കൊച്ചി: തുറമുഖത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുന്നു. 26 മുതല്‍ നിരാഹാരസത്യഗ്രഹത്തിന് തുടക്കമാകും.
രണ്ടാംഘട്ട സമരമെന്ന നിലയില്‍ പോര്‍ട്ട് ആസ്ഥാനത്തിന് മുമ്പില്‍ തൊഴിലാളികളുടെ അനിശ്ചിതകാല റിലേ സത്യഗ്രഹസമരമാണ് ഇപ്പോള്‍ നടന്നുവരുന്നത്. വിവിധ മേഖലകളില്‍നിന്ന് വന്‍തോതില്‍ അഭിവാദ്യപ്രകടനങ്ങള്‍ എല്ലാ ദിവസവും നടക്കുന്നുണ്ട്. സമരം മൂന്നാംഘട്ടത്തിലേക്ക് കടന്നതിന്റെ ഭാഗമായിട്ടാണ് അനിശ്ചിതകാല റിലേ നിരാഹാരസത്യഗ്രഹം ആരംഭിക്കുന്നത്. അതിന് സമാന്തരമായി ഉച്ചയ്ക്കുശേഷം വിവിധ സെക്ഷനുകളുടെ ആഭിമുഖ്യത്തില്‍ സമാന്തര സത്യഗ്രഹ പരിപാടിയും അന്നുമുതല്‍ തുടങ്ങും. സമരം കൂടുതല്‍ ജനകീയവും ശക്തവുമാക്കുന്നതിന്റെ ഭാഗമായി തോപ്പുംപടിയില്‍ അനിശ്ചിതകാലസമരം ആരംഭിക്കും.
26ന് കൊച്ചി തുറമുഖം ഉപയോഗിക്കുന്ന മുഴുവന്‍ സംഘടനകളുടെയും യോഗം വിളിച്ച് ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കും. ഐലന്റ്, പള്ളുരുത്തി, ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ മേഖലകളില്‍ രൂപം കൊടുത്തിട്ടുള്ള മേഖലാ സംഘാടക സമിതികളുടെയും സംയുക്തയോഗം 26ന് വൈകിട്ട് 6ന് തോപ്പുംപടിയില്‍ സി.ഇ.സേവ്യര്‍ ഹാളില്‍ ചേര്‍ന്ന് വിപുലമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കാനും ജോയിന്റ് ട്രേഡ് യൂണിയന് ഫോറം തീരുമാനമെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: