കിഴക്കമ്പലം: ഫെഡറേഷന് കപ്പ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് കിഴക്കമ്പലം ജിമ്മി ജോര്‍ജ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തില്‍ ഇന്നു തുടക്കം. ഉദ്ഘാടന മത്സരത്തില്‍ പുരുഷവിഭാഗത്തിലെ നിലവിലുള്ള ചാമ്പ്യന്മാരായ കേരളം പഞ്ചാബുമായി ഏറ്റുമുട്ടും. വൈകിട്ട് 6.30ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചാമ്പ്യന്‍ഷിപ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 8000 പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറിയുടെയും കോര്‍ട്ടിന്റെയും പണി പൂര്‍ത്തിയായി 12 നിലകളുള്ളതാണ് താല്‍ക്കാലിക ഇരുമ്പ് ഗാലറി. ഉദ്ഘാടനദിവസം സര്‍വീസസ് ഹരിയാന മത്സരമാണ് രണ്ടാമത്തേത്.
പുരുഷ വിഭാഗത്തില്‍ കേരളത്തിന് പുറമെ തമിഴ്നാട്, ഉത്തരാഖണ്ഡ്, സര്‍വീസസ്, പഞ്ചാബ്, രാജസ്ഥാന്, ഹരിയാന, യുപി ടീമുകള്‍ കളിക്കും. വനിതകളില്‍ കേരളത്തിനൊപ്പം റെയില്‍വേസ്, തമിഴ്നാട്, ആന്ധ്ര ടീമുകള്‍ മാറ്റുരയ്ക്കും. ടിക്കറ്റുകളുടെ വില്‍പ്പന ഏറെക്കുറെ പൂര്‍ത്തിയായി. 20 ലക്ഷം രൂപയുടെ ടിക്കറ്റുകള്‍ ഇതിനകം വിറ്റുകഴിഞ്ഞതായി സംഘാടകര്‍ പറഞ്ഞു.
പുരുഷവിഭാഗം ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലും വനിതാവിഭാഗം റൗണ്ട് റോബിന് ലീഗ് ഘടനയിലുമാണ് മത്സരങ്ങള്‍ നടക്കുക. ദേശീയ ടീമിന്റെ തെരഞ്ഞെടുപ്പ് ഫെഡറേഷന് കാപ്പില്നിന്നായിരിക്കും.
പുരുഷ വിഭാഗത്തില്‍ ഏറെ കിരീട സാധ്യതകല്പ്പിക്കപ്പെടുന്നത് കേരളത്തിനാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കാരന് ടോം ജോസഫ് ഇപ്രാവശ്യവും കേരള നിരയിലുണ്ട്. ഇന്ത്യന്‍ താരങ്ങളായ രതീഷും അസീസും രോഹിതും കിരണ്‍ ഫിലിപ്പും ടോം ജോസഫിനൊപ്പം ചേരുമ്പോള്‍ എതിരാളി ആരായാലും ഒന്നു വിയര്‍ക്കുമെന്ന് തീര്‍ച്ച. സ്വന്തം മണ്ണില്‍ നാട്ടുകാരായ കാണികളുടെ മുമ്പില്‍ കേരളം സര്‍വ്വവും മറന്ന് കളിക്കുമെന്നുറപ്പ്.
മലയാളി താരങ്ങള്‍ ബലം നല്കുന്ന സര്വീസസാവും കേരളത്തിന് ഏറെ വെല്ലുവിളി ഉയര്‍ത്തുക. ദേശീയ താരങ്ങളായ ജിഷാദും അന്‍ഷാദും ശരത്തുമാണ് സര്‍വീസസിന്റെ തുറപ്പുചീട്ടുകള്‍. തമിഴ്നാട് ടീമിലുമുണ്ട് ഉഗ്രപാണ്ഡ്യനെയും പ്രദീപിനെയും പോലുള്ള പ്രതാപശാലികള്‍. ആരെയും വീഴ്ത്താനുള്ള ചങ്കൂറ്റം ടീമിന് പകരാന്‍ കെല്‍പ്പുള്ളവരാണ് ഇരുകളിക്കാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: