പാലാ: നീലൂര്‍ – ഞാവള്ളിക്കുന്ന്- പൊട്ടന്‍പ്ലാക്കല്‍ റോഡുവികസനത്തിന്റെ പേരില്‍ വികലാംഗരും വൃദ്ധരും ഉള്‍പ്പെടുന്ന ആറുകുടുംബങ്ങള്‍ പുനരധിവാസമില്ലാതെ കുടിയിറക്ക് ഭീഷണിയില്‍. 75 വര്‍ഷത്തിലധികമായി താമസിച്ചു വരുന്ന കുടുംബങ്ങളാണ് ആശ്രയമില്ലാതെ കഴിയുന്നത്. തങ്ങള്‍ക്ക് പുനരധിവാസ സൗകര്യമൊരുക്കുണമെന്നാവശ്യപ്പെട്ട് വികലാംഗരുള്പ്പെടുന്ന കുടുംബാംഗങ്ങള്‍ ഇന്നലെ കടനാട് ഗ്രാമപഞ്ചായത്തിനു മുന്നില്‍ സത്യഗ്രഹമനുഷ്ടിച്ചു.
കുടിയൊഴിപ്പിക്കപ്പെടുന്ന ഓരോ കുടുംബത്തിനം ഒരുലക്ഷംരൂപ വീതമാണ് പഞ്ചായത്ത് ധനസഹായമായി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഈ തുക പര്യാപ്തമല്ലെന്നാണ് കുടിയിറക്കപ്പെടുന്നവരുടെ പരാതി. പുതിയസ്ഥലം വാങ്ങാനും വീടുവയ്ക്കാനും മതിയായ തുക അനുവദിക്കണമെന്നാണിവരുടെ ആവശ്യം.
റോഡ് സംരക്ഷണ സമിതിയുടെ പേരില്‍ നല്കിയ പരാതിയില്‍ ഈ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ കോടതിവിധിയുണ്ട്. വിധി നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യമാകുമെന്നാണ് പഞ്ചായത്തിന്റെ വാദം. ഇവര്‍ക്ക് കൂടുതല്‍ തുക അനുവദിക്കാന്‍ സര്‍ക്കാരിന്റെ സഹായം ആവശ്യപ്പെട്ടിരിക്കുകയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: