ന്യൂദല്‍ഹി: മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2014 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നില വളരെയേറെ മുന്നിലെത്തിയതായി അദ്ധ്യക്ഷന്‍ രാജ്നാഥ് സിംഗ്. മോദി തരംഗം പാര്‍ട്ടിയുടെ ഗ്രാഫ് ഉയര്‍ത്തി. ഒരു പ്രമുഖ ദിനപത്രത്തിനു നല്കിയ അഭിമുഖത്തിലാണ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.
അഭിപ്രായ സര്‍വ്വേകള്‍ കൂടുതല്‍ സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്ന് പറയുന്നു. ഇത് ഒരു സര്‍വ്വേയുടെ മാത്രം അഭിപ്രായമല്ല. ബിജെപി മുന്നോട്ട് തന്നെ കുതിക്കുന്നു എന്നതിനുള്ള തെളിവാണിത്. രണ്ട് മാസം മുമ്പുള്ള സര്‍വ്വേ റിപ്പോര്‍ട്ടിന്റെ അത്ര സീറ്റുകള്‍ ഇപ്പോഴത്തെ സര്‍വ്വേകള്‍ പ്രവചിക്കുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് അര്‍ത്ഥമില്ല. നിലവിലും അഭിപ്രായ സര്‍വ്വേകള്‍ ബിജെപിക്ക് തന്നെയാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. ഓരോ ദിവസം കഴിയുമ്പോഴും കൂടുതല്‍ എംഎല്‍എമാര്‍ ബിജെപിയിലേക്ക് വരുന്നതായി കാണാം. എന്‍.ഡി.എ 272 എന്ന മാജിക് സംഖ്യ കടക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.
അഭിപ്രായ സര്‍വ്വേകള്‍ എന്‍.ഡി.എ ക്ക് 225 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളുവെന്ന് പറയുന്നതില്‍ വിയോജിപ്പുണ്ട്. ലക്ഷ്യം 272 എന്ന സംഖ്യയാണ് . എന്‍ഡിഎ സഖ്യത്തിലൂടെ മാജിക് സംഖ്യ കടക്കാന്‍ സാധിക്കുമോ എന്ന ചോദ്യത്തെ തങ്ങള്‍ പക്ഷിയുടെ കണ്ണുകള്‍ കൊണ്ടാണ് നോക്കിക്കാണുന്നതെന്നാണ് രാജ് പറഞ്ഞത്. ബിജെപി അംഗങ്ങള്‍ക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ അപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളും.
ജനങ്ങള്‍ക്ക് കോണ്‍ഗ്രസിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ശക്തമായ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളു എന്ന് ജനങ്ങള്‍ക്ക് ബോധ്യമായി. മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, രാജസ്ഥാന്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഭരിക്കുന്നതും ബിജെപിയാണ്. കോണ്‍ഗ്രസ് എന്തെല്ലാം നുണകള്‍ പ്രചരിപ്പിച്ചാലും അവസാനത്തെ വിജയം ബിജെപിക്ക് തന്നെയായിരിക്കുമെന്നും രാജ്നാഥ്സിംഗ് തുടര്‍ന്നു.
തെലുങ്കാന വിഷയത്തില്‍ ബിജെപിക്ക് വ്യക്തമായ കാഴ്ച്ചപ്പാടുകളുണ്ട്. എന്‍ഡിഎ സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്ത് മൂന്ന് പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിച്ചിരുന്നു. അത് വളരെ സമാധാനപരമായും എല്ലാവരുടെ സമ്മതത്തോടു കൂടിയുമായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ആന്ധ്രാപ്രദേശിനെ വിഭജിക്കാനുള്ള തീരുമാനത്തില്‍ വാസ്തവത്തില്‍ പരാജയപ്പെടുകയാണ് ചെയ്തത്. സീമാന്ധ്രയിലേയും തെലുങ്കാനയിലേയും ജനങ്ങളുടെ പൊതുസമ്മതം തേടാതെയാണ് വിഭജിക്കല്‍ നടപടിയുമായി മുന്നോട്ട് പോയത്.
ബിജെപിയുടെ ഗ്രാഫ് 2014 ല്‍ ഉയര്‍ന്നാണ് നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ പഴയ എന്‍ഡിഎ സംഖ്യം ആവര്‍ത്തിക്കുമോ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. തിരക്കിട്ട് സംഖ്യം രൂപപ്പെടുത്താന്‍ ബിജെപിക്ക് ഉദ്ദേശമില്ല. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സംഖ്യങ്ങള്‍ തനിയെ രൂപപ്പെട്ടു വരും. ഇത് കാത്തിരുന്ന് കാണേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. മോദിയെ മാത്രം കേന്ദ്രികരിച്ചാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം എന്നതില്‍ അടിസ്ഥാനമില്ല. സംസ്ഥാന തെരഞ്ഞെടുപ്പില്‍ അതാത് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാണിക്കുന്നതു പോലെ തന്നെയാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയേയും ബിജെപി ഉയര്‍ത്തിക്കാണിച്ചത്. അടല്‍ജിയും അദ്വാനിജിയും എന്ന ബിജെപിയുടെ മുതിര്‍ന്ന നേതാക്കളുടെ പേരില്‍ പ്രചാരണ പരിപാടിക്കായുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
മോദി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകണമെന്നത് കൂട്ടായ തീരുമാനമാണ്.ഗുജറാത്തിനെപ്പറ്റിയും അവിടുത്തെ വികസനത്തെപ്പറ്റിയും അറിയാത്തവരാണ് മോദിയെ കുറ്റം പറയുന്നതെന്നും രാജ്നാഥ് കൂട്ടിച്ചേര്‍ത്തു. ഞാന്‍ പറയുന്നത് ഗുജറാത്ത് മുഖ്യമന്ത്രിയായ മോദിയെക്കുറിച്ചാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യക്ക് പറയാനുള്ളത് പ്രധാനമന്ത്രിയായ മോദിയെപ്പറ്റിയായിരിക്കും. ബിജെപിയേയും ജനങ്ങള്‍ വിലയിരുത്തുന്നുണ്ട്. ഇന്ത്യയില്‍ നല്ല സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ബിജെപിക്കു മാത്രമേ സാധിക്കുകയുള്ളുവെന്ന സത്യം ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. രാജ്നാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: