കൊച്ചി: കൊല്ലം നീണ്ട കരയില്‍ രണ്ട് മത്സ്യതൊഴിലാളികളുടെ മരണത്തിനിടയാക്കിയ കടല്‍ക്കൊലക്കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരുടെ കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പിനും കേന്ദ്ര സര്‍ക്കാരില്ലെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി പറഞ്ഞു.
ഇന്ത്യന്‍ നിയമപ്രകാരം കേസ് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. നാവികരുടെ കേസുമായി ബന്ധപ്പെട്ട് ഇന്ത്യ നിലപാടില്‍ അയവ് വരുത്തിയിട്ടില്ല. ഇന്ത്യയിലെ നിയമപ്രകാരം തന്നെ കേസ് മുന്നോട്ട് പോകും. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വിദേശകാര്യമന്ത്രാലയവും കേസ് കൈകാര്യം ചെയ്യുകയാണ് ആന്റണി പറഞ്ഞു.
അടുത്തിടെ നാവികസേനയുടെ മുങ്ങിക്കപ്പലിലുണ്ടായ അപകടങ്ങളെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും ആന്റണി പറഞ്ഞു. അപകടത്തിന്റെ പേരില്‍ ഏതെങ്കിലുമൊരു സൈനിക വിഭാഗത്തെ കുറ്റപ്പെടുത്താനാവില്ല. എല്ലാവരുമായും ചര്‍ച്ചകള്‍ നടത്തി വരികയാണ്. അപകടങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ അത് തടയുന്നതിനുള്ള സുരക്ഷാ നടപടികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും ആന്റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: