ജമ്മു: ജമ്മുകാശ്മീരിലെ ജനങ്ങള്‍ മഹാകള്ളന്മാരാണെന്ന് കേന്ദ്ര മന്ത്രിയും കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള. ഫാറൂഖിന്റെ ഈ പരാമര്‍ശം ജമ്മു നിയമസഭയില്‍ ബഹളത്തിന് വഴിവച്ചു. മുഖ്യപ്രതിപക്ഷമായ പി.ഡി.പിയുടെ നേതൃത്വത്തില്‍ നിയമസഭയ്‌ക്കുള്ളില്‍ ശക്തമായ പ്രതിഷേധമാണ് ഫറൂഖിന്റെ പരാമര്‍ശത്തിനു നേരെ ഉയര്‍ന്നത്.
നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് കൂടിയായ ഫറൂഖ് അബ്ദുള്ളയ്‌ക്ക് ഇത്തരത്തില്‍ സംസാരിക്കാന്‍ എങ്ങനെ കഴിയുന്നുവെന്ന് പി.ഡി.പി പ്രസിഡന്റ് മെഹ്ബൂബ മുഫ്തി ചോദിച്ചു. അഴിമതിയുടെ രാജാക്കാന്മാരാണ് നാഷണല്‍ കോണ്‍ഫറന്‍സുകാര്‍. അങ്ങനെയുള്ള അവരാണ് കാശ്മീരിലെ ജനങ്ങളെ കള്ളന്മാരെന്ന് വിളിക്കുന്നത്. ഇത് നാണക്കേടാണെന്നും മുഫ്തി നിയമസഭയ്‌ക്ക് പുറത്ത് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ചെറിയ തോതിലുള്ള വൈദ്യുതി മോഷണവുമായി ബന്ധപ്പെട്ട് ഫറൂഖ് അബ്ദുള്ള നടത്തിയ പരാമര്‍ശമാണ് വിവാദമായത്. കാശ്മീരിലെ ജനങ്ങള്‍ കള്ളന്മാരല്ല, മഹാകള്ളന്മാരാണ് എന്നായിരുന്നു ഊര്‍ജ വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്തിറക്കുന്ന വേളയില്‍ ഫറൂഖിന്റെ പരാമര്‍ശം.
















