കൊച്ചി: രാജ്യാന്തര നാടന്‍ കലാമേളയുടെ ഭാഗമായി നടന്ന കളമെഴുത്ത് ശില്പശാല മലയാള സര്‍വകലാശാല പൈതൃകപഠന കേന്ദ്രം മേധാവി ഡോ.കെ.എം.ഭരതന് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രാദേശിക കലാരൂപങ്ങള്‍ നഷ്ടപ്പെടാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ശില്പശാല സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നടക്കുന്ന ആദ്യ അന്തര്‍ദേശീയ ഫോക് ലോര്‍ ശില്പശാലയാണ് ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടില്‍ നടക്കുന്നത്. അയ്യപ്പന്, ഭൈരവന്, മലവാഴി, താന്ത്രികക്കളം തുടങ്ങി പത്തോളം കളങ്ങളാണ് ശില്പശാലയുടെ ഭാഗമായി ഒരുക്കിയത്. പ്രകൃതിദത്തമായ നിറങ്ങളാണ് കളങ്ങള്‍ തീര്‍ക്കാന്‍ ഉപയോഗിക്കുക. കൃത്യമായ കണക്കുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് കളങ്ങള്‍ വരയ്ക്കുക. തെറ്റിയാല്‍ പിന്നെ മാറ്റിവരയ്ക്കാനും പാടില്ല. ജീവിതവും വിശ്വാസവുമായി ഇഴചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ത്തന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തിയാണ് കളങ്ങള്‍ വരയ്ക്കുക. പ്രായോഗികമായി, തലമുറകളിലൂടെ കൈമാറിവരുന്ന ഈ കലാരൂപം ഹൈന്ദവആരാധനയുമായി ബന്ധപ്പെട്ടിരിക്കുന്നു.
പ്രധാനമായും പഞ്ചവര്‍ണങ്ങളാണ് കളം രൂപപ്പെടുത്താന്‍ ഉപയോഗിക്കുന്നത്. വെള്ള നിറത്തിന് അരിപ്പൊടി, മഞ്ഞ നിറത്തിന് മഞ്ഞള്‍പ്പൊടി, കറുപ്പിന് ഉമിക്കരിയുമാണ് ഉപയോഗിക്കുന്നത്. വാകയുടേയും മഞ്ചാടിയുടേയോ ഇല ഉണക്കിപ്പൊടിച്ചാണ് പച്ച നിറം ഉണ്ടാക്കുന്നത്. ചുണ്ണാമ്പും മഞ്ഞളും ചേര്‍ന്നതാണ് ചുവച്ച് നിറം. വിഷ ചികിത്സയ്ക്ക് വാകയില ഉപയോഗിക്കാറുണ്ട് എന്നതുകൊണ്ട് നാഗകളത്തില്‍ വാകയില പൊടിച്ചത് ഉപയോഗിക്കില്ല.
കളമെഴുത്തില്‍ പ്രകീര്‍ത്തിക്കുന്ന ഓരോ മൂര്‍ത്തിയേയും കുറിച്ച് ചില സങ്കല്‍പ്പങ്ങള്‍ ഉണ്ട്. കാക്കകള്‍ക്ക് കടന്നുചെല്ലാന്‍ പറ്റാത്ത 70 മലനിരകള്‍ക്കിടയില്‍ വാഴുന്ന മൂര്‍ത്തിയാണ് മലവാഴി. പറയയുവാക്കളില് ആകൃഷ്ടയായ ഭഗവതി അവരുടെ ഓലക്കുടയുടെ പുറത്ത് കയറി നാട്ടിലെത്തിയെന്നാണ് ഐതീഹ്യം. അതിനാല്‍ ഈ കളം വരയ്ക്കുന്നതിനുള്ള അവകാശം പറയ സമുദായത്തിനാണ്. മനുഷ്യനോട് അടുത്ത് വരുന്നതാണ് ഈ ദൈവ സങ്കല്പം. മുടിയേറ്റിന്റെ ഭാഗമായുള്ള കളം കുറുപ്പന്മാരും താന്ത്രികകളം സവര്‍ണ, അവര്‍ണ വിഭാഗവും നാഗക്കളം പുള്ളുവ സ്ത്രീകളുമാണ് വരയ്ക്കുന്നത്. നാഗ, ഭൈരവ, ശാസ്ത കളങ്ങള്‍ ഒഴിച്ചാല്‍ ബാക്കിയെല്ലാം ഭഗവതിക്കളങ്ങളാണ്. ഭഗവതിക്കളങ്ങള് രൂപപ്പെടുത്തുന്നതിനും ഒരു ചിട്ടയുണ്ട്. ശിരസില്‍ തുടങ്ങി പാദങ്ങളിലെത്തി ഒടുവില്‍ കണ്ണുകള്‍ തെളിയിക്കുന്ന രീതിയാണ് ഇവിടെ അവംലംബിക്കുന്നത്. കളം മായ്ക്കുന്നത് പാദം മുതലാണ്. കവുങ്ങിന് പൂക്കുല ഉപയോഗിച്ച് മാത്രമേ കളം മായ്ക്കാവു.
ഫോക് ലോര്‍ അകാദമി അവാര്‍ഡ് ജേതാവ് ആറ്റൂര്‍ സ്വദേശിനി അംബുജാക്ഷിയാണ് ശില്പശാലയില് അഷ്ടനാഗക്കളം അവതരിപ്പിച്ചത്. പുറ്റും നാഗവും എന്ന സങ്കല്‍പ്പത്തിലാണ് ഈ കളം തീര്‍ത്തിരിക്കുന്നത്. ദീപം കൊളുത്തിയ ശേഷമാണ് കളമെഴുത്ത് തുടങ്ങുന്നത്. കൂടാതെ ഭൈരവന് കളം, അയ്യപ്പന് തിയാട്ട്, ഭദ്രകാളി, എരിഞ്ഞപുരാന്തകന്, മുടിയേറ്റ് കളം, മലവാഴിക്കളം, താന്ത്രികക്കളം തുടങ്ങിയവയും ശില്പശാലയുടെ ഭാഗമായി ചിട്ടവട്ടങ്ങളോടെ ഒരുക്കിയിരുന്നു. കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പും കേരള ഫോക് ലോര്‍ അക്കാദമിയും ജില്ല ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന ഐഫോക്ക്-2014 നാളെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: