കൊച്ചി: നഗരസഭകളുടെ വികസന പദ്ധതികള്‍ക്ക് പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നിക്ഷേപകരെ കണ്ടെത്താന്‍ സംസ്ഥാന നഗരകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന പാര്‍ട്ണര്‍ കേരള നഗരവികസന സംഗമത്തിന് ഇന്ന് തുടക്കമാകും. കൊച്ചി ടാജ് ഗേറ്റ് വേ ഹോട്ടലില്‍ നടക്കുന്ന ദ്വിദിന സംഗമത്തിന് കേന്ദ്ര പ്രവാസി കാര്യമന്ത്രി വയലാര്‍ രവി തിരിതെളിയിക്കും. സംസ്ഥാന നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
വിവിധ നഗരസഭകള്‍ ഇതിനോടകം 6500 കോടിയോളം രൂപ മുതല്‍മുടക്ക് വരുന്ന 84 പദ്ധതികള്‍ പരിഗണനക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അഞ്ഞൂറോളം നിക്ഷേപകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിലവിലുള്ള വ്യവസ്ഥകള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമായി പദ്ധതികള്‍ നടപ്പാക്കുന്നതിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
സ്വന്തം നാടിന്റെ വികസനത്തിനും സാമൂഹിക ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്ന വ്യക്തികളെ നഗരവികസനത്തില്‍ പങ്കാളികളാക്കുകയാണ് പാര്‍ട്ണര്‍ കേരളയുടെ ലക്ഷ്യം. പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഈ പദ്ധതികള്‍ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ സമഗ്രവും സുസ്ഥിരവുമായ വികസനത്തിനു വഴിതെളിക്കും. മാലിന്യസംസ്കരണം, മലിനജല നിര്‍മാര്‍ജ്ജനം, മേല്‍പ്പാലങ്ങള്‍, പാലങ്ങള്‍, പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍, ബസ് സ്റ്റേഷനുകള്‍, കംഫര്‍ട്ട് സ്റ്റേഷനുകള്‍, പൊതുചന്തകള്‍, ഷോപ്പിംഗ് കോംപ്ലക്സുകള്‍, കണ്വെന്ഷന് സെന്ററുകള്‍, മള്‍ട്ടിപ്ലക്സ് സിനിമാ തിയേറ്ററുകള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍, പാര്‍ക്കുകള്‍, നഗരസൗന്ദര്യവല്‍ക്കരണം, തെരുവുവിളക്കുകളും ഹോര്‍ഡിംഗുകളും എല്ലാം പദ്ധതികളില്‍ ഉള്‍പ്പെടുമെന്ന് മന്ത്രി പറഞ്ഞു.
പാര്‍ട്ണര്‍ കേരളയുടെ രണ്ടാം ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിക്ഷേപകരുമായി സംവദിക്കും. മന്ത്രിമാരായ മഞ്ഞളാംകുഴി അലി, കെ. ബാബു, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, തിരുവനന്തപുരം മേയര്‍ അഡ്വ. കെ ചന്ദ്രിക എന്നിവരുംപങ്കെടുക്കും. വൈകിട്ട് 4.30 ന് സമാപന സമ്മേളനം ആഭ്യന്തരവകുപ്പു മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. എം.കെ. മുനീര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കൊച്ചി ഡപ്യൂട്ടി മേയര്‍ ബി. ഭദ്ര, നഗരകാര്യ ഡയറക്ടര്‍ ഇ. ദേവദാസന്, റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ ശശിധരന്, പാര്ട്ണര്കേരള കോര്‍ഡിനേറ്റര്‍ കബീര്‍ ബി ഹാരൂണ്‍, കൊച്ചി നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ടി.കെ. അഷ്റഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: