കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്നതായി ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. രാഷ്ട്രീയകക്ഷികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ഇതു ബാധകമായിരിക്കും. കേന്ദ്രത്തിലോ സംസ്ഥാനത്തോ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയകക്ഷികള്‍ക്കും പെരുമാറ്റച്ചട്ടം ബാധകമാണ്. ജില്ലകളിലെ ഇലക്ഷന് മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിന് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ജില്ലാ കളക്ടറുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിന് ശേഷമാണ് കളക്ടര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.
അധികാരത്തിലിരിക്കുന്ന കക്ഷികള്‍ അതിന്റെ ഔദ്യോഗികസ്ഥാനം തിരഞ്ഞെടുപ്പ് പ്രചരണ ആവശ്യത്തിലേക്കായി ഉപയോഗിച്ചതായി ഏതെങ്കിലും പരാതിക്ക് ഇടവരുത്തിയിട്ടില്ലെന്ന് ഉറപ്പാക്കിയിരിക്കണം. മന്ത്രിമാര്‍ ഔദ്യോഗികയാത്രകള്‍ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെടുത്തുകയോ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഔദ്യോഗിക സംവിധാനമോ ജീവനക്കാരെയോ ഉപയോഗിക്കാനോ പാടില്ല. അധികാരത്തിലിരിക്കുന്ന രാഷ്ട്രീയകക്ഷിയുടെ താല്‍പ്പര്യാര്‍ഥം സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിക്കരുത്.
റസ്റ്റ് ഹൗസുകള്‍, ഗസ്റ്റ് ഹൗസുകള്‍ എന്നിവ ഉപയോഗിക്കുന്നുവെങ്കില്‍ അത്തരം സ്ഥലങ്ങള്‍ ഭരണ-പ്രതിപക്ഷ ഭേദമന്യേ എല്ലാ കക്ഷികള്‍ക്കും ലഭ്യമാക്കണം. എന്നാല്‍ ഈ സൗകര്യം പ്രചരണ ഓഫീസായോ സമ്മേളന സ്ഥലമായോ ഉപയോഗിക്കരുത്. തിരഞ്ഞെടുപ്പ് സമയത്ത് അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ നേട്ടങ്ങളെക്കുറിച്ച് മാധ്യമങ്ങളില്‍ പരസ്യം നല്‍കരുത്.
മന്ത്രിമാരോ മറ്റ് അധികാരികളോ വിവേചനാധികാരം ഉപയോഗിച്ച് നല്കാവുന്ന ഫണ്ടുകളില്‍ നിന്ന് ഗ്രാന്റ് മുതലായവ നല്‍കരുത്. ഒരു തരത്തിലുള്ള ധനസഹായവും ഒരു രീതിയിലും അനുവദിക്കുകയോ വാഗ്ദാനം നല്‍കുകയോ ചെയ്യരുത്. സര്‍ക്കാരിലോ പൊതുമേഖല സ്ഥാപനങ്ങളിലോ ഇക്കാലയളവില്‍ ഒരു തരത്തിലുള്ള ഇടക്കാല നിയമനങ്ങളും നടത്തരുത്.
ആയുധനിയമ പ്രകാരം ആയുധങ്ങള്‍ക്ക് ലൈസന്‍സ് ലഭിച്ചിട്ടുള്ളവര്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് തിരിച്ചുനല്‍കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പെരുമാറ്റച്ചട്ടങ്ങള്‍ പാലിച്ചിരിക്കണം. ഇതു നിരീക്ഷിക്കാന്‍ സംവിധാനം ഉണ്ടായിരിക്കും. പോസ്റ്ററുകളും ലഘുലേഖകളും അച്ചടിക്കുമ്പോള്‍ 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം പ്രിന്ററുടേയും പ്രസാധകന്റെയും പേരും വിലാസവും കാണത്തക്ക വിധത്തില്‍ മുന്‍വശത്ത് രേഖപ്പെടുത്തണം.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മാര്‍ച്ച് ഒമ്പത് വരെ ലഭിക്കുന്ന ഓണ്‍ലൈന്‍ അപേക്ഷകള്‍ പരിഗണിക്കും. ഒമ്പതിനു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുമെങ്കിലും ഈ തിരഞ്ഞെടുപ്പിലേക്ക് പട്ടിക തയ്യാറാക്കുമ്പോള്‍ പരിഗണിക്കില്ല. ഒമ്പതിന് രാവിലെ ഒമ്പതു മുതല്‍ അഞ്ച് വരെ എല്ലാ ബൂത്ത് ലെവല്‍ ഓഫീസര്‍മാരും വോട്ടര്‍പട്ടികയുമായി അതത് ബൂത്തുകളില്‍ ഉണ്ടായിരിക്കണം. വോട്ടര്‍മാര്‍ക്ക് പേര് പരിശോധിക്കാന്‍ ഈ അവസരം ഉപയോഗിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: