പറവൂര്‍: മുസിരിസ് മ്യൂസിയം നിയമനങ്ങള്‍ വിവാദമാകുന്നു. റിസോഴ്സ് പേഴ്സണ്‍മാരെ ഒഴിവാക്കി അനര്‍ഹരായവരെ നിയമിച്ചതായി പരാതി. മുസിരിസ് പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി വടക്കന്‍ പറവൂരില്‍ കഴിഞ്ഞദിവസം തുറന്ന നാല് മ്യൂസിയങ്ങളിലേക്ക് നടത്തിയ നിയമനങ്ങളാണ് വിവാദമായിരിക്കുന്നത്.
ചേണ്ടമംഗലം പാലിയം കോവിലകത്ത് കേരള ചരിത്ര മ്യൂസിയവും പാലിയം നാലുകെട്ടില്‍ ജീവിതശൈലി മ്യൂസിയവും പറവൂര്‍ സിനഗോഗില്‍ കേരള ജൂത ചരിത്ര മ്യൂസിയവും ചേണ്ടമംഗലം സിനഗോഗില്‍ കേരള ജൂത ജീവിതരീതി മ്യൂസിയവുമാണ് കഴിഞ്ഞദിവസം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. നാല് മ്യൂസിയങ്ങളിലേക്കായി മാനേജര്‍, റിക്കറ്റ് എക്സാമിനര്‍, കമ്പ്യൂട്ടര്‍ എക്സ്പര്‍ട്ട്, ഗൈഡ്, വാച്ചര്‍, സ്വീപ്പര്‍ തസ്തികളിലേക്കായി നാല്‍പ്പതോളം പേരെ സ്വകാര്യ ഏജന്‍സി നിയമിച്ചതാണ് വിവാദത്തിനിടയാക്കിയിരിക്കുന്നത്.
പദ്ധതിയുടെ പ്രാരംഭഘട്ടത്തില്‍ പ്രാദേശിക വിവരശേഖരണത്തിനും പുരാവസ്തു ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനുമായി പദ്ധതിപ്രദേശങ്ങളില്നിന്നും ബിരുദധാരികളായ നൂറോളം യുവതീയുവാക്കളെ റിസോഴ്സ് പേഴ്സണ്‍മാരായി തെരഞ്ഞെടുത്തിരുന്നു. പന്ത്രണ്ടോളം പഠനക്ലാസുകള്‍ നല്കി പദ്ധതിയുടെ ഭാഗമാക്കിയ ഇവര്‍ക്ക് പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ ജോലിയില്‍ മുന്‍ഗണന നല്‍കാമെന്ന വാഗ്ദാനവും മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ ഇവര്‍ക്ക് നല്‍കിയിരുന്നു. മാസം 1250 രൂപ നിരക്കില്‍ രണ്ടുവര്‍ഷക്കാലം ഉല്ഖനന പ്രദേശങ്ങളില്‍ കുഴിയെടുക്കുവാനും മണ്ണ് ചുമക്കാനും വരെ നിയോഗിച്ച തങ്ങളെ പദ്ധതി യാഥാര്‍ത്ഥ്യമായപ്പോള്‍ അവഗണിക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു.
അപേക്ഷ ക്ഷണിക്കുക എന്നതുള്‍പ്പെടെ യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ നടത്തിയ പിന്‍വാതില്‍ നിയമനം പിന്‍വലിച്ച് അര്‍ഹരായവരെ നിയമിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുമെന്നും ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: