കോട്ടയം: ബിഎംഎസ് ദേശീയ സമ്മേളനത്തിന്റെ പേരില്‍ വ്യാജരസീത് അടിച്ച് പിരിവ് നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ ചൂരക്കോട് ശ്രീനിലയം വീട്ടില്‍ സുരേഷ് (45)നെയാണ് കഴിഞ്ഞദിവസം കോട്ടയത്തെ ജോസ്കോ ജൂവലറിയില്‍ പിരിവ് നടത്തുന്നതിനിടെ വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്.
ജയ്പൂരില്‍ 21, 22, 23 തീയതികളില്‍ നടക്കുന്ന പതിനേഴാം ദേശീയ സമ്മേളനത്തിന്റെ നോട്ടീസ്, വ്യാജരസീത് എന്നിവ ഇയാളുടെ കയ്യില്‍നിന്നും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് ഇയാള്‍ ജോസ്കോ ജൂവലറിയില്‍ എത്തി പിരിവ് ആവശ്യപ്പെട്ടു. സംശയം തോന്നിയ ജൂവലറി ജീവനക്കാര്‍ ബിഎംഎസ് ഓഫീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ബിഎംഎസ് കോട്ടയം മേഖലാസെക്രട്ടറി മനോജും പ്രവര്‍ത്തകരും എത്തുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. മേഖലാ സെക്രട്ടറി മനോജിന്റെ പരാതിയില്‍ 410, 420 വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. ഇയാള്‍ മൂന്നുദിവസം മുമ്പ് പിരിവിനായി ജോസ്കോ ജൂവലറിയിലെത്തിയിരുന്നു. മറ്റു ജില്ലകളില്‍ നിന്നും ഇയാള്‍ പിരിവ് നടത്തിയതായും പോലീസ് പറഞ്ഞു. നേരത്തെ ഇയാള്‍ അടൂര്‍ താലൂക്കിലെ ഒരു ആശ്രമത്തിന്റെ പേരിലും സംഘപരിവാര്‍ സംഘടനകളുടെ പേരിലും തട്ടിപ്പ് നടത്തിയിരുന്നു. തടിപ്പണിക്കാരനായ ഇയാള്‍ക്ക് അടൂരില്‍ ഒരു യോഗപരിശീലന സ്ഥാപനവും ഉണ്ട്. ഇതിന്റെ പേരിലും തട്ടിപ്പും നടക്കുന്നതായും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: