കൊച്ചി: മെട്രോ നിര്‍മ്മാണത്തില്‍ വീണ്ടും തടസങ്ങള്‍. തൊഴില്‍ തര്‍ക്കങ്ങളുടെ പേരില്‍ ഒരു വിഭാഗമാണ് പണികള്‍ തടസപ്പെടുത്തുന്നത്. കളമശ്ശേരി കാസ്റ്റിങ് യാര്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ സ്റ്റേഷന് നിര്‍മ്മാണവും തടസ്സപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. തൊഴിലാളികളുടെയും നാട്ടുകാരുടെയും പേര് പറഞ്ഞ് കൈയ്യേറ്റക്കാരാണ് സമരം നടത്തുന്നത് എന്നാണ് ആക്ഷേപം. കളമശ്ശേരിയിലെ മെട്രോ സ്റ്റേഷന് നിര്‍മ്മാണമാണ് ഇന്നലെ മുതല്‍ നിര്‍ത്തി വച്ചിരിക്കുന്നത്.
സ്റ്റേഷന് നിര്‍മ്മാണത്തിനാവശ്യമായ സാധനങ്ങള്‍ കണ്ടെയ്നര്‍ പാര്‍ക്കിങ്ങിനു സമീപം ദേശീയ പാതയുടെ സ്ഥലത്ത് ഇറക്കിയതാണ് പ്രശ്നമായത്. റോഡ് പൊളിയുമെന്നും നാട്ടുകാര്‍ക്ക് ഗതാഗത തടസ്സവും അപകടവും ഉണ്ടാകുമെന്നുമാണ് പരാതിക്കാര്‍ പറയുന്നത്. പിഡബ്ല്യൂഡി യുമായി ഇക്കാര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും നാട്ടുകാര്‍ക്ക് യാതൊരു പ്രശ്നവും സൃഷ്ടിക്കില്ലെന്നുമുള്ള ഡിഎംആര്‍സിയുടെ ഉറപ്പ് സമരക്കാര്‍ പരിഗണിക്കുന്നില്ല. കൂടാതെ പ്രദേശം മുഴുവന്‍ ബാരിക്കേഡ് കെട്ടാതെ ചില സ്ഥലങ്ങളില്‍ മാത്രം ബാരിക്കേഡ് കെട്ടിയാല്‍ മതിയെന്നും അവര്‍ ആവശ്യപ്പെടുന്നു.
ബാരിക്കേഡ് കെട്ടി തിരിച്ച് പണി നടത്തിയാല്‍ മാത്രമെ ഡിഎംആര്‍സി, എല്‍ ആന്റ് ടി ക്ക് പണം നല്‍കൂ എന്നതിനാല്‍ എല്‍ ആന്റ് ടി അധികൃതര്‍ ബാരിക്കേഡ് കെട്ടാതെ പണി തുടങ്ങില്ല. ഇടപ്പള്ളി പോലീസെത്തി പരാതിക്കാരെ പിരിച്ചുവിട്ടെങ്കിലും പിന്നീട് നിങ്ങള്‍ പണി നടത്തുന്നത് കാണട്ടെ എന്ന് ആക്രോശിച്ച് പ്രദേശവാസികള്‍ എത്തുകയും പണി നിര്‍ത്തി വെയ്പിക്കുകയുമായിരുന്നു. ശനിയാഴ്ച വൈകിട്ട് എല്‍ ആന്റ് ടിയും നാട്ടുകാരും തമ്മില്‍ ചര്‍ച്ച നടന്നെങ്കിലും ഫലം കണ്ടില്ല. മുട്ടം യാര്‍ഡിലെ പ്രവര്‍ത്തനവും സമരക്കാര്‍ തടസ്സപ്പെടുത്തി. നിര്‍മ്മാണത്തിനാവശ്യമായ മണ്ണടിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇവിടുത്തെ ജോലികള്‍ നിര്‍ത്തിവച്ചിരിക്കുന്നത്. നേവി അധികൃതരില്‍ നിന്നുള്ള പ്രശ്നങ്ങളാണ് ആദ്യം ഉണ്ടായിരുന്നതെങ്കിലും ഇപ്പോള്‍ നാട്ടുകാരുടെ എതിര്‍പ്പും ഉയരുന്നുണ്ട്.
ക്വാറി സമരവും നിര്‍മ്മാണത്തെ തടസ്സപ്പെടുത്തുന്നുണ്ട്. പ്രശ്നങ്ങള്‍ ഇത്തരത്തില്‍ തുടരുകയാണെങ്കില്‍ മെട്രോയുടെ നിര്‍മ്മാണം പറഞ്ഞ സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുമെന്നാണ് ഡിഎംആര്‍സി യുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്. എച്ച്എംടി കമ്പനിയുടെ കളമശ്ശേരിയിലെ ഭൂമി കയ്യേറിയ പാലക്കാമുകള്‍ ജുമാ മസ്ജിദിന്റെ ഒത്താശയോടെയാണ് എസ്ടിയു, ഐഎന്‍ടിയുസി തുടങ്ങിയ യൂണിയനുകള്‍ ആസുത്രിത തൊഴില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് എന്നാണ് ആരോപണം.
മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് നേരത്തെ തന്നെ എല്‍ ആന്റ് ടി പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഇതുവരെ എടുത്തിട്ടില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും സ്ഥലത്തുണ്ടായിട്ടും പ്രശ്ന പ്രദേശം സന്ദര്‍ശിക്കാനോ ചര്‍ച്ചചെയ്യാനോ മുതിര്‍ന്നിട്ടില്ല എന്നതും പ്രശ്നത്തില്‍ കൂടുതല്‍ ദുരൂഹത സൃഷ്ടിക്കുന്നു എന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മെട്രോയുടെ പ്രവര്‍ത്തനം നടക്കുന്ന മറ്റൊരു സ്ഥലത്തും ഇത്തരം പ്രശ്നങ്ങളില്ലെന്നതും ശ്രദ്ധേയമാണ്. എല്‍ ആന്റ് ടി എഞ്ചിനിയേഴ്സിനെതിരെ കയ്യേറ്റങ്ങളും ഭീഷണിപ്പെടുത്തലുകളും ഉണ്ടാകുന്നതായും പരാതിയുണ്ട്. ഭൂമികയ്യേറ്റക്കാരാണ് സമരത്തിനു പിന്നിലെന്നും മെട്രോനിര്‍മ്മാണം തടസ്സപ്പെടുത്തുകയാണ് സമരക്കാരുടെ യഥാര്‍ത്ഥ ലക്ഷ്യമെന്നും ആക്ഷേപമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: