തിരുവനന്തപുരം: മിനിരത്ന പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് (എച്ച്എല്‍എല്‍) ഗോവന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗോവ ആന്റിബയോട്ടിക്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിനെ (ജിഎപിഎല്‍) ഏറ്റെടുത്തു. കമ്പനിയുടെ ഓഹരികളില്‍ 74 ശതമാനമാണ് എച്ച്എല്‍എല്‍ സ്വന്തമാക്കിയത്. ഇതോടെ എച്ച്എല്‍എല്ലിന്റെ ഫാര്‍മ വ്യാപാരവിഭാഗം കൂടുതല്‍ കരുത്താര്‍ജ്ജിക്കും.
മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗോവ മന്ത്രിസഭയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇഡിസി ലിമിറ്റഡിന് ജിഎപിഎല്ലിലുള്ള 74 ശതമാനം ഓഹരി എച്ച്എല്‍എല്ലിനു വില്ക്കാന് തീരുമാനിച്ചത്. കരാര്‍ പ്രകാരം എച്ച്എല്‍എല്‍ ഫാര്‍മ വിഭാഗത്തിന്റെ വികസനത്തിനാണ് ഇത് ഉപയോഗിക്കുക. ജിഎപിഎല്ലിന്റെ 205 ജീവനക്കാരേയും നിലനിര്‍ത്തുകയും ചെയ്യും.
രാജ്യത്തെ വളര്‍ന്നുകൊണ്ടിരിക്കുന്ന ഫാര്‍മ മേഖലയില്‍ കൂടുതല്‍ ചുവടുറപ്പിക്കുന്നതിനുള്ള എച്ച്എല്‍എല്ലിന്റെ ശ്രമമാണ് ജിഎപിഎല്ലിന്റെ ഓഹരികളില്‍ മുഖ്യപങ്ക് ഏറ്റെടുത്തതിനു പിന്നിലെന്ന് സിഎംഡി ഡോ. എം.അയ്യപ്പന് പറഞ്ഞു. ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. വിപണിയുടെ ആവശ്യത്തിനനുസരിച്ച് മരുന്ന് ഉല്പാദനം വര്‍ധിപ്പിക്കാന്‍ ശ്രമിച്ചുവരികയാണ്. അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ക്കുള്ള ആരോഗ്യരക്ഷാ ഉല്പന്നങ്ങളിലൂടെ ഇപ്പോള്‍തന്നെ എച്ച്എല്‍എല്‍ ഫാര്‍മ മേഖലയില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. രാജ്യത്തെ 3500 ആശുപത്രികളിലൂടെയും 30000 മെഡിക്കല്‍ പ്രൊഫഷണലുകളിലൂടെയും കമ്പനിക്ക് ശക്തമായ ഒരു വിതരണ ശൃംഖലയുണ്ട്.
ന്യൂദല്‍ഹിയിലും ഹരിയാനയിലും എഐഐഎംഎസിലെ വില്പനശാലകള് വഴി 147 ജനറിക് മരുന്നുകളാണ് ഇവര്‍ നല്‍കുന്നത്. കര്‍ണാടകത്തിലെ ബല്ഗാമില് എച്ച്എല്‍എല്‍ ഒരു ഹോര്‍മോണല്‍ ഫോര്മുലേഷന് പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ആദ്യത്തെ സ്ഥാപനമാണിത്. ബല്‍ഗാമിലും ഇന്‍ഡോറിലും മരുന്ന് ഉല്പാദന കേന്ദ്രങ്ങളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: