സേവനം വീട്ടുകാര്‍ക്കുവേണ്ടി ചെയ്യുന്നതില്‍ പ്രശ്നമില്ല. അത്തരമൊരു മനസ്സ് ഉണ്ടാകണം. പക്ഷേ വീട്ടുകാരോട് ഇപ്പോള്‍ തന്നെ നമുക്ക് മമതയുണ്ട്. അതിനാല്‍ അവര്‍ക്കുവേണ്ടി നാം ചെയ്യുന്ന കര്‍മങ്ങള്‍ ഇതുപോലെ ഈശ്വരനില്‍ അര്‍പ്പിച്ചുകൊണ്ടുള്ള സേവനമായിക്കാണുവാന് ഇപ്പോള്‍ പ്രയാസമാണ്.
മറ്റുള്ളവരോടെന്നപോലെ ബന്ധം കൂടാതെ അവരോട് സഹകരിക്കുവാന്‍ തുടക്കത്തില്‍ സാധിക്കില്ല. സ്വന്തം വീടിനോടും വീട്ടുകാരോടും ബന്ധം വരുന്നത് സ്വാഭാവികമാണ്. വളരെ അഭ്യാസം ചെയ്താലേ ഇത് മാറിക്കിട്ടുകയുള്ളൂ. അതിനാണ് സാധകന് തുടക്കത്തില്‍ അതില്‍ നിന്നൊക്കെ വിട്ടുനില്‍ക്കണമെന്ന് പറയുന്നത്. ഈശ്വരനോട് ശരിയായ പ്രേമവും ബന്ധവും വന്നുകഴിഞ്ഞാല്‍ മറ്റ് യാതൊന്നിനോടും ബന്ധം വയ്ക്കാന്‍ കഴിയില്ല.
വിത്ത് പൂര്‍ണമായും മണ്ണിനടിയില്പ്പോയാലേ, അതിന് മുള വരുകയുള്ളൂ. കിളിര്‍ക്കണമെങ്കില്‍ അതിന്റെ തോടുപൊട്ടണം. അതുപോലെ സാധകന് ശരീരബോധം നഷ്ടമാകണം. എന്റെ അച്ഛന്, എന്റെ അമ്മ തുടങ്ങി, ഞാനെന്നും എന്റെതെന്നുമുള്ളതെല്ലാം വിട്ടുമാറി എല്ലാം അവിടുന്നാണെന്നു കാണണം. അങ്ങനെയുള്ള മനസ്സാണ് സാധകനുണ്ടായിരിക്കേണ്ടത്.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: