വികസിത കേരളം ഇന്ന് പീഡന കേരളമായി മാറിയപ്പോള്‍ വൃദ്ധകളും മധ്യവയ്സകകളും യുവതികളും മാത്രമല്ല ജൂവനൈല്‍ ഹോമിലെ അനാഥരായ കുട്ടികളും ശാരീരിക ലൈംഗിക-മാനസിക പീഡനങ്ങള്‍ക്ക് വിധേയരാകുന്നു. ചേര്‍ത്തല മായിത്തറ സര്‍ക്കാര്‍ ജൂവനൈല്‍ ഹോമില്‍ അനാഥബാലന്റെ കൈ തല്ലിയൊടിച്ച് പഠനം നിഷേധിച്ച അധ്യാപകനെതിരെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി നിസ്സംഗത പാലിക്കുന്നത് പീഡനത്തിന് നിശ്ശബ്ദാനുമതി നല്‍കലാണ്. ജൂവൈനല്‍ ഹോമില്‍ ഇത്തരം സംഭവങ്ങളുണ്ടായാല്‍ ഇരുകക്ഷികള്‍ക്കും നോട്ടീസ് അയച്ച് വിശദീകരണം നേടേണ്ടതാണെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ല.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടിയെ സ്കൂളില്‍ അയയ്ക്കാന്‍ പോലും അധികൃതര്‍ തയ്യാറായില്ല. ചാടിപ്പോകാന്‍ ശ്രമിച്ച കുട്ടിയെ തടഞ്ഞപ്പോള്‍ കുതറിമാറുന്നതിനിടെ കൈ ഉളുക്കുക മാത്രമാണ് ഉണ്ടായതെന്നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അംഗത്തിന്റെ വിശദീകരണം. അനാഥബാലന് പഠനം നിഷേധിച്ച വാര്‍ത്ത ‘ജന്മഭൂമി’ പ്രസിദ്ധീകരിച്ച ശേഷമാണ് ആ വിദ്യാര്‍ത്ഥിക്ക് പഠനം തുടരാന്‍ അനുവാദം ലഭിച്ചത്. അനാഥാലയങ്ങളില്‍ കുട്ടികള്‍ ലൈംഗികമായും പീഡിപ്പിക്കപ്പെടുന്നതായി വാര്‍ത്തകള്‍ വരാറുണ്ട്. പക്ഷേ അതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ടുമെന്റോ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയോ തയ്യാറാകുന്നില്ല. തൃപ്പൂണിത്തുറയിലെ അനാഥാലയത്തില്‍ വാച്ച്മാന്റെ പീഡനത്തിനിരയായ കുട്ടിയെ രക്ഷിച്ച് തിരുവനന്തപുരത്തെ ‘അഭയ’യില്‍ എത്തിച്ചത് മുന്‍പ് വാര്‍ത്തയായിരുന്നു.
ഇന്ന് വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്നവരില്‍ ഗുരുസ്ഥാനീയരായ അധ്യാപകരും ഉള്‍പ്പെടുന്നു എന്നത് ഖേദകരമായ യാഥാര്‍ത്ഥ്യമാണ്. പെരിങ്ങാല വയക്കര പഞ്ചായത്ത് പരിധിയിലെ പെരിന്തട്ട എഎല്‍പി സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനാണ് ശിഷ്യയെ പീഡിപ്പിച്ചതിന് റിമാന്റിലായിരിക്കുന്നത്. ക്ലാസ് സമയങ്ങളില്‍ വിദ്യാര്‍ത്ഥിനികളെ മേശയ്ക്കരികിലേക്ക് വിളിച്ചുവരുത്തി പീഡനത്തിനിരയാക്കുകയായിരുന്നു ഇയാളുടെ പതിവ്. പീഡന വിവരം ഒരു പെണ്‍കുട്ടി മറ്റു കുട്ടികളുമായി പങ്കുവെച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ഇതോടെ ഒരു പെണ്‍കുട്ടിയുടെ രക്ഷിതാവ് സ്കൂളില്‍ ഹെല്‍പ്പ് ലൈനിന്റെ ചുമതലയുള്ള അധ്യാപികയെ വിവരമറിയിച്ചെങ്കിലും അവരും വിവരം പൂഴ്ത്തുകയും പോലീസിനെ അറിയിക്കാതിരിക്കുകയും ചെയ്തപ്പോള്‍ രക്ഷിതാവ് ഡിഇഒയ്ക്ക് നേരിട്ട് പരാതി നല്കിയ ശേഷമാണ് അധ്യാപകന് അറസ്റ്റിലായത്. ഇത് കേരളത്തില്‍ ആദ്യം പുറത്തുവരുന്ന അധ്യാപക പീഡനമല്ല. അധ്യാപകര്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പീഡിപ്പിക്കാറുള്ളതായി വാര്‍ത്തവരാറുണ്ട്. ഇക്കാര്യത്തില്‍ കുഞ്ഞുങ്ങള്‍ നിസ്സഹായരാണ്. ജൂവൈനല്‍ ഹോമില്‍ കൈ തല്ലിയൊടിച്ച് പഠനം നിഷേധിക്കുന്നതിനെതിരെ നടപടി എടുക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി വിസമ്മതിച്ച പോലെ പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം ഒരധ്യാപികയോട് പറഞ്ഞാല്‍ ആരോടും പറയരുത് എന്ന നിര്‍ദ്ദേശമാണ് ലഭിക്കുക.
പയ്യന്നൂരില്‍ എല്‍പി സ്കൂള്‍ വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് അറസ്റ്റിലായ ശേഷം മൂന്നു കുട്ടികളെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. ഏതാനും ദിവസമായി കുട്ടികള്‍ സ്കൂളില്‍ പോകാന്‍ മടിച്ചതാണ് അധ്യാപകരിലും രക്ഷിതാക്കളിലും സംശയം ജനിപ്പിച്ചത്. സംഭവം അറിഞ്ഞിട്ടും പ്രധാനാധ്യാപിക മൗനം പാലിച്ചത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. പീഡനത്തിനിരയായ കുട്ടികള്‍ക്ക് വൈദ്യസഹായം അധ്യാപകര്‍ നല്‍കിയിട്ടില്ലെന്നതും കുട്ടികള്‍ക്ക് നീതി നിഷേധിക്കപ്പെട്ടതായും ബോധ്യപ്പെട്ട് ബാലാവകാശ കമ്മീഷന് കേസെടുത്തു. കമ്മീഷന് സമഗ്രമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ആരോഗ്യവകുപ്പ് പറഞ്ഞു. പെണ്‍കുട്ടികള്‍ക്കെതിരായ പീഡനം തുടരുമ്പോഴും ഇവരെ പരിശോധിക്കാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിക്കുകയാണ് ചെയ്തത്. ഒടുവില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പെണ്‍കുട്ടികളെ കൊണ്ടുപോകേണ്ടിവന്നു. ഇപ്പോള്‍ തെളിവെടുപ്പ് പൂര്‍ത്തിയായി.
പക്ഷേ വിവിധ വകുപ്പുകളില്‍ സംയോജനമില്ലാതെ എങ്ങനെ കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തും എന്നാണ് രക്ഷിതാക്കളുടെ ആശങ്ക. ഇന്ന് പീഡന ഇരകള്‍ക്ക് പ്രായ-ലിംഗ വ്യത്യാസമില്ലാതെ ഇരകള്‍ മാത്രമാകുമ്പോള്‍, അധ്യാപകരും ബന്ധുക്കളും വേട്ടക്കാരായി മാറുമ്പോള്‍ പെണ്‍കുട്ടികള്‍ക്കും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാകുന്ന ആണ്‍കുട്ടികള്‍ക്കും സുരക്ഷിതത്വം ആര് എങ്ങനെ ഉറപ്പുവരുത്തും എന്നത് ചര്‍ച്ചാ വിധേയമാകേണ്ട വിഷയമാണ്. അധ്യാപകരുടെ പീഡനങ്ങള്‍ മൂലം കുട്ടികള്‍ സ്കൂളില്‍ പോകാതായാല്‍, കേരളം കൊട്ടിഘോഷിക്കുന്ന വിദ്യാഭ്യാസ വികസന മാതൃക വികലമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: