ക്ഷമിക്കണം, വീണ്ടും ഒഞ്ചിയം തന്നെ വന്നുപോകുന്നു. എത്ര ശ്രമിച്ചിട്ടും ഒഞ്ചിയത്തെ ടി.പി. ചന്ദ്രശേഖരന് ഓരോരുത്തരുടെയും വീട്ടുപടിക്കല്‍ പതിഞ്ഞ ചിരിയും തുറന്ന ഹൃദയവുമായി വന്നുനില്ക്കുന്നു. അദ്ദേഹം ധീരനായ കമ്മ്യൂണിസ്റ്റായിരിക്കാം. കുലംകുത്തിയാവാം, ഒടുവില്‍ മണ്ണാങ്കട്ടയുമാവാം. എന്തായാലും ഒരു മനുഷ്യന് ആണെന്ന് സമ്മതിക്കാന്‍ ഏതു രാഷ്ട്രീയക്കാരനുമാവും. എന്നാല്‍ അതുപോലും അല്ലെന്നാണ് എളമുറയിലെയും പഴമുറയിലെയും ചിലരുടെ വാദഗതികള്‍. അത് അതേപടിയല്ല, അതിനെക്കാള്‍ ശക്തിയില്‍ ഉന്നതനേതാക്കന്മാര്‍ പാടിയുറപ്പിക്കുന്നു. ആ ഉറപ്പിക്കലിനുള്ളിലെ അജണ്ടയാണ് പ്രശ്നം. അതാണ് സമൂഹത്തെ പേടിപ്പിക്കുന്നത്. മുള്‍മുനയില്‍ നിര്‍ത്തുന്നത്. പ്രതിയോഗികളെ കൊന്നും കൊല്ലിച്ചും നടന്ന് രസാത്മകമായ ഒരനുഭൂതിതലത്തില്‍ എത്തിനില്‍ക്കുന്ന ഒരു പാര്‍ട്ടിയെ സംബന്ധിച്ച് കേരളത്തിലെ ആയിരക്കണക്കായ കോഴിപ്പീടികകളില്‍ കഴുത്തു ഞെരിച്ചും മുറിച്ചും കൊല്ലുന്ന കോഴികളുടെ പ്രാണന് പോലെയാണ് ചന്ദ്രശേഖരന്റേതും. അതിഥികളെ സന്തോഷിപ്പിക്കാനുള്ള ഒരു ആഹാരപദാര്‍ത്ഥം മാത്രം കോഴി. പാര്‍ട്ടി അണികളെ ആഹ്ലാദിപ്പിക്കാനുള്ള ഒരു വസ്തു ചന്ദ്രശേഖരന്.
പഴയങ്ങാടിയില്‍ (കണ്ണൂര്‍) നടന്ന കേരളരക്ഷാ മാര്‍ച്ചിന്റെ സ്വീകരണ സമ്മേളനത്തില്‍ എളമരം കരീം എന്ന് കമ്മ്യൂണിസ്റ്റിന്റെ ഉവാചഃ ടി.പി. ചന്ദ്രശേഖരന് ധീരനും ഉത്തമനുമായ കമ്മ്യൂണിസ്റ്റ് അല്ല, വെറും മണ്ണാങ്കട്ട…. ടി.പി. ചന്ദ്രശേഖരന്റെ വധം രാജീവ്ഗാന്ധിയുടെ വധത്തെക്കാള്‍ മഹത്വവല്‍ക്കരിക്കാനാണ് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ടി.പി. ചന്ദ്രശേഖരന്റെ നാട്ടില്‍ നടന്ന വളം വിതരണത്തില്‍ വന്‍ കൃത്രിമം കണ്ടെത്തി. ഒരു ചാക്ക് വളത്തില്‍ തന്നെ 70 ശതമാനം പൂഴിയായിരുന്നു. ഇതിന്റെ പേരില്‍ അവിടത്തെ പഞ്ചായത്ത് പ്രസിഡന്റിനെ നാട്ടുകാര്‍ കളിയാക്കിയിരുന്നു. പാര്‍ട്ടി ഇതേക്കുറിച്ച് അന്വേഷിച്ചു. ചന്ദ്രശേഖരന് കുറ്റക്കാരനാണെന്നു കണ്ടെത്തി. പാര്‍ട്ടി നടപടിക്കു വിധേയനാക്കി. (മലയാള മനോരമ ഫെബ്രു. 25) അത്രയേ ഉണ്ടായുളളൂ. വളം വിതരണത്തിലെ അഴിമതിക്ക് മുഖം കാണാന്‍ പോലും അവസരം കൊടുക്കാതെ ഭൂമിയില്‍ നിന്ന് ആളെ പറഞ്ഞയക്കുന്ന ഈ പാര്‍ട്ടിയല്ലേ നമുക്കാവശ്യം. ഇളമുറസഖാവിന്റെ പ്രയോഗം തെറ്റിപ്പോയതാണെങ്കില്‍ ഇതാ പഴമുറ നേതാവ് രംഗപ്രവേശം ചെയ്യുന്നു.
കേരളരക്ഷാ മാര്‍ച്ചിന്റെ ഭാഗമായി നാദാപുരത്തു നടന്ന വാര്‍ത്താസമ്മേളത്തിലേക്ക് വായനക്കാര്‍ക്ക് സ്വാഗതം: ടി.പി. ചന്ദ്രശേഖരന് മണ്ണാങ്കട്ടയാണെന്ന് പറഞ്ഞത് അദ്ദേഹത്തെ വല്ലാതെ മഹത്വവല്ക്കരിക്കാന് ശ്രമിക്കുന്ന ചിലര്‍ക്കു വിഷമമുണ്ടാക്കും. ചന്ദ്രശേഖരന് ആരായിരുന്നുവെന്ന് വടകരയിലും നാദാപുരത്തുമുള്ളവര്‍ക്ക് അറിയാം. അതു പിന്നെയും പറയുന്നില്ല. ചില പ്രത്യേക ഉദ്ദേശ്യത്തോടെ അദ്ദേഹത്തെ മഹത്വവല്ക്കരിക്കുമ്പോള് അതിനെ ഏറ്റുപിടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മറുപടി ഉണ്ടാകുമെന്ന് ഓര്‍ക്കണം. (പിണറായി വിജയന്റെ പത്രസമ്മേളനം, മലയാള മനോരമ, ഫെബ്രു. 26) അപ്പോള്‍ ഓര്‍ത്താളിന്‍, വള്ളിക്കാട്ട് വീണ് ഉണങ്ങിപ്പോയ ചോര ഇനിയും സജീവമാവും. മറ്റു പലയിടങ്ങളിലും വള്ളിക്കാടുകള്‍ ഉണ്ടാകും. കഴിഞ്ഞ തവണ കാലവര്‍ഷം ടി.പി. ചന്ദ്രശേഖരന്റെ വീട്ടുപടിക്കല്‍ എത്തി നോക്കുമ്പോള്‍ വീട്ടിനകത്ത് ആര്‍ത്തലച്ച് കണ്ണീര്‍പെരുമഴ. ഒടുവില്‍ മഴ പിന്‍വാങ്ങി വള്ളിക്കാട്ടില്‍ പെയ്തു തീര്‍ത്തുവെന്ന് കവി ഭാവന.
പ്രകൃതിക്കുപോലും അത്തരമൊരു വികാരം കൈവരുമ്പോള്‍ മാനുഷികതയ്ക്ക് മുമ്പില്‍ സ്ഥാനമുണ്ടെന്ന് കരുതുന്ന പാര്‍ട്ടിയെ ന്തേ ഇങ്ങനെ? അതിനുള്ള മറുപടി അപ്പുക്കുട്ടന് വള്ളിക്കുന്ന് ചെറുതായി പറഞ്ഞുവെക്കുന്നുണ്ട്. ടി.പി. വധത്തിലെ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് എന്താണ്, സത്യത്തെ വെട്ടി വെള്ളപുതപ്പിക്കുന്നു എന്ന പേരില്‍ മാതൃഭൂമിയില്‍ (ഫെബ്രു.28) അത് വായിക്കാം. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ ജനറല്‍ സെക്രട്ടറി പി.സി. ജോഷി ഒരു സങ്കീര്‍ണാവസ്ഥയില്‍ കേരളത്തില്‍ വന്ന് തിരിച്ച് പോയത് കണ്ണീര് നനച്ച മുഖവും കലങ്ങിയ കണ്ണുകളുമായാണത്രെ. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 18 കമ്മ്യൂണിസ്റ്റ് തടവുകാരെ കണ്ടശേഷമായിരുന്നു അത്. കയ്യൂര്‍ കേസില്‍ അടുത്ത ദിവസം തൂക്കിലേറ്റപ്പെടുന്ന നാലു പേരും അതിലുണ്ടായിരുന്നു. അതില്‍ ഏറ്റവും ചെറുപ്പമായിരുന്ന അബൂബക്കര്‍ ഇങ്ങനെ പറഞ്ഞത്രേ: സഖാവെ, എന്റെ ഉമ്മയ്ക്ക് വയസ്സായി. മൂത്തത് ഞാനാണ്.
അനിയന്മാര് ചെറുപ്പമാണ്. എന്റെ ഉമ്മയെ സമാധാനിപ്പിക്കണം. ധൈര്യപ്പെടുത്തണം. അവരെ നോക്കാന്‍ മറ്റാരുമില്ല; ഞങ്ങള്‍ ധൈര്യപൂര്‍വം കഴുമരത്തില്‍ കയറുമെങ്കിലും. പി.സി. ജോഷി ഉറപ്പുകൊടുക്കുകയും ചെയ്തു. ഇനി അപ്പുക്കുട്ടന് വള്ളിക്കുന്ന് തന്നെ പറയട്ടെ: ചരിത്രത്തിന്റെ ഇങ്ങേത്തലയ്ക്കല്‍ കോഴിക്കോട് കടപ്പുറത്ത് കമനീയമായി അലങ്കരിച്ച വിലപിടിപ്പുള്ള രംഗവേദിയില്‍ നിന്ന് സിപിഎം ജനറല്‍ സെക്രട്ടറി ആരുടെ മുഖമാണ് ഓര്‍ത്തതെന്ന് അദ്ദേഹത്തിനു മാത്രമേ അറിയൂ. അഞ്ചു വാളുകള്‍ തലയോടുതകര്‍ത്ത് ആഞ്ഞാഞ്ഞ് വെട്ടുമ്പോഴും നിശ്ശബ്ദധീരതയോടെ, വാചാലമൂകതയോടെ രക്തസാക്ഷിത്വം ഏറ്റുവാങ്ങിയ ആ ധീര കമ്മ്യൂണിസ്റ്റിന്റെ മുഖമോ? അതോ കുലംകുത്തിയുടേയോ?). പാര്‍ട്ടി സെക്രട്ടറിയുടെ മനോവ്യാപാരം ആര്‍ക്കറിയാം. അതുകൊണ്ടാണല്ലോ ഈ പാര്‍ട്ടിയെ ഒരു ചുക്കും ചെയ്യാനാവില്ല എന്ന് ഉന്നത നേതാക്കള്‍ ഇടയ്ക്കിടെ കാച്ചിവിടുന്നത്. ഇടയ്ക്ക് അപ്പുക്കുട്ടാ ഒന്നു പറഞ്ഞോട്ടെ, മൊകേരി എല്‍പി സ്കൂളില്‍, ക്ലാസ് മുറിയില്‍ ജയകൃഷ്ണന് എന്നൊരു പാവം അധ്യാപകനെ പ്രാകൃതമായ രീതിയില്‍ ഉന്മൂലനം ചെയ്തതും ഇതേ പാര്‍ട്ടിയായിരുന്നു. അന്ന് തിളയ്ക്കാത്ത ചോര ഇപ്പോള്‍ തിളയ്ക്കുന്നത് കാണുമ്പോള്‍ വേദനയുടെ രാഷ്ട്രീയത്തിലെ ഉയര്‍ച്ച താഴ്ചകള്‍ അനുഭവിക്കാനാവുന്നുണ്ട്.
സോണിയ നൂലില്‍ കെട്ടിയിറക്കിയ പിസിസി പ്രസിഡന്റിനെക്കുറിച്ച് കാലികവട്ടത്തിനും എതിരഭിപ്രായമുണ്ടായിരുന്നില്ല. ധീരന്, വീരന്, വീര സുധീരന് എന്നോ മറ്റോ പണ്ടൊരു മുദ്രാവാക്യം കേട്ടത് ഓര്‍മ്മയുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷയെ വേദിയില്‍ കിട്ടിയ ഉത്സാഹത്തില്‍ മൂപ്പര് ചില കാച്ച് കാച്ചല് നടത്തിയപ്പോള്‍ ചങ്ങനാശ്ശേരിയിലെ മണിച്ചേട്ടന്റെ അഭിപ്രായം എത്ര ശരിയെന്ന് തോന്നിപ്പോയി. നരേന്ദ്രമോദിയെക്കുറിച്ച് വലിയവായില്‍ സോണിയയെ ഇരുത്തിക്കൊണ്ട് നട്ടാല്‍ പൊടിക്കാത്ത നുണകള്‍ തട്ടിവിടുമ്പോള്‍ ദൈവത്തെ അറിയാതെ വിളിച്ചുപോയി. ഇല്ല, തികച്ചും രണ്ടാഴ്ച തികയും മുമ്പെ സുധീരന് പണികിട്ടി. അധികാരം കിട്ടിയാല്‍ അറവാതില് തുറന്നും കളവു നടത്താം എന്നൊരു നാടന്‍ പ്രയോഗമുണ്ട്. സുധീരവീരനും അതാണു സംഭവിച്ചത്. ഏതായാലും ചങ്ങനാശ്ശേരിയില്‍ നിന്ന് കണക്കിന് കിട്ടി. പണ്ടൊക്കെ പാടത്ത് പണി വരമ്പത്ത് കൂലി എന്നതായിരുന്നു രീതി. ഇപ്പോള്‍ പാടത്ത് പണി അവിടത്തന്നെ കൂലി എന്നായിരിക്കുന്നു. അക്കാര്യത്തില്‍ മണിച്ചേട്ടന് കാലികവട്ടം വക നല്ലൊരു കൂപ്പുകൈ.
ആദിവാസികള്‍ കാടുകളുടെ ഗാനം പാടേണ്ട എന്നാണെങ്കില്‍ പിന്നെ ആര് പാടുമെന്നാണ് എസ്. ജോസഫ് ചോദിക്കുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (മാര്‍ച്ച് 02) കാടുകളുടെ ഗാനം എന്ന അദ്ദേഹത്തിന്റെ നൈര്‍മല്യമുള്ള കവിതയില്‍ വനവാസികളുടെ രോദനം അലിഞ്ഞുചേര്‍ന്നിരിക്കുന്നു. കനിവും കണ്ണീരും കാരുണ്യവുമില്ലാത്ത സമൂഹത്തില്‍ ഇത്തരത്തിലുള്ള കവികള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്ന് ചിന്തിക്കുക.
ലോകസഭാ തെരഞ്ഞെടുപ്പ് അടിവെച്ചടിവെച്ച് വരുന്നു. മാധ്യമം ആഴ്ചപ്പതിപ്പിന് വെകളി പിടിക്കുകയും ചെയ്യുന്നു. മോദിയിലേക്ക് എല്ലാ കുന്തമുനയും ഏകോപിപ്പിക്കാന്‍ കരാര്‍ വാങ്ങിയിരിക്കുന്ന വാരികയുടെ ഈ ആഴ്ചയിലെ പോരാളികള്‍ ഇതാ ഇവരൊക്കെയാണ്: വിജു വി നായര്‍, സ്വാമി സന്ദീപാനന്ദഗിരി, ടി. മുഹമ്മദ് വേളം. മാധ്യമസ്വാതന്ത്ര്യത്തിന്റെ എക്കാലത്തെയും പോരാളിയായി യാസീന്‍ അശ്റഫ് റഫറിയുടെ പേരില്‍ നില്‍ക്കുന്നുമുണ്ട്.
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: