കളമശ്ശേരി: കളമശേരി സഹകരണ മെഡിക്കല്‍ കോളേജ് ഇന്നു മുതല്‍ ഗവ. മെഡിക്കല്‍ കോളേജായി മാറും. ഒട്ടേറെ ആശങ്കകള്‍ക്ക് നടുവിലാണ് ഗവ. മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാകുന്നത്. സ്ഥലസൗകര്യങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളേജ്. എന്നാല്‍ സര്‍ക്കാരും കേപ്പ് അധികൃതരും കളമശ്ശേരി മെഡി. കോളേജിനോട് ചിറ്റമ്മനയം സ്വീകരിക്കുന്നുവെന്നതാണ് ആക്ഷേപം. ഗ്യാസ്ട്രോ എന്റോളജി ഒഴികെ എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളും ഇവിടെയുണ്ട്. കാന്‍സര്‍ ചികിത്സയ്ക്കും പൊള്ളല്‍ ചികിത്സയ്ക്കും കൊച്ചിന് റിഫൈനറിയുടെ സഹായത്തോടെ തുടക്കമായിരുന്നു. എന്നാല്‍ അഡ്മിനിസ്ട്രേഷന് വിഭാഗം ഏറെ കുത്തഴിഞ്ഞ അവസ്ഥയിലാണ്. അധ്യാപകേതര ജീവനക്കാര്‍ കൂടുതലും കരാര്‍ ജീവനക്കാരാണ്. ആശുപത്രിയിലെ സാങ്കേതിക ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ല.
ആശുപത്രിയിലെ ചില സാങ്കേതിക ഉപകരണങ്ങള്തന്നെ ഉപയോഗശൂന്യമായിരുന്നുവെന്ന പരാതിയുണ്ട്. എന്നാല്‍ കേപ്പിന് ഇതിലൊന്നും ഫലപ്രദമായി ഇടപെടാനോ പരിഹാരം കാണാനോ സാധിച്ചില്ല. കോളേജിനും ആശുപത്രിക്കും ഇത്രയേറെ സൗകര്യങ്ങളുണ്ടായിട്ടും രോഗികളും വിദ്യാര്‍ത്ഥികളും തൃപ്തരല്ല. എന്‍ആര്‍ഐ ക്വാട്ടയിലുമുള്ള അഡ്മിഷനില്‍ മാത്രമാണ് ചില നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും താല്പ്പര്യമുള്ളതെന്നാണ് ആക്ഷേപം.
അതിനിടയില്‍ രോഗികളുടെയും മരുന്നുകളുടെയും കാര്യങ്ങള്‍പോലും ഇവര്‍ ഓര്‍ക്കാറില്ല. എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ജുനൈദ് റഹ്മാന് ചാര്ജെടുത്തതോടുകൂടിയാണ് സ്ഥിതിക്ക് അല്‍പ്പമെങ്കിലും മാറ്റങ്ങള്‍ വന്നത്. കളമശ്ശേരി സഹ. മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായെങ്കിലും കാര്യങ്ങള്‍ക്ക് മാറ്റമൊന്നുമില്ല. ഒട്ടേറെ ആശങ്കകള്‍ക്ക് നടുവിലാണ് ഇന്നുമുതല്‍ ആശുപത്രി കൊച്ചി ഗവ. മെഡിക്കല്‍ കോളേജായി മാറുന്നത്. ഈ അവസരത്തില്‍ അവിടെയുള്ള 350 താല്‍ക്കാലിക ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയുമുണ്ട്. ഗവ. നഴ്സിംഗ് സ്കൂള്‍ സംബന്ധിച്ച് അറിയിപ്പ് വന്നിട്ടില്ല. നഴ്സിംഗ് വിദ്യാര്‍ത്ഥികളും ഇതുമൂലം ആശങ്കയിലാണ്.
ഏലൂര്‍ ഗോപിനാഥ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: