ബീജിങ്: തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് അമേരിക്കയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്. ചൈനയിലെ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി വിദേശകാര്യ സഹമന്ത്രി ഷാംഗ് യെസൂയിയാണ് ചൈനയുടെ പ്രതിഷേധം അറിയിച്ചത്. ഇത്തരം കാര്യങ്ങളില്‍ നിന്നും അമേരിക്ക പിന്തിരിയണമെന്ന് ശക്തമായ ഭാഷയില്‍ ചൈന ആവശ്യപ്പെട്ടു.
ടിബറ്റ് ചൈനയുടെ ഭാഗമല്ലെന്നും പ്രത്യേക രാഷ്ട്രമാണെന്നും വാദിക്കുന്ന ബുദ്ധമതക്കാരുടെ ആത്മീയാചാര്യനായ ദലൈലാമയെ പിന്തുണയ്ക്കുന്നവര്‍ തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നവരാണ്. ചൈനയുടെ ആശങ്കകള്‍ അമേരിക്ക കണക്കിലെടുക്കണം. ദലൈലാമയെപ്പോലെയുള്ള വിഭജനവാദികള്‍ക്ക് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കണമെന്നും ചൈന ആവശ്യപ്പട്ടു.
ഒബാമ-ദലൈലാമ കൂടിക്കാഴ്ചയിലൂടെ ചൈനീസ്-യു.എസ് ബന്ധങ്ങള്‍ അമേരിക്ക വഷളാക്കിയിരിക്കുകയാണ്. കൂടിക്കാഴ്ചയില്‍ ചൈനയിലെ ടിബറ്റന്‍ ജനതയുടെ സംരക്ഷണത്തിന് ഒബാമ ശക്തമായ പിന്തുണ വാഗ്ധാനം ചെയ്തു. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലെ മാപ് റൂമില്‍ വച്ചാണ് ഇരുവരും ചര്‍ച്ച നടത്തിയത്. സാധാരണ ഓവല്‍ ഓഫീസില്‍ വച്ചാണ് വിദേശ നേതാക്കളുമായും വിശിഷ്ഠ വ്യക്തികളുമായും ഒബാമ ചര്‍ച്ച നടത്താറുള്ളത്.
അന്താരാഷ്ട്ര തലത്തില്‍ ആദരിക്കപ്പെടുന്ന മത-സാംസ്കാരിക നേതാവെന്ന നിലയിലാണ് ദലൈലാമയുമായി പ്രസിഡന്റ് ഒബാമ ചര്‍ച്ച നടത്തിയതെന്ന് യു.എസ് ദേശീയ സുരക്ഷാ സമിതി ട്വിറ്ററിലൂടെ അറിയിച്ചു. നേരത്തെ 2010ലും 11ലും ഒബാമ ലാമയുമായി ചര്‍ച്ച നടത്തിയിരുന്നു. അന്നും ചൈന പ്രതിഷേധിച്ചെങ്കിലും അമേരിക്ക വകവച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: