Categories: Varadyam

വലിയകോയ്മകളുടെ തമ്പുരാന്‍

Published by

(2014 ഫെബ്രുവരി 19 വലിയകോയിത്തമ്പുരാന്റെ 169-ാ‍ം ജന്മദിനമായിരുന്നു)

ചുണ്ടില്‍ സ്വര്‍ണ്ണക്കരണ്ടി യുമായിപ്പിറന്ന സുഖാധികാരങ്ങളുടെ ദന്തഗോപുരത്തില്‍ ഏകതാനമായ ഒരു സൗഭാഗ്യ ജീവിതം നയിച്ച ആളാണ്‌ കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ എന്നായിരുന്നു എന്റെ ഏറെ നാളത്തെ ധാരണ. എന്നാല്‍ ആഴത്തില്‍ പഠിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സമകാലീക സാഹിത്യാകാരന്മാരില്‍ ഏറ്റവും സംഘര്‍ഷാത്മകവും ക്ലേശപൂര്‍ണ്ണവുമായ ജീവിതാനുഭവങ്ങള്‍ നേരിട്ട ആളായിരുന്നു അദ്ദേഹമെന്ന തെളിച്ചം കിട്ടി.

ഇവിടെ കേരള വര്‍മ്മമാരും കോയിത്തമ്പുരാക്കളും പലരുണ്ടെങ്കിലും വലിയകോയിത്തമ്പുരാനായ കേരള വര്‍മ്മ ഒരാളേയുളളു. അത്‌ സാക്ഷാല്‍ കേരള കാളിദാസന്‍ തന്നെ. എന്നാല്‍ ആ വലിയ എന്ന നാമവിശേഷണം അദ്ദേഹത്തിന്‌ ഏത്‌ തരത്തിലാണ്‌ യോജിക്കുന്നതെന്ന്‌ ചിന്തിക്കുമ്പോള്‍ കോയിമയുടെ അഥവാ അധികാരത്തിന്റെ തലത്തിലല്ല എന്ന്‌ കാണാം. അക്കാര്യത്തില്‍ അദ്ദേഹം ചെറിയ കോയിത്തമ്പുരാന്‍ പോലുമല്ലായിരുന്നു. അധികാര സിംഹാസനങ്ങളില്‍ ഇരുന്നില്ല എന്നുമാത്രമല്ല മറിച്ച്‌ അതിന്‌ നേര്‍ വിപരീതമായ കാരാഗ്രഹവാസം അനുഭവിക്കുകയുമുണ്ടായി. പിന്നെവിടെയാണ്‌ അദ്ദേഹം വലിയ കോയിമകള്‍ നേടിയ തമ്പുരാനായത്‌ എന്ന്‌ ചിന്തിക്കുമ്പോള്‍ അത്‌ ഗദ്യ, പദ്യ, വിദ്യാമേഖലകളിലാണ്‌ എന്ന്‌ കാണാം. സാഹിത്യത്തിന്റെ വിഭിന്ന മേഖലകളിലും കേരളീയ വിദ്യാഭ്യാസ മാതൃക ദര്‍ശനത്തിന്റെ മണ്ഡലത്തിലും എന്നര്‍ത്ഥം. രാജ്യഭരണാധികാരികളായിരുന്ന അക്കാലത്തെ മറ്റു തമ്പുരാക്കള്‍ക്കാര്‍ക്കും ഇല്ലാത്ത പ്രഭാവം അദ്ദേഹത്തിന്‌ ഈ മേഖലകളില്‍ ഉണ്ടായിരുന്നു എന്നതുകൂടാതെ ഒരു ചക്രവര്‍ത്തിയുടെ തന്നെ മുഖഗാംഭീര്യവും കര്‍മ്മചൈതന്യവുമെല്ലാം ഈ തമ്പുരാനിലായിരുന്നു ദൃശ്യമായിരുന്നത്‌ എന്നും പറയേണ്ടതുണ്ട്‌. അക്ഷരലോകത്താകട്ടെ അദ്ദേഹം ഗദ്യ, പദ്യങ്ങളുടെ ദ്വൈരാജ്യാധിപനായിരുന്നു എന്നതാണ്‌ സത്യം. എന്നാല്‍ അവയില്‍ ഏതിലാണ്‌ കൂടുതല്‍ പ്രഭാവവാനായിരുന്നതെന്ന്‌ നോക്കുമ്പോഴാണ്‌ ചിന്താക്കുഴപ്പം ഉണ്ടാകുന്നത്‌. ഈ ഭ്രമം ഇത്രത്തോളം ഉയര്‍ത്തുന്ന മറ്റൊരു സാഹിത്യകാരന്‍ മലയാളത്തില്‍ ഇല്ല എന്നതും. കേരളവര്‍മ്മയുടെ അസദൃശ വിശേഷതയാണ്‌. ശ്യാമശുക്ലപക്ഷങ്ങള്‍ മാറിമാറിവന്ന അമൃതകലനായിരുന്നു കേരളവര്‍മ്മ. ചങ്ങനാശേരി ലക്ഷ്മിപുരത്ത്‌ കൊട്ടാരത്തില്‍ വസിക്കുന്ന കാലത്ത്‌ പതിനാലാം വയസിലെ വിവാഹത്തോടെ ജീവിതഭാരങ്ങളും അസ്വാതന്ത്ര്യങ്ങളും അനുഭവപ്പെട്ടുതുടങ്ങി. ദൈനംദിന കാര്യങ്ങള്‍ പോലും കൊട്ടാരം മാന്വല്‍ അനുസരിച്ച്‌ നിര്‍വ്വഹിക്കേണ്ടിവന്നു. യഥാര്‍ത്ഥത്തില്‍ ആദ്യത്തെ തടവ്‌ അവിടെ അനുഭവിക്കേണ്ടി വന്നു എന്ന്‌ പറയാം.

എന്നാല്‍ യുവരാജാവ്‌ വിശാഖം തിരുനാള്‍, ദിവാന്‍ സര്‍.ഡി.മാധവ റാവു തുടങ്ങിയവര്‍ക്കൊപ്പം ജീവിക്കാന്‍ കഴിഞ്ഞതും തദ്വാര ഇംഗ്ലീഷ്‌ ഭാഷയില്‍ പരിജ്ഞാനം നേടാനായതുമൊക്കെ അക്കാലത്തെ സൗഭാഗ്യകണങ്ങളായിരുന്നു. കോയിത്തമ്പുരാന്‍ എന്ന നിലയില്‍ ലഭിച്ചിരുന്ന അലവന്‍സ്‌ തീരെ ചെറുതായതുകൊണ്ട്‌ പുസ്തകം അച്ചടിപ്പിക്കുവാന്‍ ആയില്യം തിരുനാളില്‍ നിന്നും ധനസഹായം ലഭിച്ചതും ഏറെ പ്രോത്സാഹനമായി ഭവിച്ചു. കേരളവര്‍മ്മയില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ടായിരുന്ന മഹാരാജാവ്‌ അദ്ദേഹത്തെ ഇരുപത്തിനാലാം വയസ്സില്‍ തിരുവിതാംകൂര്‍ പാഠപുസ്തക കമ്മറ്റിയില്‍ അംഗമാക്കി. നിലവിലുള്ള പാഠ്യസമ്പ്രദായം പരിഷ്ക്കരിക്കുകയായിരുന്നു ലക്ഷ്യം. സംസ്കൃതം, മലയാളം, ഇംഗ്ലീഷ്‌ എന്നീ ഭാഷകളില്‍ ഒരുപോലെ പാണ്ഡിത്യമുണ്ടായിരുന്നത്‌ അന്ന്‌ കേരളവര്‍മ്മയ്‌ക്ക്‌ മാത്രമായിരുന്നു. അതിനാല്‍ പാഠപുസ്തകങ്ങളുടെ മിക്കവാറും എല്ലാ ഭാഗങ്ങളും അദ്ദേഹം തന്നെ എഴുതി പൂര്‍ത്തിയാക്കേണ്ടിവന്നു.
അണ്ണാജിരായര്‍ അധ്യക്ഷനായ കമ്മറ്റിയുടെ പ്രവര്‍ത്തനം വിലയിരുത്തിയ ആയില്യം തിരുനാള്‍ പ്രസ്തുത കമ്മറ്റിയുടെ അധ്യക്ഷസ്ഥാനം കേരളവര്‍മ്മയ്‌ക്ക്‌ നല്‍കി ഉത്തരവായി. സന്‍മാര്‍ഗ്ഗ പ്രദീപം, മഹാചരിതസംഗ്രഹം, അക്ബര്‍, ലോകത്തിന്റെ ശൈശവാവസ്ഥ, ഇന്‍ഡ്യാ ചരിത്രകഥകള്‍ തുടങ്ങിയ ഗ്രന്ഥപുഷ്പങ്ങള്‍ ആ വസന്തകാലത്തു വിരിഞ്ഞവയാണ്‌.

ഏറെ വര്‍ഷങ്ങള്‍ ഭരണാധികാരിയുടെ ഇഷ്ടതോഴനായി കഴിച്ചുകൂട്ടിയ കേരളവര്‍മ്മയെ പിന്നീട്‌ ചിലര്‍ പണയപ്പെടുത്തി. അതോടെ ആയില്യം തിരുനാളിന്റെ അപ്രീതിക്കുപാത്രമായ അദ്ദേഹം കൊട്ടാരത്തില്‍ നിന്നും ബഹിഷ്കൃതനാകുക മാത്രമല്ല, തടവിലാക്കപ്പെടുകയും ചെയ്തു. അവാസ്തവമായ ചില തെളിവുകളുടെ അടിസ്ഥാനത്തില്‍ 1875ല്‍ കേരളവര്‍മ്മയെ ആലപ്പുഴ കൊട്ടാരത്തില്‍ ഒറ്റയ്‌ക്ക്‌ തടവില്‍ പാര്‍പ്പിച്ചു. ഭാര്യയുമായി വേര്‍പിരിഞ്ഞ്‌ താമസിക്കേണ്ടിവന്നത്‌ അദ്ദേഹത്തിന്‌ ഏറെ ദുഃഖമുളവാക്കി. പിന്നീട്‌ ഹരിപ്പാട്ട്‌ കൊട്ടാരത്തിലേക്ക്‌ മാറ്റിയപ്പോഴും ആ അവസ്ഥതന്നെ തുടര്‍ന്നു. അനപത്യദുഃഖത്തോടൊപ്പം വിരഹവും തടവും അനുഭവപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ശ്രദ്ധ ഭക്തിമാര്‍ഗ്ഗത്തിലേക്ക്‌ തിരിഞ്ഞു. എന്നാല്‍ ഈ അനുഭവങ്ങളുചെ കലങ്ങിമറിയലില്‍ നിന്ന്‌ കുറെ അനശ്വര സാഹിത്യകമലങ്ങള്‍ വിരിഞ്ഞുപൊന്തി എന്നതാണ്‌ കൈരളിയുടെ ഭാഗ്യം. അതിവിശ്രുതമായ മയൂര സന്ദേശം കാവ്യം, ക്ഷമാപണ സഹസ്രം തുടങ്ങിയ കൃതികള്‍ അവയില്‍ പ്രധാനങ്ങളാണ്‌. ഭരണത്തിന്റെ പത്തൊന്‍പത്‌ (19) വര്‍ഷങ്ങള്‍ക്കുശേഷം ആയില്യം തിരുനാള്‍ നാടുനീങ്ങിയതോടെ അദ്ദേഹത്തിന്റെ അനുജനും ഇളയരാജാവുമായ വിശാഖം തിരുനാള്‍ അധികാരത്തിലെത്തിയപ്പോള്‍ ആദ്യം ഒപ്പുവെച്ച കല്‍പ്പന കേരളവര്‍മ്മയെ മോചിപ്പിക്കാനുള്ളതായിരുന്നു. അതോടെ അഞ്ചുവര്‍ഷത്തെ കദനഭരിതമായ തടവില്‍ നിന്നും അദ്ദേഹം മോചിതനായി. അങ്ങനെ ശുക്ലപക്ഷത്തിലേക്ക്‌ കടന്ന ആ പ്രതിഭാചന്ദ്രനില്‍ നിന്നും അഭിജ്ഞാനശാകുന്തളം പരിഭാഷ, വിശാഖവിജയം തുടങ്ങിയ കൃതികിരണങ്ങള്‍ പ്രസരിച്ച്‌ ലോകത്തെ പുളകം കൊള്ളിച്ചു. 1889ല്‍ സംസ്കൃതപാഠശാല ആരംഭിച്ചപ്പോള്‍ അതിന്റെ സാരഥ്യവും കേരളവര്‍മ്മയ്‌ക്ക്‌ ലഭിച്ചു. കണ്ടത്തില്‍ വര്‍ഗ്ഗീസ്‌ മാപ്പിള ഭാഷാപോഷിണി സഭ ആരംഭിച്ചപ്പോള്‍ അതിന്റെ അധ്യക്ഷസ്ഥാനംവും കേരളവര്‍മ്മയ്‌ക്കായി. പിന്നീട്‌ ഭാഷാപോഷിണി മാസിക ആരംഭിച്ചപ്പോഴും അതില്‍ കവിത തെരഞ്ഞെടുക്കാനുള്ള അധികാരവും അദ്ദേഹത്തിന്‌ നല്‍കപ്പെട്ടു. അക്കാലത്താണ്‌ മലയാള സാഹിത്യലോകത്തെ പ്രകമ്പനം കൊള്ളിച്ച പ്രഖ്യാതമായ പ്രാസവാദം ആരംഭിക്കുന്നത്‌.
സ്വപത്നിയുടെ നിര്യാണവും അതിനിടയിലുണ്ടായി എന്നതും സന്താനസൗഭാഗ്യം ഉളവായില്ല എന്നതും അദ്ദേഹത്തിന്റെ വേദനകളായിത്തീര്‍ന്നു. എങ്കിലും അദ്ദേഹം തൃപ്തനായിരുന്നു. ദത്തെടുക്കപ്പെട്ട റീജന്റ്‌ റാണിയുടെ അമ്മ മഹാറാണിയുടെ രക്ഷാകര്‍തൃത്വം ശ്രീമൂലം തിരുനാള്‍ ആയിടയ്‌ക്ക്‌ കേരളവര്‍മ്മയെ ഏല്‍പ്പിച്ചു. ആ ചുമതലയോടൊപ്പം കൈരളി സേവനവും അക്കാലത്ത്‌ ഊര്‍ജ്ജിതമായി. പ്രശസ്തമായ പദ്യപാഠാവലികള്‍ കഥാകൗതുകമഞ്ജരി എന്നിവയുടെ പ്രസിദ്ധീകരണം സാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കല്‍, ശ്രീപത്മനാഭപദപത്മശതകം, സ്തുതി ശതകം എന്നീ സ്തോത്രങ്ങളുടെ രചന എന്നിവയായിരുന്നു അതിനാല്‍ പ്രധാനം. 1914 സെപ്തംബര്‍ 22ന്‌ മാവേലിക്കരയ്‌ക്കും കായംകുളത്തിനുമിടയിലുള്ള കുറ്റിത്തെരുവില്‍ വച്ചുണ്ടായ കാറപകടത്തില്‍ ആ കര്‍മ്മതേജസ്‌ പൊടുന്നനവെ അസ്തമിച്ചപ്പോള്‍ മലയാള സാഹിത്യരംഗമാകെ അകാലതിമിരം ബാധിക്കുകയുണ്ടായി.

ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമാറി വീശിയ ആ മഹത്‌ ജീവിതത്തിന്റെ അസ്തമയശേഷവും ആ അവസ്ഥതന്നെ അദ്ദേഹത്തിന്റെ യശോജീവിതത്തിലും തുടരുന്നു എന്നതാണ്‌ സത്യം. അടുത്തകാലത്ത്‌ മരിച്ച പല സാഹിത്യകാരന്മാര്‍ക്കുപോലും സ്മാരകമുണ്ടാക്കുവാനുത്സാഹിച്ച നാം നിര്യാതനായി നൂറു വര്‍ഷം കഴിഞ്ഞിട്ടും ഈ മഹാപ്രതിഭയക്ക്‌ സമര്‍ഹമായ ഒരു സ്മൃതി കേന്ദ്രം നിര്‍മ്മിക്കുവാന്‍പോലും തയ്യാറായിട്ടില്ല. അദ്ദേഹം സ്വപ്രയത്നത്താല്‍ നിര്‍മ്മിച്ച ഹരിപ്പാട്ട്‌ അനന്തപുരം കൊട്ടാരം പോലും ഇന്ന്‌ ജീര്‍ണ്ണാവസ്ഥയിലെത്തിയിരിക്കുന്നു. സ്ത്രീവിദ്യാഭ്യാസത്തിനായി ഇന്നാട്ടില്‍ ആദ്യം ശബ്ദമുയര്‍ത്തിയ ആ മഹാശയനെ ഇന്നത്തെ സ്ത്രീശാക്തീകരണവാദികള്‍ പോലും ഓര്‍ക്കുന്നില്ല! മലയാള സാഹിത്യത്തിലെ പല പ്രസ്ഥാനങ്ങളുടേയും നായകനായിരുന്ന അദ്ദേഹത്തെ ഇന്ന്‌ ഒരു പ്രസ്ഥാനക്കാര്‍ക്കും വേണ്ടാതായിരിക്കുന്നു. നമ്മുടെ കുട്ടികള്‍ക്കായി ആദ്യമായി പാഠപുസ്തകങ്ങള്‍ ഒരുക്കിയ ഈ ദീര്‍ഘദര്‍ശിയെപ്പറ്റി ഇന്നത്തെ പാഠപുസ്തകങ്ങളിലൊന്നും പഠിക്കാനില്ല! മലയാള ഭാഷയ്‌ക്ക്‌ മദ്രാസ്‌ സര്‍വകലാശാലയില്‍വരെ സ്ഥാനം നേടിയെടുക്കുവാന്‍ പരിശ്രമിച്ച ആ ഭാഷാസ്നേഹിയെ ശ്രേഷ്ഠഭാഷാ ലബ്ധിയില്‍ ആഹ്ലാദമത്തരായ നാം മറന്നേപോയി.

ഏഴഴകുള്ളവനും എല്ലാം തികഞ്ഞവനുമായിരുന്ന ആ ബഹുമുഖ പ്രതിഭയെപ്പറ്റി മഹാകവി വള്ളത്തോള്‍ ഇങ്ങനെ കുറിച്ചു.

അപ്പാണ്ഡിത്യവിശേഷമാവിനയമാഗ്ഗാംഭീര്യമാസ്ഥൈര്യമാ

തൃപ്പാദാശ്രീതവത്സലത്വമികവാ ലോകോപകാരവ്രതം;

അപ്പാരായണയോഗ്യസല്‍ കവനമാദാക്ഷിണ്യമാസ്സൗഹൃദം

പപ്പാര്‍ധീശ ഭവല്‍ഗുണങ്ങളില്‍ മറന്നേക്കാവതേതേതുവാന്‍!

എന്നാല്‍ കടുത്ത കൃതഘ്നരും പ്രജ്ഞാപരാധികളുമായ നാം ആ ഗുണങ്ങളെ എല്ലാം തന്നെ മറന്നു എന്നതാണ്‌ സത്യം. ഇതാണ്‌ കാളിദാസ മഹാകവി പണ്ടുപറഞ്ഞ പൂജ്യ പൂജാവ്യതിക്രമം. സാന്ദര്‍ഭികമായി നമ്മുടെ ഈ കേരള കാളിദാസനെപ്പറ്റി തോന്നിയ ഒരു കൗതുകവസ്തുതകൂടി പറയട്ടെ. മയൂരസന്ദേശ രചനയിലൂടെയാണല്ലോ കേരളവര്‍മ്മയ്‌ക്ക്‌ കേരളകാളിദാസന്‍ എന്ന വിശേഷണം ലഭിച്ചത്‌. എന്നാല്‍ അത്‌ മാത്രമല്ല സാക്ഷാന്‍ കാളിദാസന്റെ വചനശക്തി തന്നെ കേരളവര്‍മ്മയ്‌ക്കും സ്വായത്തമായിരുന്നു എന്നതുകൊണ്ടുകൂടിയാണത്‌ എന്ന്‌ കല്‍പിക്കുന്നതില്‍ തെറ്റില്ല. മഹാകവി കാളിദാസന്‍ ഒരിയ്‌ക്കല്‍ തന്റെ മിത്രമായിരുന്ന ഭോജരാജാവിന്റെ മരണത്തെപ്പറ്റിയുള്ള വ്യാജവാര്‍ത്ത കേട്ടപ്പോള്‍ ദുഃഖപരവശനായി ഒരു ശ്ലോകം തല്‍ക്ഷണം നിര്‍മ്മിച്ചു ചൊല്ലിയപ്പോള്‍ അതിന്റെ അന്ത്യത്തിലെ ഭോജരാജോദിവംഗതഃ എന്ന വാക്യം ശ്രവിച്ച പ്രച്ഛന്നവേഷധാരിയായ സാക്ഷാല്‍ ഭോജരാജന്‍ ഉടന്‍ വീണ്‌ മരിക്കുകയുണ്ടായെന്നും, അപ്പോള്‍ സത്യം തിരിച്ചറിഞ്ഞ കാളിദാസന്‍ ശ്ലോകം തിരുത്തി ചൊല്ലിയപ്പോള്‍ അതിലെ ഭോജരാജോഭുവംഗതഃ എന്ന അന്ത്യവാക്യത്തിനനുസൃതമായി ജീവിച്ച്‌ എഴുന്നേറ്റുവന്നു എന്നൊരു കഥയുണ്ടല്ലോ.

ഇതില്‍ എത്രത്തോളം യാഥാര്‍ത്ഥ്യമുണ്ടെന്ന്‌ നമുക്കറിയില്ല. എന്നാല്‍ കേരളവര്‍മ്മ എന്ന കേരളകാളിദാസന്‍ തന്റെ ബദ്ധശത്രുവായിത്തീര്‍ന്ന ആയില്യം തിരുനാള്‍ മഹാരാജാവിനെപ്പറ്റി കാലനോട്‌ പരാതിപ്പെടുന്ന രീതിയില്‍ യമപ്രണാമശതകം രചിച്ചപ്പോള്‍ വൈകാതെ തന്നെ അതേവര്‍ഷം ആയില്യം തിരുനാള്‍ നാടുനീങ്ങിയത്‌ ഒരു ചരിത്രസത്യമായി നമ്മുടെ മുന്നില്‍ നില്‍ക്കുന്നു. മഹാകവികളുടെ വാക്കുകളെ അര്‍ത്ഥങ്ങള്‍ പിന്‍തുടരുന്നു എന്ന പ്രമാണവാക്യത്തിന്റെ സാധൂകരണമാണിത്‌. വാഗര്‍ത്ഥങ്ങളുടെ സംവ്യക്തതയ്‌ക്കായി ഏറെ നിഷ്ക്കര്‍ഷ പുലര്‍ത്തിയിരുന്നവരാണല്ലോ ഈ രണ്ട്‌ കാളിദാസന്മാരും.

മാങ്കുളം ജി.കെ. നമ്പൂതിരി

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by