ധാക്ക: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് രണ്ടുവിക്കറ്റ് ജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെടുത്തു. ഓപ്പണര്‍ ശിഖര്‍ ധവാന് (94), ക്യാപ്റ്റന്‍ വിരാട് കോഹ്ലി (48) എന്നിവര്‍ ടീം ഇന്ത്യയുടെ റണ്‍വേട്ടക്കാര്‍. ലങ്കയ്ക്കുവേണ്ടി അജന്ത മെന്‍ഡിസ് 4 വിക്കറ്റുകള്‍ പിഴുതു; തിസാര പെരേര മൂന്നും. ചേസ് ചെയ്ത ലങ്ക കുമാര്‍ സംഗക്കാരയുടെ (103) കുശാല്‍ പെരേര (64) എന്നിവരുടെ മികവില്‍ നാലു പന്തുകള്‍ ബാക്കിവച്ച് ലക്ഷ്യം കടന്നു. സ്കോര്‍: ഇന്ത്യ-9ന് 264(50 ഓവര്‍)-ലങ്ക- എട്ടിന് 265 ( 49.2).
ഏറെക്കുറെ പുതുമുഖങ്ങള്‍ അടങ്ങിയ ഇന്ത്യന്‍ മധ്യനിര ആദ്യമായി പരീക്ഷിക്കപ്പെട്ട ദിനമായിരുന്നു ഇന്നലെ. പക്ഷേ, മാറ്ററിയിക്കാന്‍ യുവതുര്‍ക്കികള്‍ പരാജയപ്പെട്ടു. ലങ്കന്‍ സ്പിന്നര്‍മാരെ കൈകാര്യം ചെയ്യാന്‍ അവര്‍ക്കായില്ല. അജിന്‍ക്യ രഹാനെയും (22), അമ്പാട്ടി റായിഡുവും (18) ദിനേശ് കാര്‍ത്തിക്കു(4ാമെല്ലാം ബാറ്റ് താഴ്ത്തി മടങ്ങി. സ്റ്റ്യുവര്‍ട്ട് ബിന്നിയും (0) നിരാശയുടെ ആഴമേറ്റിയവരില്പ്പെടുന്നു. ഇന്ത്യയുടെ തുടക്കം തന്നെ മോശമായിരുന്നു. വേഗവും ബൗണ്‍സും കുറഞ്ഞ പിച്ചില്‍ രോഹിത് ശര്‍മ്മയും ശിഖര്‍ധവാനും താളം കണ്ടെത്താന്‍ പാടുപെട്ടു. 13 റണ്‍സെടുത്ത രോഹിത്തിനെ സചിത്ര സേനാനായകെ എല്‍ബിഡബ്ല്യൂവാക്കി. രണ്ടാം വിക്കറ്റില്‍ ധവാനൊപ്പം കോഹ്ലി ചേര്‍ന്നപ്പോള്‍ മാത്രമാണ് ഇന്ത്യ പച്ചപിടിച്ചത്.
ബൗണ്ടറികള്‍ കണ്ടെത്താന്‍ വിഷമിച്ചെങ്കിലും സിംഗിളുകളിലൂടെ ഇരുവരും സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. തിസാര പെരേരയെ സിക്സറിനും ബൗണ്ടറിക്കും ശിക്ഷിച്ച് ഇടയ്ക്ക് കത്തിക്കയറാനും ധവാന് മറന്നില്ല. ഈ സഖ്യം 97 റണ്‍സിലെത്തിയപ്പോള്‍ മെന്‍ഡിസിന്റെ കാരം ബോള്‍ കോഹ്ലിയുടെ കുറ്റിപിഴുതു. ഏഴു ബൗണ്ടറികളും ഒരു സിക്സറും കുറിച്ച ധവാനെ ബൗള്‍ഡാക്കിയതും മെന്‍ഡിസിന്റെ മറ്റൊരു കാരംബോള്‍ തന്നെ. വാലറ്റത്തില്‍ ആര്. അശ്വിനും (18) ചെറുത്തു നിന്നു. അവസാനം മെന്‍ഡിസിനെ രണ്ടു തവണ ഗ്യാലറിയിലെത്തിച്ച മുഹമ്മദ് ഷാമി (14 നോട്ടൗട്ട്) കോഹ്ലിക്കൂട്ടത്തിന്റെ സ്കോറിന് ചെറിയൊരു കുതിപ്പേകി. രവീന്ദ്ര ജഡേജ (22) പുറത്താകാതെ നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: