വിശേഷബുദ്ധികൊണ്ട് അനുഗ്രഹിക്കപ്പെട്ടവര്‍ എന്ന് മനുഷ്യന് വീമ്പിളക്കാറുണ്ടെങ്കിലും ധര്മാധര്മവിവേചനത്തില് ഏറ്റവും കൂടുതല്‍ പിഴവ് പറ്റുന്നത് മനുഷ്യര്‍ക്കാണ്. തന്നില്അന്തര്യാമിയായി കുടികൊണ്ട് ‘ഇത് ധര്‍മം’, ‘ഇതധര്മം’ എന്നു വേര്‍തിരിച്ച് ഉപദേശിക്കുന്ന ഭഗവാനെ തന്റെ അഹന്തകൊണ്ട് അവഗണിക്കുന്നതാണ് മനുഷ്യന്റെ പരാജയത്തിന് കാരണം.
220. ധര്മമൂര്ത്തിഃ – ധര്‍മം മൂര്‍ത്തീഭവിച്ചവന്‍.
ധര്‍മം എന്തെന്ന് ലോകത്തിന് ബോധ്യമാകാന്‍ വേണ്ടി ഭഗവാന് സ്വീകരിച്ച അവതാരമാണ് ശ്രീരാമന്. ധര്മത്തില് നിന്നും വ്യതിചലിക്കാതിരിക്കാന്‍ വേണ്ടി അനേകം ക്ലേശങ്ങള്‍ അദ്ദേഹം അനുഭവിച്ചു. അഭിഷേകവിഘ്നം, ദീര്‍ഘമായ കാനനവാസം, സീതാവിരഹം, രാജാവായിക്കഴിഞ്ഞ് ഗര്‍ഭിണിയായ ഭാര്യയെ ഉപേക്ഷിക്കല്‍, ജീവിതകാലം മുഴുവന്‍ പ്രാണനായിരുന്ന അനുജനെ ഉപേക്ഷിക്കല്‍ എന്നിങ്ങനെ എത്ര സംഭവങ്ങള്‍. ഒരു ഘട്ടത്തിലും രാമന് ധര്മത്തില് നിന്ന് വ്യതിചലിച്ചില്ല.
221. സത്യസന്ധഃ – സത്യത്തില്‍ ഉറച്ചുനില്ക്കുന്നവന്.
സത്യത്തില്‍ ഉറച്ചുനില്ക്കുക എന്നത് ധര്‍മനിഷ്ഠയുടെ ആധാരശിലയാണ്. ആശയതലത്തില്‍ മാത്രമല്ല അക്ഷരാര്‍ഥത്തിലും ശ്രീരാമന് സത്യനിഷ്ഠ പാലിച്ചിരുന്നു. കാനനവാസക്കാലത്ത് തന്നെ സ്വീകരിച്ച് സത്കരിക്കാന്‍ ആഗ്രഹിച്ച ഗുഹന്റെയും സുഗ്രീവന്റെയും വിഭീഷണന്റെയും അപേക്ഷകളെ സ്നേഹപൂര്‍വ്വം നിരസിച്ചത് ഉദാഹരണം. ഭൂമിയുടെ ഭാരം തീര്ത്തുകൊടുക്കാമെന്ന സത്യം പരിപാലിച്ചത്. ഉദാഹരണമായി പറയേണ്ടതില്ലല്ലോ.
222. പിതൃസത്യപരായണഃ – പിതാവിന്റെ സത്യം നിറവേറണമെന്ന് താത്പര്യമുള്ളവന്‍.
ദശരഥന് കൈകേയിക്ക് കൊടുത്ത രണ്ടു വരങ്ങളുപയോഗിച്ചാണ് കൈകേയി രാമന്റെ അഭിഷേകം മുടക്കിയതും രാമനെ വനവാസത്തിനയച്ചതും. ആ സത്യം ലംഘിക്കാന്‍ ദശരഥന് കഴിഞ്ഞില്ല. എങ്കിലും ത ന്നെ തടങ്കലിലാക്കി രാജ്യഭാരം ഏറ്റെടുക്കാന്‍ ദശരഥന് തന്നെ രാമനോടാവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ പിതാവിനെ അനുസരിക്കാന്‍ കൗസ ല്യാ ദേവിയും രാമനോടാവശ്യപ്പെടുന്നുണ്ട്. പക്ഷേ, പിതാവിന്റെ വാക്കു ലംഘിക്കുകയില്ലെന്ന് രാമന് ഉറച്ച തീരുമാനം സ്വീകരിക്കുകയായിരുന്നു.
ശ്ലോകം : 55
മര്യാദാപുരുഷോത്തംസോ രമണീയഗുണാംബുധിഃ
രോഹിണീഗര്ഭസംപ്രാപ്തോ
ബലരാമോ ബലോദ്ധതഃ
223. മര്യാദാപുരുഷോത്തംസഃ – മര്യാദാപുരുഷന്മാര്ക്ക് ശിരോഭൂഷണമായവന്.
ന്യായത്തിന്റെ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കാത്ത ധര്മിഷ്ഠനെയാണ് മര്യാദാപുരുഷന്‍ എന്ന് പറയുന്നത്. അങ്ങനെയുള്ളവര്‍ക്ക് ശിരോഭൂഷണമായവന് എന്ന് രാമനെ നാമം സ്തു തിക്കുന്നു. എത്ര അസുഖകരമായ അനുഭവങ്ങളുണ്ടായാലും ധര്മത്തില് നിന്ന് വ്യതിചലിക്കാത്ത ധീരനായിരുന്നു രാമന്. നേര്‍ക്കുനേര്‍ നിന്നുള്ള യുദ്ധത്തില്‍ തേരും തേരാളിയും ആയുധങ്ങളും നശിച്ച് അവശനായിത്തീര്‍ന്ന രാവണനെ വധിക്കാതെ, “പോയി വിശ്രമിച്ച് ആയുധങ്ങളുമായി നാളെ വരൂ. അപ്പോള്‍ നമുക്ക് യുദ്ധം തുടരാം” എന്നു പറഞ്ഞ് യാത്രയാക്കിയത് മര്യാദാപുരുഷോത്തമനായതുകൊണ്ടാണ്.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: