ദുബായ്: പാക്കിസ്ഥാന് യുവനിര അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ പ്രവേശിച്ചു. ആദ്യ സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ മൂന്ന് വിക്കറ്റിന് തകര്‍ത്താണ് പാക്കിസ്ഥാന് കലാശക്കളിക്ക് യോഗ്യത നേടിയത്.
ഒരു ഘട്ടത്തില്‍ തോല്‍വിയെ നേരില്‍ക്കണ്ട പാക്കിസ്ഥാന് എട്ടാം വിക്കറ്റില്‍ സഫര്‍ ഗൊഹാറും (37 േനാട്ടൗട്ട്) അമദ് ബട്ടും (26 നോട്ടൗട്ട്) ചേര്‍ന്ന് നേടിയ 63 റണ്‍സാണ് പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ 7 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടിയാണ് വിജയം സ്വന്തമാക്കിയത്.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ക്യാപ്റ്റന്‍ പിഴച്ചു. സ്കോര്‍ബോര്‍ഡില്‍ വെറും ഒരു റണ്‍സ് മാത്രമുള്ളപ്പോള്‍ രണ്ട് ഓപ്പണര്‍മാരും റണ്ണൊന്നുമെടുക്കാതെ മടങ്ങി. പിന്നീട് റയാന് ഹിഗ്ഗിന്‍സും (52), വില്‍ റോഡ്സും (76 നോട്ടൗട്ട്), ബെന്‍ ഡെക്കറ്റ് (22), റോബ് സയര്‍ (18 നോട്ടൗട്ട്), റോബ് ജോണ്‍സ് (17) എന്നിവര്‍ ചേര്‍ന്നാണ് ഇംഗ്ലണ്ട് സ്കോര്‍ 200 കടത്തിവിട്ടത്. പാക്കിസ്ഥാന് വേണ്ടി സിയാ ഉള് ഹഖ്, അമദ് ബട്ട്, കരാമത്ത് അലി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് ഓപ്പണര്‍മാരായ ഇമാം ഉള് ഹഖും സമി അസ്ലമും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നകിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 41 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നീട് ഒന്നിന് 56 എന്ന ഭേദപ്പെട്ട നിലയില്‍ നിന്ന് നാലിന് 57 എന്ന നിലയിലേക്ക് പാക്കിസ്ഥാന് യുവനിര കൂപ്പുകുത്തി. സ്കോര്‍ 57-ല്‍ നില്‍ക്കേ മൂന്ന് വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്.
പിന്നീട് സൗദ് ഷക്കീലും (45), അമീര്‍ ഹംസയും ചേര്‍ന്ന് സ്കോര്‍ 131-ല്‍ എത്തിച്ചു. അമീര്‍ ഹംസ പുറത്തായതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. സ്കോര്‍ 133-ല്‍ എത്തിയപ്പോള്‍ ആറാം വിക്കറ്റും 142-ല്‍ നില്‍ക്കേ ഏഴാം വിക്കറ്റും പാക്കിസ്ഥാന് നഷ്ടമായി. എന്നാല്‍ എട്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സഫര്‍ ഗൊഹാറും അമദ് ബട്ടും ചേര്‍ന്ന് പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: