തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസ് ഒതുക്കി തീര്‍ക്കാന്‍ സരിതാ എസ് നായര്‍ക്ക് കോടിക്കണക്കിന് രൂപ എവിടെ നിന്നും കിട്ടിയെന്ന് അന്വേഷിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് വി.എസ് ആഭ്യന്തര മന്ത്രിക്ക് കത്തയച്ചു.
അടിയന്തിരമായി അന്വേഷിച്ച് സരിതയുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ചുള്ള നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തണം. തന്റെയോ അമ്മയുടേയോ പക്കല്‍ പണമില്ലെന്ന് സരിത സത്യവാങ്മൂലം നല്‍കിയിരുന്നു. സരിതയുടെ കൈവശം എഴുപതിനായിരം രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നായിരുന്നു സര്‍ക്കാരിന്റെ സത്യവാങ്മൂലമെന്നും വി.എസ് പറഞ്ഞു.
വിവിധ കേസുകളിലായി 12 ലക്ഷത്തോളം രൂപ സരിത ജാമ്യത്തുകയിനത്തില് മാത്രം കെട്ടിവച്ചു. കേസുകള്‍ ഒത്തുതീര്‍ക്കാന്‍ വേറെ തുകയും ചെലവഴിച്ചു. ഇതിനെല്ലാം സരിതയ്ക്ക് പണം ലഭിച്ചത് എവിടെ നിന്നാണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: