തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം സര്‍ക്കാര്‍ സിബിഐക്ക് വിട്ടു. ഇതുസംബന്ധിച്ച വിജ്ഞാപനം ഇന്നലെ പുറത്തിറങ്ങി. ടിപിയുടെ ഭാര്യ കെ.കെ.രമ എടച്ചേരി പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതി അന്വേഷിച്ച പൊലീസ് സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു തീരുമാനമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പോലീസ് റിപ്പോര്‍ട്ടിനൊപ്പം പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ അഭിപ്രായവും കൂടി പരിഗണിച്ചതായും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ടിപിയെ വധിക്കാനുള്ള ഗൂഢാലോചനയില്‍ ഉന്നത ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലേക്കും കൃത്യം നിര്‍വ്വഹിക്കാനായി ചെലവഴിച്ച വലിയ തോതിലുള്ള സാമ്പത്തിന്റെ ഉറവിടത്തിലേക്കും അന്വേഷണം പോകേണ്ടതുണ്ട്. അതിനാല്‍ മറ്റേതെങ്കിലും ഏജന്‍സിയെ കൊണ്ട് കേരളത്തിനകത്തും പുറത്തും അന്വേഷണം നടത്തണമെന്നാണ് പോലീസ് സംഘത്തിന്റെ ശുപാര്‍ശ.
കൊലപാതക സംഘവും സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതിയായ ഫയാസും തമ്മിലുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളും ഉള്‍പ്പെടെ കേസ് സിബിഐയ്ക്ക് വിടാനുള്ള കാരണങ്ങള്‍ മന്ത്രി വിശദീകരിച്ചു. കൊലപാതകത്തിനുശേഷം ചില പ്രതികള്‍ക്ക് ഗോവ, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ ഒളിവില്‍ പോകാന്‍ ബൊലേറോ വാഹനമടക്കമുള്ള സൗകര്യങ്ങള്‍ സിപിഎം ഏര്‍പ്പെടുത്തിയതായി കരുതാവുന്നതാണെന്ന് അന്വേഷണ സംഘം പറയുന്നു.
ജയിലിനുള്ളില്‍ നിന്നുള്ള ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ ഏറെ വിവാദം സൃഷ്ടിച്ചിട്ടുള്ളതാണ്. നിരവധി ആക്ഷേപങ്ങളും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുണ്ട്. അതിനാല്‍ മറ്റൊരു അന്വേഷണ ഏജന്‍സിയെ കൊണ്ട് അന്വേഷിക്കണമെന്നാണ് പോലീസിന്റെ ആവശ്യം. കൊലപാതകം അന്വേഷിച്ച ക്രൈംബ്രാഞ്ച് സിഐഡി ഒരുപാടു സാമ്പത്തിക ഇടപടു നടന്നതായി വിലയിരുത്തിട്ടുണ്ട്. എന്നാല്‍, സാമ്പത്തിക സ്രോതസ് വെളിവായിട്ടില്ല. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടു ഫയസിന്റെ പങ്ക് അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവാവിന്റെ അഭിപ്രായവും ഇവിടെ ശ്രദ്ധേയമാണ്. ആയതിനാല്‍ മറ്റൊരു ഏജന്‍സിയെ അന്വേഷണ ചുമതല ഏല്പിക്കുന്നതു ഉചിതമായിരിക്കുമെന്നും സംഘം ശുപാര്‍ശ ചെയ്യുന്നതായി ആഭ്യന്തരമന്ത്രി പറഞ്ഞു.
സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാര്‍ശയോടെ ബുധനാഴ്ചയാണു റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രിക്കു ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് ഇന്നലെ സിബിഐയ്ക്ക് വിടാന്‍ തീരുമാനിക്കുകയായിരുന്നു. അന്വേഷണം സിബിഐക്ക് വിടുന്നതുമായി ബന്ധപ്പെട്ട അഡ്വക്കേറ്റ് ജനറലിന്റെയും ഡയറക്റ്റര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെയും നിയമപോദേശം ലഭിച്ചിരുന്നതായും ചെന്നിത്തല അറിയിച്ചു. നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമാണു സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: