എറണാകുളം ആലുവയിലെ പുലരിയെന്ന വീട്ടില്‍ എണ്‍പതാം വയസിലും ഡോക്ടര്‍ ടോണി ഫെര്‍ണാണ്ടസ് തിരക്കിലാണ്. കാഴ്ച വൈകല്യവുമായി തന്റെ മുന്നിലെത്തുന്നവരുടെ കണ്ണുകളില്‍ പ്രകാശമെത്തിക്കാന്‍. അന്‍പതു വര്‍ഷങ്ങള്‍ കഴിഞ്ഞു ഡോക്ടര്‍ ഇത്തരത്തില്‍ നേത്ര രോഗികളുമായുള്ള ബന്ധം തുടങ്ങിയിട്ട്. ഇതു നേത്ര രോഗ ചികിത്സാ രംഗത്തു ഡോ. ടോണി ഫെര്‍ണാണ്ടസിനെ മുന്‍നിരയിലെത്തിച്ചെങ്കിലും ഒരു തുടക്കക്കാരന്റെ സൂക്ഷ്മതയോടെയും അഭിനിവേശത്തോടെയും അദ്ദേഹം ഇന്നും കര്‍മ്മ കാണ്ഡത്തില്‍ തുടരുന്നു.
സാധാരണ നേത്രരോഗ വിദഗ്ധനു എത്തിപ്പിടിക്കാന്‍ കഴിയുന്നതിലും പത്തിരട്ടി നേട്ടങ്ങള്‍ ടോണി ഫെര്‍ണാണ്ടസെന്ന നേത്ര ചികത്സകന്‍ അമ്പതുവര്‍ഷങ്ങള്‍ക്കൊണ്ട് നേടിക്കഴിഞ്ഞു. ആയിരക്കണക്കിനു തിമിര ശസ്ത്രക്രിയകള്‍, ദക്ഷിണേന്ത്യയിലെ ആദ്യത്തെ കോങ്കണ്ണ് വിഭാഗം മധുരയില്‍ സ്ഥാപിക്കാന്‍ നേതൃത്വം നല്കിയവരില് പ്രമുഖന്, കേരളത്തില്‍ സ്വകാര്യ മേഖലയില്‍ ഐ ബാങ്ക് അസോസിയേഷനു തുടക്കമിട്ട വ്യക്തി എന്നിങ്ങനെ പോകുന്നു പത്മാ പുരസ്ക്കാര ജേതാവുകൂടിയായ ഈ തിരുവനന്തപുരം സ്വദേശിയുടെ നേട്ടങ്ങള്‍.
1960 കളില്‍ തിമിരവും മറ്റ് പ്രശ്നങ്ങളും കാരണം അന്ധകാരത്തിലാണ്ടു പോയ ദക്ഷിണേന്ത്യന്‍ ജനതയെ കാഴ്ചയുടെ ലോകത്തിലേക്കു തിരച്ചെത്തിക്കുന്നതില്‍ ടോണി ഫെര്‍ണാണ്ടസിന്റെ പങ്കാളിത്തം ചില്ലറയായിരുന്നില്ല. ഇംഗ്ലണ്ടിലെ ജോലിക്കൊപ്പമുള്ള പഠനം പൂര്‍ത്തിയാക്കി 1965ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തുമ്പോഴാണു അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവുകള്‍ ഉണ്ടാക്കുന്നത്. ഇംഗ്ലണ്ടിലെ ഇന്ത്യന്‍ ഹൈക്കമ്മീഷ്ണര്‍ വഴി ജോലിക്കപേക്ഷ നല്‍കിയായിരുന്നു ഇന്ത്യയിലെത്തുന്നത്. മധുര മെഡിക്കല്‍ കോളജായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രവര്‍ത്തന മണ്ഡലം. പോഷകാഹാരത്തിന്റെയും തിമിരത്തിന്റെയും പ്രശ്നങ്ങള്‍ മൂലം ഒരു പാട് സാധാരണക്കാര്‍ നേത്രരോഗത്തിനടിമയായി കഴിയുന്ന സമയത്താണു താന്‍ മദ്രാസ് മെഡിക്കല്‍ കോളജിലെത്തുന്നതെന്ന് ഇന്നും ഓര്‍മിക്കുന്നു. ഈ അവസ്ഥയില്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന ആലോചനയില്‍ നിന്നാണു സഹപ്രവര്‍ത്തകരുടെ സഹകരണത്തോടെ നേത്ര ക്യാമ്പുകള്‍ നടത്തി സാധാരണക്കാരുടെ കാഴ്ച വൈകല്യങ്ങള്‍ പരിഹരിക്കാമെന്ന ആശയത്തിലേക്കു എത്തുന്നത്. തമിഴ്നാട്ടിലെ ചെറു ഗ്രാമങ്ങളുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നൂറുകണക്കിനു നേത്ര ക്യാമ്പുകള്‍ സംഘടിപ്പിച്ചു. അന്നു തിമിര ശസ്ത്രക്രിയകള്‍ ഇന്നത്തെപ്പോലെ ലഘുവല്ല. പരിശോധനക്കു ശേഷം തിമിര ശസ്ത്രക്രിയക്കു വിധേയരാകുന്ന രോഗികള്‍ രണ്ടു കണ്ണും മൂടിക്കെട്ടി സഹായിക്കൊപ്പം മാത്രം തിരിച്ചുപോയിരുന്ന കാഴ്ച ഇന്നും മായുന്നില്ല. അന്നു വിപുലമായി മെഡിക്കല്‍ സംഘമൊന്നും ഇത്തരം ക്യാമ്പുകള്‍ക്കു ലഭ്യമായിരുന്നില്ല. ഒപ്പം സാങ്കേതിക വിദ്യയുടെ അപര്യാപ്തയും. ഇതു ടോണി ഫെര്‍ണാണ്ടസിനു സമ്മാനിച്ച വെല്ലുവിളികള്‍ ചില്ലറയല്ല. ആ സമയത്ത് വൈറ്റമിന്‍ എയുടെ കുറവു മൂലം ഒരു കുടുംബം മുഴുവന്‍ കാഴ്ച നഷ്ടപ്പെട്ട് എത്തിയത് ഓര്‍ക്കുന്നു. മറ്റുള്ളവരില്‍ വെളിച്ചമെത്തിക്കാനുള്ള ഡോക്ടറുടെ പോരാട്ടത്തിന്റെ ഭാഗമായാണു ഇന്ത്യയിലെ മൂന്നാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയും കോങ്കണ്ണ് വിഭാഗം 1965 ല്‍ മധുര മെഡിക്കല്‍ കോളജില്‍ സ്ഥാപിക്കുന്നത്. ഇതിന്റെ കൂടെ ഒരു നേത്ര ബാങ്ക് കൂടി അവിടെത്തുടങ്ങാനായത് ഡോക്ടറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തിളക്കം കൂട്ടി. ഏതു സമയത്തും സഹായഹസ്തവുമായി ഒപ്പമുണ്ടായിരുന്ന ജി. വെങ്കിടസ്വാമിയെന്ന മെഡിക്കല്‍ കോളജിലെ പ്രൊഫസറെ ടോണി ഫെര്‍ണാണ്‍സിനു അത്രവേഗം മറക്കാന്‍ കഴിയില്ല. നീണ്ട അഞ്ചുവര്‍ഷം ഇവിടെത്തുടര്‍ന്നു.
1969 ല്‍ ഡോക്ടര്‍ കേരളത്തിലെത്തുമ്പോള്‍ വിരലിലെണ്ണാവുന്ന നേത്രരോഗ വിദഗ്ധര്‍ മാത്രമായിരുന്നു ഇവിടെയുണ്ടായിരുന്നത്. മദ്രാസില്‍ നേത്രരോഗവിഭാഗം തുടങ്ങിയതറിഞ്ഞു അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രി സൂപ്രണ്ടിന്റെ ക്ഷണമനുസരിച്ചാണു ഇവിടെയെത്തുന്നത്. എറണാകുളം രൂപതയുടെ കീഴിലാണു അന്ന് ആശുപത്രി. ഇവിടെയെത്തുമ്പോള്‍ അങ്കമാലി ചെറുഗ്രാമം മാത്രമായിരുന്നു. ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ കര്‍മനിരതനായതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തിമിര ബാധിതരുള്‍പ്പെടെ കാഴ്ചക്കു തകരാര്‍ നേരിടുന്നവര്‍ അങ്കമാലിയിലേക്കു എത്തിത്തുടങ്ങി. അക്കാലത്ത് പുലര്‍ച്ചെ അഞ്ചു മണിമുതല്‍ ഡോക്ടറുടെ വീടിനു മുന്നില്‍ നീണ്ട ക്യൂ കാണപ്പെട്ടിരുന്നത് അങ്കമാലിക്കാരില്‍ കൗതുകമുണര്‍ത്തിയിട്ടുണ്ടാവാം. ഇവിടേയും ക്യാമ്പുകള്‍ സംഘടിപ്പിക്കുകയെന്ന പതിവുരീതിക്ക് മാറ്റമുണ്ടായില്ല. കേരളത്തിന്റെ വടക്കേ അറ്റമായ നീലേശ്വരം മുതല്‍ തെക്കേ അറ്റമായ കന്യകുമാരിവരയുള്ള ഭാഗങ്ങളില്‍ ഡോക്ടര്‍ ക്യാമ്പുകളിലൂടെ സജീവമായിരുന്നു. എട്ടു പേര് മാത്രമായിരുന്നു ആദ്യം മെഡിക്കല്‍ സംഘത്തുലുണ്ടായിരുന്നതെങ്കില്‍ ക്യാമ്പുകളുടെ ബാഹുല്യം വര്‍ദ്ധിച്ചതോടെ സംഘാംഗങ്ങളുടെ എണ്ണം 30 വരെയെത്തി. സ്കൂളുകള്‍ കേന്ദ്രീകരിച്ചു നടത്തിയിരുന്ന ക്യാമ്പുകളില്‍ കൊതുകുവലകള്‍കെട്ടിയൊക്കയാണു പലപ്പോഴും ഓപ്പറേഷന് തിയറ്ററുകള്‍ സജ്ജീകരിച്ചിരുന്നത്. അഞ്ചു മുതല്‍ ആറു ദിവസം വരെ നീണ്ടുനിന്നിരുന്ന ഒരു ക്യാമ്പില്‍ 600ലധികം പേര്‍വരെ ചികിത്സ തേടിയെത്തിയിരുന്നു. ഇത്തരം ക്യാമ്പുകളെല്ലാം തികച്ചും സൗജന്യമായിരുന്നുവെന്നത് ഡോക്ടറുടെ സേവന സന്നദ്ധതക്കു മകുടോദാഹണങ്ങളായിരുന്നു. ടോണി ഫെര്‍ണാണ്ടസിന്റെ ഈ ആര്‍ജവം തന്നെയാണു ഒറ്റക്കിടക്കയുമായി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ തുടങ്ങിയ നേത്രരോഗ വിഭാഗത്തെ 200 കിടക്കകളുള്ള സംവിധാനത്തിലേക്കു വളര്‍ത്തിയത്. നാലു ദശകങ്ങള്‍ക്കു മുമ്പു കേരളത്തില്‍ ആദ്യമായി ഒരു നേത്രബാങ്ക് ആരംഭിച്ചതിനു പിന്നിലും മാറ്റാരുടെയും കരങ്ങളായിരുന്നില്ല. ഈ ബാങ്കുവഴി സിലോണില്‍നിന്നു തിരുവന്തപുരത്ത് കണ്ണുകളെത്തിച്ചു ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. 1990 കളില്‍ മറ്റു ചിലര്‍ നടത്തിയ ക്യാമ്പുകളില്‍ അണുബാധ മൂലം കുറച്ചു രോഗികള്‍ക്കു പ്രശ്നങ്ങളുണ്ടായത് വലിയ വാര്‍ത്തയായി.
ഇതേത്തുടര്‍ന്നു നേത്ര ക്യാമ്പുകള്‍ക്കു സര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതോടെ ഡോ. ഫെര്‍ണാണ്ടസ് സംഘടിപ്പിക്കുന്ന ക്യാമ്പുകളുടെ എണ്ണം കുറച്ചു. അപ്പോഴും താന്‍ നടത്തിയ ക്യാമ്പുകളിലെ ഒരു രോഗിക്കുപോലും അണുബാധയുണ്ടായിട്ടില്ലായെന്നു അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
1934ല്‍ മലേഷ്യയില്‍ മെഡിക്കല്‍ പ്രാക്ടീഷണറായിരുന്ന ആന്‍്ഡ്രൂ സൈമണ്‍ ഫെര്‍ണാണ്ടസിന്റെയും മേബല്‍ ഫെര്‍ണാണ്ടിസിന്റെയും ഏഴു മക്കളില്‍ അഞ്ചാമനായി ജനിച്ചു. കുടുംബം തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയിരുന്നതിനാല്‍ സ്കൂള്‍ ജീവിതം പൂര്‍ത്തിയാക്കിയത് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിലായിരുന്നു. മാര്‍ ഇവാനിയസ് കോളജിലെ പഠനത്തിനു ശേഷം കസ്തൂര്‍ബാ പ്രൈവറ്റ് മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് ചേര്‍ന്നു. ഇന്ത്യയിലെ ആദ്യത്തെ പ്രൈവറ്റ് മഡിക്കല്‍ കോളജിലെ ആദ്യ ബാച്ചായിരുന്നു അത്. ഈ രംഗത്തേക്കു വരാനുണ്ടായ ഒരു പ്രചോദനം പിതാവായിരുന്നു. 1959ല്‍ ബിരുദമെടുത്ത് പുറത്തിങ്ങിയ താന്‍ നേരെ പോയത് പിതാവിന്റെ അടുക്കലേക്കായിരുന്നു. പിതാവിനൊപ്പം അവിടെ ഒരുവര്‍ഷത്തോളംകാലം സ്വകാര്യ ക്ലിനിക്കില്‍ പ്രവര്‍ത്തിച്ചു. അവിടെനിന്നും ഇംഗ്ലണ്ടിലെത്തി. മ്യൂഫില്‍സ് ഐ ഹോസ്പിറ്റല്‍, കെന്റണ്‍ കൗണ്ടി ഹോസ്പിറ്റല്‍ തുടങ്ങിയ ആശുപത്രികളിലായി ജോലി ചെയ്തു. ഇംഗ്ലണ്ടിലെത്തി മൂന്നുവര്‍ഷത്തിനുശേഷം റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ് ആന്റ് സെര്‍ജന്റ്സില്‍നിന്ന് ഒഫ്ത്താല്‍മോളജിയില്‍ ഡിപ്ലോമ കരസ്ഥമാക്കി. എംബിബിഎസ് പഠനത്തിനിടയില്‍ നേത്ര രോഗികളുമായി അടുത്തിടപഴകാന്‍ അവസരമുണ്ടായതാണു നേത്രചികിത്സാ രംഗത്തേക്കു കടന്നു വരാന്‍ ഡോ. ഫെര്‍ണാണ്ടസിനെ പ്രേരിപ്പിച്ചത്.
2007ല്‍ കേന്ദ്രസര്‍ക്കാരിന്റെ ബി.സി. റോയ് പുരസ്ക്കാരത്തിനു അര്‍ഹനായ അദ്ദേഹത്തെ ഈ രംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ചു 2008ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു. ഓള് ഇന്ത്യ ഒഫ്താല് മിക് സൊസൈറ്റിയുടെ പ്രസിഡന്റും എഡറ്ററുമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍നിന്നു വിരമിച്ച ശേഷം കഴിഞ്ഞ അഞ്ചുവര്‍ഷമായി ഡോ. ടോണി ഫെര്‍ണാണ്ടസ് ഐ ഹോസ്പിറ്റലെന്ന ആശുപത്രി നടത്തുന്നു. ഡോക്ടറും മകനുമായ ഫ്രഡി ടോണി ഫെര്‍ണാണ്ടസും ഇദ്ദേഹത്തോടൊപ്പമുണ്ട്. ഡോക്ടറായ യോണി ഫെര്‍ണാണ്ടസാണു ഭാര്യ. അഞ്ചു മക്കളില്‍ ബാംഗ്ലൂര്‍ രാമയ്യ ദന്തല്‍ കോളജില്‍ അസോസിയേറ്റ് പ്രൊഫസറായ സില്‍വിയ മാത്യു ഉള്‍പ്പെടെ രണ്ടുപേര്‍മാത്രമാണു ടോണി ഫെര്‍ണാണ്ടസിന്റെ പാത പിന്തുടര്ന്നു വൈദ്യരംഗത്തെത്തിയത്.
പക്ഷെ നേത്ര ചികിത്സാ രംഗത്തെ ഈ നേട്ടങ്ങള്‍ക്കെല്ലാം താന്‍ കാരണഭൂതനായിട്ടും ടോണി ഫെര്‍ണാണ്ടസെന്ന ഡോക്ടര്‍ വിശ്രമിക്കാന്‍ ഒരുക്കമല്ല. സ്വന്തം കര്‍മങ്ങളില്‍ ഇപ്പോഴും മുഴുകുന്നു. പുതുതലമുറയുടെ അതേ പ്രസരിപ്പോടെ.
അനീഷ് ചെറുവള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: