കൊടകര മറ്റത്തൂര്‍കുന്ന് കൈമുക്കു മനയിലെ വൈദികന് ശ്രീധരന് നമ്പൂതിരിയുടെ സാന്നിദ്ധ്യം എന്നും സാന്ത്വനമാണ്. അദ്ദേഹം ഏതു വിഷയം സംസാരിച്ചാലും വിരസതയുടെ നേര്‍മ്മ പോലും അനുഭവപ്പെടാറില്ല. ഒരിക്കലും വികാരങ്ങള്‍ക്ക് കീഴ്പ്പെടാത്ത കൈമുക്കു വൈദ്യന് ക്ഷോഭിക്കുകയോ താന്‍ പറയുന്നതാണ് ശരിയെന്ന് സ്ഥാപിക്കാന്‍ വെമ്പല്‍കൊള്ളുകയോ ചെയ്യാറില്ല. എനിക്ക് തെറ്റു പറ്റാം. എന്റെ വിഡ്ഢിത്തം കൊണ്ട് ഞാനോരോന്ന് പറയുകയാണ്. എന്നേ അദ്ദേഹം പറയൂ. ഔപചാരിക വിദ്യാഭ്യാസം അദ്ദേഹം നേടിയിട്ടില്ല. വര്‍ഷങ്ങളായുള്ള വേദപഠനവും തീക്ഷ്ണമായ അനുഭവങ്ങളുമാണ് അദ്ദേഹത്തിന് ശ്രേഷ്ഠത നല്‍കുന്നത്.
കൃഷ്ണാ യജുര്‍വേദ ശാഖ പിന്തുടരുന്ന ബ്രാഹ്മണ ഗോത്ര പാരമ്പര്യമാണ് ശ്രീധരന് നമ്പൂതിരിയുടേത്. വേദജ്ഞന്മാര് ഇന്ന് കുറഞ്ഞു വരികയാണ്. വേദപാരമ്പര്യം നിലനിന്നിരുന്ന പല ഇല്ലങ്ങളും മനകളും മണ്‍മറയുകയാണ്. കാലഘട്ടത്തിന്റെ സ്ഥിതി ഇതായിരിക്കെ ഒരു വേദപാഠശാലയും സംഗീത വിദ്യാലയവും തന്റെ മാതാപിതാക്കളുടെ പേരില്‍ നടത്തിക്കൊണ്ട് വൈദിക കര്‍മങ്ങള്‍ക്ക് മുടക്കം കൂടാതെയുള്ള ജീവിതമാണ് ശ്രീധരന് നമ്പൂതിരി നയിക്കുന്നത്. കുടുംബകാര്യത്തിലും അത്രതന്നെ ശ്രദ്ധയാണ് ശ്രീധരന് നമ്പൂതിരിക്ക്. സാമൂഹ്യകാര്യത്തിലും ആചാരങ്ങളെപ്പറ്റിയും അദ്ദേഹത്തിന് തനത് കാഴ്ചപ്പാടുണ്ട്. അത് തുറന്ന് പറയാന്‍ മടിയുമില്ല.
നമ്പൂതിരി സമുദായം ഇന്നനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് കൈമുക്കു വൈദികനറിയാം. വെടി പറച്ചിലും വെറ്റില മുറുക്കുമായി നമ്പൂതിരിമാരുടെ വിനോദ സമൃദ്ധികളുടെ പഴയ കഥ സങ്കല്പ്പങ്ങളില് മാത്രമേയുള്ളൂ. സമ്പത്തെല്ലാം പോയി നഷ്ടപ്രതാപത്തിന്റെ നെടുവീര്‍പ്പുകളില്‍ നൊമ്പരപ്പെടുന്ന നമ്പൂതിരി സമുദായത്തിന്റെ ദൈന്യത ഊഹിക്കാവുന്നതേയുള്ളൂ. ഭൂനിയമം വന്നതോടെ ഭൂസ്വത്തുക്കള്‍ നഷ്ടപ്പെട്ട നമ്പൂതിരി സമുദായത്തിന് മറ്റു വരുമാന മാര്‍ഗമില്ലാതെ വന്നു. ജീവിതത്തിന് മുന്നില്‍ അവര്‍ പകച്ചുനിന്നു. പലരും വൈദിക വൃത്തിയും ക്ഷേത്രപൂജയുമായി അരിഷ്ടിച്ചു ജീവിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ശ്രീധരന് നമ്പൂതിരിയുടെ പ്രസക്തി. തന്റെ പിതാവിന്റെ പേരിലുള്ള വേദപാഠശാല, കുട്ടികള്‍ അധികമില്ലെങ്കിലും അദ്ദേഹം നടത്തിക്കൊണ്ടുപോകുന്നു. അമ്മയുടെ പേരിലുളള വിദ്യാലയത്തിന്റെ സ്ഥിതിയും ഇതുതന്നെ.
ശ്രീ വയലൂരപ്പന്റെയും കൂടല്‍മാണിക്യ സ്വാമിയുടേയും അനുഗ്രഹം എന്നും കൈമുക്ക് വൈദിക കുടുംബത്തിന് കുട്ടായുണ്ടായിരുന്നു. ഒട്ടേറെ പ്രതിഭാശാലികളായ ദൈവജ്ഞരായ ബ്രാഹ്മണ ശ്രേഷ്ഠന്മാരെ കാലത്തിന്റെ മടിത്തട്ടിലേക്ക് ഇറക്കിവിട്ട മഹത്തായൊരു കുടുംബമാണിത്. ഇല്ലവല്ലായ്മകളിലും വലിയ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഈ ഇല്ലം ഇവിടെ എത്തുന്നവര്‍ക്കെല്ലാം സാന്ത്വനത്തിന്റെ ആശ്രയവും അനുഗ്രഹവുമാകുകയാണ്.
ശ്രീധരന് നമ്പൂതിരിയുടെ പിതാവ് പരേതനായ നാരായണന് നമ്പൂതിരി അസാധാരണ പ്രതിഭയായിരുന്നു. വിദ്യാഭ്യാസ കാര്യങ്ങളില്‍ തീരെ വിട്ടുവീഴ്ചയില്ലാത്ത അദ്ദേഹം മഹനീയ ആദര്‍ശങ്ങള്‍ സ്വന്തം ജീവിതത്തില്‍ തന്നെ പകര്‍ത്തിക്കാട്ടിയ വ്യക്തിയാണ്. മൂന്ന് ആണ്മക്കളില് ഇളയവനായ ശ്രീധരന് നമ്പൂതിരി പിതാവില്‍ നിന്ന് തന്നെയാണ് വിദ്യയഭ്യസിച്ചത്. അദ്ദേഹത്തിന്റെ മൂത്ത ജ്യേഷ്ഠന് രാമന് സോമയാജിപ്പാട് 2006 ല്‍ മറ്റത്തൂര്‍ കുന്നില്‍ നടന്ന സോമയാഗത്തിന്റെയും 2012 ല്‍ നടന്ന അതിരാത്രത്തിന്റെയും യജമാനനായിരുന്നു. ഈ രണ്ടു യാഗങ്ങളുടേയും ക്രിയാവിഭാഗത്തിന്റെ മുഴുവന്‍ ചുമതലകളും ശ്രീധരന് നമ്പൂതിരിക്കായിരുന്നു. മറ്റത്തൂര്‍ കുന്നില്‍ സോമയാഗം നടക്കുമ്പോള്‍ നിരവധി വ്യക്തികള്‍ സന്നിഹിതരായിരുന്നു. അഗ്നി എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ ഫ്രിറ്റ് സ്റ്റാളും ബിബിസിക്കാരും ആദ്യാവസാനക്കാരായി ഉണ്ടായിരുന്നു. യാഗകര്‍മങ്ങള്‍ എല്ലാം തന്നെ ബിബിസി റെക്കോഡ് ചെയ്തു. ആദ്യമായി രംഗത്തിറങ്ങിയ കൈമുക്കു നമ്പൂതിരിയുടെ ശ്രമം തികച്ചും സാഹസികമായിരുന്നു. അതിന്റെ വിജയത്തില്‍ നിന്നും ലഭിച്ച പ്രചോദനമാണ് 2012 ലെ അതിരാത്രം. അതിരാത്രത്തിന്റെ വിളംബരം നടത്തിയത് ഗാനഗന്ധര്വന് യേശുദാസാണ്. ദാസിനെപ്പോലെ സമൂഹത്തിലെ പ്രഗത്ഭരും പ്രശസ്തരുമായ അനേകര്‍ കൈമുക്കു മന സന്ദര്‍ശിച്ചിട്ടുണ്ട്.
മോഹന്‍ലാല്‍, ഷാജി കൈലാസ് തുടങ്ങിയ സിനിമാ ലോകത്തെ ഉന്നതര്‍ കൈമുക്കു മനയിലെത്തിയിട്ടുണ്ട്. വിദൂരതയില്‍ നിന്നുപോലും ശ്രീധരന് നമ്പൂതിരിയെക്കാണാന് എത്തുന്നവര്‍ അനേകം. അതിഥികളില്ലാത്ത ദിവസങ്ങള്‍ ഇവിടെയില്ല. ശ്രീധരന് നമ്പൂതിരിയുടെ പുത്രന് നാരായണന് കൂടല്‍ മാണിക്യ ക്ഷേത്രത്തില്‍ സംവത്സര ഭജനം നടത്തുകയാണ്. നാരായണന് നമ്പൂതിരിയെ കാണാന്‍ ശ്രീധരന് നമ്പൂതിരിയോടൊപ്പം പോകാന്‍ അവസരം ലഭിച്ചു. ഒരു വര്‍ഷത്തിനു ശേഷമേ വീട്ടില്‍ വരുവാന്‍ കഴിയുകയുള്ളൂ. നാരായണന് പിതാവിന്റെ ശിക്ഷണത്തില്‍ തന്നെയാണ് വേദം പഠിച്ചത്.
ക്ഷേത്രദര്‍ശനത്തിനുശേഷം സമീപത്തുളള വേദപാഠശാലയില്‍ കയറി. ഇതിന്റെ രക്ഷാധികാരിയും കൈമുക്ക് വൈദികന്‍തന്നെ. കേരളത്തിലെ പല ജില്ലകളിലും നിന്നും പല പ്രായത്തിലുള്ള നമ്പൂതിരി ബാലന്മാര് വേദപാഠശാലയില്‍ താമസിച്ച് വേദം പഠിക്കുന്നു. ഇവിടുത്തെ ജീവിതസാഹചര്യം പരിതാപകരമാണ്. എന്നാലും എല്ലാ ദൈന്യതകള്‍ക്കിടയിലും കുസൃതിയും ആഹ്ലാദവുമൊക്കെയായി ആ ചെറുബാലന്മാര്‍ മഹനീയ ജീവിതയജ്ഞം നടത്തിക്കൊണ്ടിരിക്കുകയാണ്. മടക്കയാത്രയില്‍ ശ്രീധരന് നമ്പൂതിരി ചിന്താധീനനായിരുന്നു.
യജുര്‍വേദമാണ് തന്റെ വൈദിക കര്‍മങ്ങളുടെയെല്ലാം കേന്ദ്രബിന്ദുവെങ്കിലും മറ്റ് വേദങ്ങളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലുമെല്ലാം കൈമുക്കിന് അവഗാഹമുണ്ട്. നിരവധി കവിതകള്‍ അദ്ദേഹം രചിച്ചിട്ടുണ്ടെങ്കിലും ഒന്നുപോലും പ്രസിദ്ധീകരണത്തിന് നല്‍കിയിട്ടില്ല. ആചാരാനുഷ്ഠാനങ്ങളില്‍ ആഴ്ന്നിറങ്ങുമ്പോഴും നാട്ടില്‍ നടക്കുന്ന സാമൂഹിക-സാംസ്കാരിക കാര്യങ്ങളില്‍ അദ്ദേഹം സജീവമാണ്. സംസാരിക്കുമ്പോള്‍ നിഷ്ക്കളങ്കമായ അദ്ദേഹത്തിന്റെ മനസ്സ് പൂര്‍ണമായും നമുക്ക് ബോധ്യമാകും. അതൊരു സാന്ത്വനത്തിന്റെ തൂവല്‍സ്പര്‍ശം നല്‍കുകയും ചെയ്യും.
സി. പുരുഷോത്തമദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: