ആലുവ: ശിവരാത്രിയോടനുബന്ധിച്ച് പെരിയാറിന് കുറുകെ നിര്‍മ്മിച്ച താല്‍ക്കാലിക നടപ്പാലത്തില്‍ യൂസേഴ്സ് ഫീ ഏര്‍പ്പെടുത്താനുള്ള നഗരസഭയുടെ നീക്കം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ പിരിവ് കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തിയത്. പാതിവഴിയില്‍ വച്ച് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ വഴിയില്‍ നിലയുറപ്പിച്ചു. മാര്‍ച്ച് ബിജെപി സംസ്ഥാന കമ്മറ്റി അംഗം അഡ്വ. പി.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സമരക്കാരെ പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്ത് നീക്കിയതിനുശേഷം ഫീസ് പിരിക്കാമെന്നായിരുന്നു കോണ്ട്രാക്ടറുടെയും നഗരസഭയുടെയും ധാരണ. എന്നാല്‍ ധാരണ തെറ്റിച്ചായിരുന്നു ബിജെപി പിരിവ് കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തിയത്. ഇതോടെ പിരിവ് നിര്‍ത്തിവച്ച് പിരിവുകാര് സ്ഥലം വിട്ടു.
നാല്‍പ്പതുലക്ഷം രൂപ സര്‍ക്കാരില്‍നിന്ന് ധനസഹായം ലഭിച്ചിട്ടും യൂസേഴ്സ് ഫീ ഏര്‍പ്പെടുത്താനുള്ള നഗരസഭയുടെ തീരുമാനം ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്യമാണ്. വകമാറ്റി ചെലവഴിക്കാനാകാത്ത പണമാണ് പാലം നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ അനുവദിക്കുന്നത്. ഏഴ് ലക്ഷം രൂപയോളം നീക്കിയിരിപ്പുണ്ട്. എന്നിട്ടും നഗരസഭ അത്യാഗ്രഹം കാണിക്കുകയാണെന്നാണ് ആക്ഷേപം.
ശിവരാത്രി ദിവസമായ വ്യാഴാഴ്ച മുതല്‍ വെള്ളിയാഴ്ച ഉച്ചവരെയാണ് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്. വാവ് ഇന്ന് ഉച്ചവരെ നീണ്ടുനില്‍ക്കുന്നതിനാല്‍ ഇന്നലെ രാത്രിയിലും ഇന്ന് ഉച്ചവരെയും ശിവരാത്രി ബലിതര്‍പ്പണം നടക്കും. ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നുണ്ടെന്ന നഗരസഭയുടെ വാദവും ശരിയല്ലായെന്ന് ഇത് വ്യക്തമാക്കുന്നു. 35ലക്ഷം രൂപയ്ക്ക് ഒരുവിഭാഗം യൂത്ത് കോണ്‍ഗ്രസുകാരുടെ പിന്‍ബലത്തില്‍ കിഴക്കമ്പലം സ്വദേശിയാണ് ടോള്‍ പിരിവ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്.
യാതൊരു കാരണവശാലും പിരിവുകേന്ദ്രം തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ബിജെപി. ചില യുവജനസംഘടനകളും ടോള്‍ പിരിവിനെതിരെ രംഗത്തുണ്ട്. ഇന്നലെ പിരിവ് കേന്ദ്രത്തിലേക്ക് നടന്ന മാര്‍ച്ചിന് ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് എം.എന്‍.ഗോപി, അഡ്വ. പി.ഹരിദാസ്, സെന്തില്‍ കുമാര്‍, എ.സി.സന്തോഷ് കുമാര്‍, കെ.ജി.ഹരിദാസ്, രാജീവ് മുതിരക്കാട്, പി.ആര്.രഘു, ടി.കെ.ഷാജി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: