്ച യോഗിവര്യന് ശ്രീ മഹേശ്വര്‍നാഥ് ബാബാജിയെ അവിടെവെച്ച് കണ്ടു മുട്ടുന്നു. പൂര്‍വ്വ ജന്മസ്മരണകള്‍ തിരിച്ചറിഞ്ഞ് ഉപനിഷത് ജീവിതത്തിന്റെ ഉള്‍ക്കാമ്പ് കണ്ടെത്തി വീണ്ടും സമതലങ്ങളിലേക്ക്. ഭാരതീയ ദാര്‍ശനിക പ്രപഞ്ചത്തിന്റെ അകവും പുറവും അനുഭവത്തിലൂടെ അറിഞ്ഞ ശ്രീ എം വേദാന്തത്തിന്റെ മഹാസാരം മധുരമായി പറഞ്ഞുതരുന്നു.
ആന്ധ്രാപ്രദേശിലെ മദനപ്പള്ളിയില്‍ സ്നോവൈറ്റ് എന്ന വീട്ടില്‍ സകുടുംബം താമസിക്കുന്ന ശ്രീ എം തൊട്ടടുത്തായി സ്ഥാപിച്ചസത്സംഗ് വിദ്യാലയത്തിലൂടെ, ഗ്രാമീണരുടെയും ആദിവാസികളുടെയും കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണവും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും നല്കുന്നു. ‘അപ്രന്റൈസ് ടു എ ഹിമാലയന്‍ മാസ്റ്റര്‍…” എന്ന ശ്രീ എം. ന്റെ ആത്മകഥ ഏറെ പ്രചാരം കിട്ടിയ പുസ്തകമായി മാറി. അത് നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടുകഴിഞ്ഞു.
മാനവ ഏകതാമിഷന്റെ നേതൃത്വത്തില്‍ ശ്രീ എം നയിക്കുന്ന പ്രത്യാശയുടെ യാത്ര (Walk of hope) കന്യാകുമാരിയില്‍ നിന്നും കാശ്മീരിലേക്ക് 2015 ജനുവരി 12 മുതല്‍ ആരംഭിക്കുകയാണ്. ഒന്നരവര്‍ഷം കൊണ്ട് ആറായിരം കിലോമീറ്ററിലധികം സഞ്ചരിച്ച് പ്രാര്‍ത്ഥനായോഗങ്ങളും സത്സംഗങ്ങളുമായി ഈ പദയാത്ര ശ്രീനഗറില്‍ സമാപിക്കും. ഭാരതത്തെ അറിയാനുള്ള യാത്രയാണിതെന്ന് ശ്രീ എം വിവരിക്കുന്നു.
എം.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: