മട്ടാഞ്ചേരി: ആത്മീയ തേജസ്സില്‍ ആഘോഷത്തിമിര്‍പ്പുമായി അന്നക്കളിയാഘോഷം ജനകീയമായി. അമരാവതി ആല്‍ത്തറ ഭഗവതി ക്ഷേത്ര താലപ്പൊലിയോടനുബന്ധിച്ചാണ് സവിശേഷതയാര്‍ന്ന അന്നക്കളി ആഘോഷം നടന്നത്. ഞായറാഴ്ച തെക്കുംപുറം അന്നക്കളിയും തിങ്കളാഴ്ച വടക്കുംപുറം അന്നക്കളിയാഘോഷവുമാണ് അരങ്ങേറുന്നത്. അന്നക്കളിയാഘോഷത്തിന് മുന്നോടിയായുള്ള തീണ്ടി പടയണി ചടങ്ങ് ശനിയാഴ്ച അര്‍ദ്ധരാത്രിയില്‍ നടന്നു. ഞായറാഴ്ചയും തിങ്കളാഴ്ചയും രാത്രി പടയണി ആഘോഷവും അരങ്ങേറും.
വൈശ്യവാണിയ സമൂഹത്തിന്റെ സുപ്രധാന ക്ഷേത്രങ്ങളിലൊന്നാണ് അമരാവതി ആല്‍ത്തറ ഭഗവതി ക്ഷേത്രം. പോര്‍ച്ചുഗീസ് ഭരണത്തില്‍ ഗോവയില്‍ പീഡനങ്ങളും മര്‍ദ്ദനങ്ങളും സഹിച്ചുള്ള ജീവിതത്തില്‍ സാംസ്ക്കാരിക അന്തരീക്ഷം ആചാരമൂല്യങ്ങള് നാമാവശേഷവും നാശോന്മുഖമാകുന്ന സാഹചര്യത്തില്‍ ഗോവയില്‍നിന്ന് പലായനം ചെയ്ത സമൂഹമാണ് വൈശ്യവാണിയ സമൂഹം. മറ്റു സഹോദരസമൂഹങ്ങള്ക്കൊപ്പം കടല്‍ മാര്ഗ്ഗമേയുള്ള യാത്രയില്‍ കൊച്ചിയിലെത്തിയ വൈശ്യസമാജം തങ്ങളുടെ ആരാധനാമൂര്‍ത്തികളുടെ പ്രതിഷ്ഠാ ക്ഷേത്രങ്ങള്‍ക്കൊപ്പം അഭയകേന്ദ്രത്തിലെ അനുഷ്ഠാന-ആരാധ്യദേവതകളെയും പൂജിച്ചാരാധിച്ച് മുന്നേറി. കേരളത്തിലെ ഉഗ്രമൂര്‍ത്തി ദേവീക്ഷേത്രങ്ങളില്‍ നടന്നുവരാറുള്ള ദേവീപ്രീതിക്കും ദുര്ദോഷദുരിത നിവാരണ പ്രാര്‍ത്ഥനയിലുള്ള ചടങ്ങാണ് അന്നക്കളിയാഘോഷമെന്നാണ് പഴമക്കാര്‍ പറയുന്നത്. പുരാതന ആല്‍ത്തറയില്‍ പ്രതിഷ്ഠിച്ച ദേവീ പ്രതിക്കായാണ് ഇന്നും അന്നക്കളിയാഘോഷം ആചാര അനുഷ്ഠാനങ്ങളോടെ കൊച്ചിയില്‍ നടന്നുവരുന്നത്. തങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ക്കൊപ്പം മലയാളക്കരയിലെ സാംസ്ക്കാരിക-ആത്മീയ ജീവിതവുമായുള്ള ഇഴുകിച്ചേരലായും അന്നക്കളിയാഘോഷത്തെ വിവരിക്കുന്നവരുമുണ്ട്.
ഒരു ദേശത്തെ ദുരിത-ദുര്‍ചിന്തകളില്‍നിന്നും രക്ഷിക്കുവാനുള്ള ദേവീപ്രാര്ത്ഥനയുമായുള്ള അന്നക്കളിയാഘോഷത്തില് പങ്കെടുക്കുവാന്‍ വിവിധ ദേശങ്ങളില്‍നിന്നുള്ള വരും കൊച്ചിയിലെത്തിച്ചേരും. നൂറ്റാണ്ടിന്റെ ചരിത്രവുമായുള്ള അമരാവതി അമ്മന്‍കോവില്‍ ക്ഷേത്രത്തിലെ അന്നക്കളിയാഘോഷം ഇതിനകം ഏറെ പ്രസിദ്ധിയാര്‍ജ്ജിക്കുകയും ചെയ്തു കഴിഞ്ഞു.
ദേവീ പ്രീതി-ദേശരക്ഷയ്ക്കായുള്ള അന്നക്കളിയാഘോഷത്തിലെ എഴുന്നള്ളിപ്പ് ഉരുക്കളെ വാദ്യമേളങ്ങളോടെയാണ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചത്. എട്ടടി ഉയരമുള്ള അന്നം, ഭീമന്, താടക, മറുവക്കാട് യക്ഷി, ചെറിയ അന്നവും ഭീമനും യക്ഷി തുടങ്ങിയ ഉരുക്കലാണ് അന്നക്കളിയാഘോഷത്തില് എഴുന്നള്ളിക്കുക. വാദ്യമേളങ്ങളോടെ ക്ഷേത്രത്തിന വലംവയ്ക്കുന്ന ഉരുക്കള്‍ ക്ഷേത്രമുറ്റത്ത് ദേവിക്ക് മുന്നില്‍ ഹര്‍ഷാരവത്തോടെ പ്രദക്ഷിണം വെയ്ക്കുന്ന ചടങ്ങാണ് അന്നക്കളിയാഘോഷം. വലിയ വണ്ടികളില്‍ ഘടിപ്പിച്ച് എഴുന്നള്ളിക്കുന്ന വലിയ ഉരുക്കള്‍ മുതിര്‍ന്നവരും ചെറിയ ഉരുക്കള്‍ കുട്ടികളുമാണ് എഴുന്നള്ളിച്ചത്.
അന്നക്കളിയാഘോഷത്തോടനുബന്ധിച്ച് രാത്രി പടയണിയും നടക്കും. തപ്പും താളവും ചെണ്ടമേളവും നാദസ്വരവുമായി എഴുന്നള്ളിച്ചുള്ള അന്നക്കളിയാഘോഷ ലഹരിയിലാണ് അമരാവതി ദേശം. തിങ്കളാഴ്ച വൈകിട്ട് വടക്കുംപുറം അന്നക്കളിയും നടക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് അന്നദാനവും വൈകിട്ട് ഐരാവത ശീവേലി, പ്രസാദവിതരണം, കൊടിയിറക്കത്തോടെയാണ് താലപ്പൊലി സമാപിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: