മഹാശിവരാത്രിയോടനുബന്ധിച്ച് കന്യാകുമാരി ജില്ലയില്‍ നടക്കുന്ന ഭക്തിനിര്‍ഭരമായ ചടങ്ങാണ് ശിവാലയഓട്ടം. പന്ത്രണ്ട് ശിവാലയങ്ങളില്‍ വ്രതനിഷ്ഠയോടെ ഒരു ദിവസം കൊണ്ട് ഓടിയെത്തി ദര്‍ശനം നടത്തി ശിവപ്രീതി നേടുകയാണ് ഈ അനുഷ്ഠാനം. വിഷ്ണുനാമം ജപിച്ച് ശിവക്ഷേത്ര ദര്‍ശനം നടത്തുന്ന ഇന്ത്യയിലെ തന്നെ അപൂര്‍വം ചടങ്ങാണിത്. ‘ഗോവിന്ദാ…. ഗോപാല…’ എന്ന നാമം ഉറക്കെ ജപിച്ചാണ് ഭക്തര്‍ ഓടുന്നത്. കന്യാകുമാരിയിലെ ശിവാലയ ഓട്ടത്തിന്റെ മാതൃകയില്‍ ഓണാട്ടുകരയിലെ (ആലപ്പുഴ ജില്ല) ശിവാലയ തീര്‍ത്ഥാടനം ശ്രദ്ധയാകര്‍ഷിച്ചു വരുന്നു. ഓട്ടത്തിനു പകരം 12 ശിവക്ഷേത്ര ദര്‍ശനമാണ് ഇവിടെ.
മാവേലിക്കര തൃക്കണ്ടിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്നാണ് ദര്‍ശനയാത്ര ആരംഭിക്കുന്നത്. ക്ഷേത്രനടയിലെത്തി അലങ്കരിച്ച രഥത്തിലെ മഹാദേവ വിഗ്രഹത്തിന് ദീപാരാധന നടത്തി തീര്‍ത്ഥയാത്ര ആരംഭിക്കുന്നു. രഥത്തിന് പിന്നാലെ നിരവധി വലുതും ചെറുതുമായ വാഹനങ്ങളിലായി, പ്രാര്‍ത്ഥനാഗീതങ്ങളും മന്ത്രോച്ചാരണങ്ങളും കൊണ്ട് മുഖരിതമായ അന്തരീക്ഷത്തില്‍, മഹാദേവന്റെ സാന്നിദ്ധ്യം തൊട്ടറിഞ്ഞ് തീര്‍ത്ഥാടകര്‍ അടുത്ത ക്ഷേത്രങ്ങളിലേയ്ക്ക് നീങ്ങി അന്നു വൈകുന്നേരം മാന്നാര്‍ തൃക്കുരട്ടി ശിവക്ഷേത്രത്തില്‍ അവസാനിക്കുന്നു.
തൃക്കണ്ടിയൂര്‍
അതിപുരാതനവും പ്രസിദ്ധവുമായ ഈ ക്ഷേത്രം മാവേലിക്കര ഹരിപ്പാട് വീഥിയില്‍ മാവേലിക്കരയ്ക്കും തട്ടാരമ്പലത്തിനും മദ്ധ്യേ കണ്ടിയൂരില്‍ സ്ഥിതി ചെയ്യുന്നു. ദക്ഷിണകാശി എന്ന് പുകഴ്പെറ്റ ഈ ക്ഷേത്രത്തില്‍ കിരാത മൂര്‍ത്തിയായി ശിവനെ പ്രതിഷ്ഠിച്ചത് മാര്‍ക്കണ്ഡേയന്റെ പിതാവായ മൃകണ്ഡു മഹര്‍ഷിയാണെന്നാണ് ഐതിഹ്യം. പാര്വ്വതീശ്വരന്, ശ്രീശങ്കരന്, ശ്രീകണ്ഠന്, വിശ്വനാഥന്, മൃത്യുഞ്ജയന് എന്നീ 5 ഭാവങ്ങളില്‍ 5 ശ്രീകോവിലുകളിലായി ഉപദേവന്മാരെയും പ്രതിഷ്ഠിച്ചിരിക്കുന്നു.
കടവൂര്‍ മഹാദേവക്ഷേത്രം
1500 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രം ഖരപ്രകാശമഹര്‍ഷിയാണ് പ്രതിഷ്ഠിച്ചത്. ക്ഷേത്രത്തിലെ വലിയ ബലിക്കല്ലും, സപ്തമാതാക്കള്‍, ഇന്ദ്രന്, വരുണന് തുടങ്ങിയവരെ പ്രതിനിധീകരിച്ചുള്ള ബലിക്കല്ലുകളും ഒരു മഹാക്ഷേത്രത്തിന്റെ സാക്ഷ്യം തന്നെ.
മുട്ടം മഹാദേവക്ഷേത്രം
മാവേലിക്കര ഹരിപ്പാട് വീഥിക്ക് സമീപത്തുള്ള ഈ ക്ഷേത്രത്തില്‍ സ്വയംഭൂവായ ശിവനും, പാര്‍വ്വതിയും കുടി കൊള്ളുന്നു. വിജ്ഞാനവര്‍ദ്ധനം, വിദ്യാഭ്യാസ വിജയം, ബുദ്ധികൂര്‍മ്മത, ഓര്‍മ്മശക്തി, ധാരണാശക്തി എന്നിവ വര്‍ദ്ധിക്കാന്‍ ശിവരാത്രി ദിനത്തിലെ ഈ മൂന്നാമത്തെ ശിവക്ഷേത്രദര്‍ശനം ഉപകരിക്കുന്നു.
കണ്ണമംഗലം മഹാദേവക്ഷേത്രം
കണ്വമഹര്‍ഷി താമസിച്ചിരുന്ന ദേശമാകയാല്‍ കണ്വമംഗലം എന്നും പിന്നീട് ‘കണ്ണമംഗലം’ എന്നും ഈ സ്ഥലം അറിയപ്പെട്ടു. പ്രതിഷ്ഠ നടത്തിയതും കണ്വമഹര്‍ഷി തന്നെ. രാജപ്രീതി (സര്‍ക്കാരിന്റെ പ്രീതി) ലഭിക്കുന്നതിനും, ഉന്നതസ്ഥാനമാനങ്ങള്‍ നേടുന്നതിനും ഈ നാലാമത്തെ ക്ഷേത്രദര്‍ശനം സഹായകമാകുന്നു.
പത്തിയൂര്‍ കുറ്റിക്കുളങ്ങര മഹാദേവക്ഷേത്രം
ഈ അഞ്ചാമത്തെ ക്ഷേത്രദര്‍ശനത്തിന്റെ ഫലം കുടുംബസുഖമാണ്. ഇഷ്ടവിവാഹം, ജീവിതപങ്കാളിയോടൊത്തുള്ള സംതൃപ്ത ദാമ്പത്യം, ദീര്‍ഘ മാംഗല്യം എന്നിവ സിദ്ധിക്കുന്നതിനും പ്രയോജനപ്പെടുന്നു.
കരുണാമുറ്റം മഹാദേവക്ഷേത്രം
ശിവരാത്രി നാളില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ബാലികമാര്‍ ‘ചമയവിളക്ക്’ എടുക്കുന്ന ചടങ്ങ് ഇവിടെ വളരെ പ്രധാനമാണ്. ഇവിടത്തെ ദര്‍ശനം ഇഷ്ടപുത്രനോ പുത്രിയോ ജനിക്കുന്നതിനും അവരില്‍ നിന്ന് സ്നേഹവും മനഃസുഖവും കൈവരുന്നതിനും സഹായകമെന്നു വിശ്വാസം.
തൃപ്പക്കുടം മഹാദേവശിവക്ഷേത്രം
ഈ ക്ഷേത്രത്തില്‍ ഉപദേവതകള്‍ ഒന്നുമില്ല എന്നതു പ്രത്യേകതയാണ്. ജീവിതത്തിലെ പ്രവര്‍ത്തന മണ്ഡലത്തില്‍ സമഗ്ര വിജയം നേടുന്നതിനും ഉത്തരവാദിത്വങ്ങള്‍ പൂര്‍ണ ഫലപ്രാപ്തിയിലെത്തിക്കാനും ഈ ശിവ ക്ഷേത്ര ദര്‍ശനം അനുഗ്രമാകുന്നു.
പായിപ്പാട് ശിവപാര്‍വ്വതി ക്ഷേത്രം
സ്വന്തം വ്യക്തിത്വത്തിന് പ്രകാശവും, ആകര്‍ഷകത്വവും പെരുമാറ്റത്തിന് വശ്യതയും ഉണ്ടാകുന്നതിനും, കീര്‍ത്തിയും, പ്രശസ്തിയും ഐശ്വര്യവും അഭിനന്ദനവും കൈവരിക്കുന്നതിനും ഈ എട്ടാമത്തെക്ഷേത്രദര്ശനം ഉതകുന്നു.
ചാല-ചെന്നിത്തല മഹാദേവക്ഷേത്രം
എല്ലാ ശത്രുക്കളേയും പരാജയപ്പെടുത്തി സ്വപക്ഷത്തിന് വിജയം നേടിയെടുക്കാനുള്ള ഭാഗ്യം ഈ ഒന്‍പതാമത്തെ ക്ഷേത്ര ദര്‍ശനം കൊണ്ട് ലഭ്യമാകുന്നു.
തൃപ്പെരുന്തുറ മഹാദേവക്ഷേത്രം
ത്രേതായുഗത്തില്‍ ഇവിടുത്തെ പ്രതിഷ്ഠ ഖര മഹര്‍ഷിയാണ് നടത്തിയത്. തൃപ്പെരുന്തുറയപ്പന് ഉഗ്ര മൂര്‍ത്തിയാണ്. ധനവും സമ്പത്തും വര്‍ദ്ധിക്കുന്നതിനും സര്വ്വൈശ്വര്യസിദ്ധിക്കും ഈ പത്താം ശിവക്ഷേത്രദര്‍ശനം ഭാഗ്യമേകുന്നു.
തേവരിക്കല്‍ മഹാദേവക്ഷേത്രം
തൃക്കുരുട്ടി ക്ഷേത്ര നിര്‍മ്മാണത്തിനിടെ ഇവിടെ തങ്ങിയ ക്രോഷ്ഠമുനിയുടെ തേവാര മൂര്‍ത്തിയെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ക്ഷേത്രദര്‍ശന സമയത്ത് മനസ്സിലുള്ള ഏറ്റവും മുഖ്യമായ ഒരു അഭീഷ്ടം നിസ്സംശയം നേടിയെടുക്കാന്‍ സാധിക്കുമെന്നാണ് ഈ പതിനൊന്നാമത്തെ ശിവക്ഷേത്രദര്‍ശനത്തിന്റെ ഫലത്തിലെ വിശ്വാസം.
തൃക്കരട്ടി മഹാദേവക്ഷേത്രം
കിഴക്കോട്ട് ദര്‍ശനമായുള്ള പ്രസിദ്ധിയാര്‍ജ്ജിച്ച ഈ മഹാദേവക്ഷേത്രം പരശുരാമപ്രതിഷ്ഠിതങ്ങളായ 108 ശിവാലയങ്ങളില്‍ ഒന്നാണ്. 12-ാമത്തെ ശിവക്ഷേത്രമായ ഇവിടെ ദര്‍ശനം നടത്തി ആരാധിക്കുന്ന വ്യക്തിക്ക് വാര്‍ദ്ധക്യകാലത്ത് സന്തുഷ്ടിയും, സമാധാനവും മനഃശാന്തിയും അനുഭവിക്കുന്നതിനും രോഗപീഡയാല്‍ ക്ലേശിക്കാതെ മരണപ്പെട്ട് സ്വര്‍ഗ്ഗ പ്രാപ്തിനേടുന്നതിനും ഭാഗ്യമുണ്ടാകുന്നു. ഓണാട്ടുകരയിലെ ശിവാലയതീര്‍ത്ഥാടനം ചിട്ടപ്പെടുത്തിയത് മുന്‍ചീഫ് സെക്രട്ടറി ആര്. രാമചന്ദ്രന്‍നായരാണ്. 2010 ല്‍ ആരംഭിച്ച തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നവരുടെ സംഖ്യ വര്‍ഷം തോറും കൂടിവരികയാണ്.
തയ്യാറാക്കിയത്:
ഡോ. പി. രമാദേവി (പ്രിന്‍സിപ്പാള്‍ ശ്രീ വിദ്യാധിരാജ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: